പേസര്‍മാരായ ജസ്‌പ്രീത് ബുമ്രക്കും പ്രസിദ്ധ് കൃഷ്‌ണയ്‌ക്കും ശേഷം കെ എല്‍ രാഹുലും ഏകദിന ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുത്തിരിക്കുകയാണ്

ബെംഗളൂരു: ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസ വാര്‍ത്ത. പരിക്കിന്‍റെ പിടിയിലായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ ഏഷ്യാ കപ്പില്‍ കളിക്കുമെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലുള്ള കെ എല്‍ രാഹുല്‍ ഏകദിന ടീമില്‍ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായിരിക്കേയാണ് പരിക്കേറ്റ് പുറത്തായത്. കെ എല്‍ രാഹുല്‍ മടങ്ങിവരും എന്നുറപ്പായതോടെ ഏഷ്യാ കപ്പ് ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെ ഉള്‍പ്പെടുത്താനുള്ള സാധ്യത മങ്ങുകയാണ്. 

പേസര്‍മാരായ ജസ്‌പ്രീത് ബുമ്രക്കും പ്രസിദ്ധ് കൃഷ്‌ണയ്‌ക്കും ശേഷം വിക്കറ്റ് കീപ്പറും മധ്യനിര ബാറ്ററുമായ കെ എല്‍ രാഹുലും ഏകദിന ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുത്തിരിക്കുകയാണ്. ബുമ്രയും പ്രസിദ്ധും അയര്‍ലന്‍ഡിനെതിരായ ഓഗസ്റ്റിലെ ട്വന്‍റി 20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും. ഐപിഎല്‍ 2023 സീസണിനിടെ കാലിന് പരിക്കേറ്റ കെ എല്‍ രാഹുലും മടങ്ങിവരവിന് അരികെയാണ് എന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യാ കപ്പിലൂടെയാവും രാഹുലിന്‍റെ തിരിച്ചുവരവ്. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാ കപ്പ്. സെപ്റ്റംബര്‍ 2ന് പാകിസ്ഥാന് എതിരെയാണ് ടീം ഇന്ത്യയുടെ ആദ്യ മത്സരം. മധ്യനിര ബാറ്ററും വിക്കറ്റ് കീപ്പറുമായ രാഹുലിന്‍റെ മടങ്ങിവരവ് ടീമിനെ കൂടുതല്‍ സന്തുലിതമാക്കും. 'രാഹുലിന്‍റെ ഫിറ്റ്‌നസ് പുരോഗതിയില്‍ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെയും ബിസിസിഐയിലേയും മെഡിക്കല്‍ സംഘം സന്തുഷ്‌ടരാണ്. ഏഷ്യാ കപ്പ് ടീം സെലക്ഷന് രാഹുല്‍' ലഭ്യമാണ് എന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.

ഐപിഎല്‍ 2023 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനായി കളിക്കവേയാണ് കെ എല്‍ രാഹുലിന്‍റെ കാലിന് പരിക്കേറ്റത്. ഫീല്‍ഡിംഗിനിടെ കാലിന് പരിക്കേറ്റ താരം പിന്നാലെ മുടന്തി മൈതാനം വിടുകയായിരുന്നു. ഇതിന് ശേഷം മെയ് മാസം ഇംഗ്ലണ്ടില്‍ താരം ശസ്‌ത്രക്രിയക്ക് വിധേയനായി. പിന്നാലെയാണ് ഫിറ്റ്‌നസ്, നെറ്റ്‌സ് പരിശീലനങ്ങള്‍ക്കായി താരത്തോട് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ എത്തിച്ചേരാന്‍ ബിസിസിഐ നിര്‍ദേശിച്ചത്. ഏകദിന ലോകകപ്പില്‍ കെ എല്‍ രാഹുലായിരിക്കും ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ എന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് സഞ‌്ജു സാംസണിന് കനത്ത ഭീഷണിയായി ഇഷാന്‍ കിഷനുണ്ട്. 

Read more: സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ ജാഗ്രതൈ; കെ എല്‍ രാഹുല്‍ ഫുള്‍ ഫിറ്റ്‌നസില്‍, നെറ്റ്‌സില്‍ അടിയോടടി- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം