ബ്രിസ്ബേന്‍ ടെസ്റ്റ് വേദി മാറുമോ?; ഇന്ത്യയായതുകൊണ്ട് ഒന്നും പറയാന്‍ പറ്റില്ലെന്ന് ഓസീസ് നായകന്‍

By Web TeamFirst Published Jan 6, 2021, 5:49 PM IST
Highlights

എതിരാളികള്‍ ഇന്ത്യന്‍ ടീം ആയതുകൊണ്ട് വേദി മാറ്റത്തെക്കുറിച്ച് ഒന്നും പറയാനാവില്ലെന്നായിരുന്നു മൂന്നാം ടെസ്റ്റിന്‍റെ തലേന്ന് മാധ്യമങ്ങളെ കണ്ട ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയ്നിന്‍റെ പ്രതികരണം.

സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റിന് ബ്രിസ്ബേന്‍ വേദിയാവുമോ എന്നതു സംബന്ധിച്ച് ഒട്ടേറെ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനിടെ വിവാദത്തില്‍ പങ്കുചേര്‍ന്ന് ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയ്നും. ബ്രിസ്ബേനിലെ ശക്തമായ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ഇന്ത്യന്‍ ടീം തയാറല്ലെന്നും അതിനാല്‍ വേദി മാറ്റിയില്ലെങ്കില്‍ നാലാം ടെസ്റ്റില്‍ കളിക്കാന്‍ ഇന്ത്യ തയാറായേക്കില്ലന്നും വാര്‍ത്തകളുണ്ടായിരുന്നു.

എതിരാളികള്‍ ഇന്ത്യന്‍ ടീം ആയതുകൊണ്ട് വേദി മാറ്റത്തെക്കുറിച്ച് ഒന്നും പറയാനാവില്ലെന്നായിരുന്നു മൂന്നാം ടെസ്റ്റിന്‍റെ തലേന്ന് മാധ്യമങ്ങളെ കണ്ട ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയ്നിന്‍റെ പ്രതികരണം.ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ശക്തിയാണ് ഇന്ത്യ. അതിനാല്‍ ഇന്ത്യന്‍ ക്യാംപില്‍ നിന്നെന്ന് ഉറവിടമില്ലാത്ത ഒട്ടേറെ വാര്‍ത്തകള്‍ വരുന്നുണ്ട്.  അതില്‍ ചിലത് സത്യമായേക്കാമെന്നും പെയ്ന്‍ പറഞ്ഞു.

ഓസ്ട്രേലിയന്‍ ടീമിനെ സംബന്ധിച്ചിടത്തോളം നാലാം ടെസ്റ്റ് ബ്രിസ്ബേനിലായാലും മുംബൈയിലായാലും പ്രശ്നമില്ല. ഞങ്ങളുടെ ഇപ്പോഴത്തെ ശ്രദ്ധ മുഴുവന്‍ മൂന്നാം ടെസ്റ്റിലാണ്. ഈ ടെസ്റ്റ് കഴിഞ്ഞതിനുശേഷം അടുത്ത ടെസ്റ്റിനെക്കുറിച്ച് ആലോചിക്കാം. അതെവിടെ നടന്നാലും കുഴപ്പമില്ല. അതിപ്പോള്‍ മുംബൈയിലാണെന്ന് പറഞ്ഞാലും ഞങ്ങള്‍ അവിടെ പോയി കളിക്കും.

പരമ്പരയുടെ തുടക്കത്തില്‍ എല്ലാം വളരെ സൗഹാര്‍ദ്ദപരമായിരുന്നു. നീണ്ട ഇടവേളക്കുശേഷം ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതിനാല്‍ ഇരു ടീമും മത്സരങ്ങള്‍ ആസ്വദിച്ചിരുന്നു. ഇരുടീമുകളും പരസ്പരം ബഹുമാനത്തോടെയാണ് കളിക്കുന്നത്. കളിക്കളത്തിന് പുറത്തെ വിവാദങ്ങള്‍ ഞങ്ങളെ ബാധിച്ചിട്ടില്ല. ഇന്ത്യന്‍ താരങ്ങള്‍ മെല്‍ബണില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചോ എന്നത് അവരോട് ചേദിക്കേണ്ട കാര്യമാണെന്നും പെയ്ന്‍ പറഞ്ഞു.

click me!