ഓഗസ്റ്റിലെ അയർലന്‍ഡ് പര്യടനത്തില്‍ ബുമ്ര കളിക്കുമെന്ന് ഇതോടെ ഉറപ്പായി

ബെംഗളൂരു: ഏഷ്യാ കപ്പ് ക്രിക്കറ്റിന് മുമ്പ് ഇന്ത്യന്‍ ആരാധകർക്ക് ആവേശം പകർന്ന് പേസർ ജസ്‍പ്രീത് ബുമ്രയുടെ ബൗളിംഗ് പരിശീലനം. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പൂർണ റണ്ണപ്പോടെ ബുമ്ര പന്തെറിയുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദിവസവും 8 മുതല്‍ 10 ഓവറുകള്‍ വരെ ഇവിടെ ബുമ്ര എറിയുന്നുണ്ട്. ഓഗസ്റ്റിലെ അയർലന്‍ഡ് പര്യടനത്തില്‍ ബുമ്ര കളിക്കുമെന്ന് ഇതോടെ ഉറപ്പായി. എങ്കിലും സീനിയർ ടീമിലേക്കുള്ള മടങ്ങിവരവിന് മുമ്പ് ചില പരിശീലന മത്സരങ്ങള്‍ എന്‍സിഎയില്‍ ബുമ്ര കളിക്കും. 

പരിക്ക് കാരണം ജസ്പ്രീത് ബുമ്രക്ക് ഒരു വർഷത്തോളം സമയമാണ് നഷ്ടമായത്. ഇത് ഇന്ത്യന്‍ ടീമിനേയും പ്രതികൂലമായി ബാധിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലടക്കം ബുമ്രയുടെ അഭാവം പ്രകടമായി. അയർലന്‍ഡ് പര്യടനം വിജയകരമായി പൂർത്തിയാക്കിയാല്‍ പിന്നാലെ വരുന്ന ഏഷ്യ കപ്പും ഏകദിന ലോകകപ്പും താരത്തിന് കളിക്കാം. ഒരു പതിറ്റാണ്ട് നീണ്ട ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യന്‍ ടീമിന് ഏറെ പ്രതീക്ഷ നല്‍കുന്ന രീതിയിലാണ് ബുമ്ര പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തിരിക്കുന്നത്. അയർലന്‍ഡിനെതിരായ മൂന്ന് ടി20കളുടെ പരമ്പരയില്‍ ബുമ്ര കളിക്കുന്ന കാര്യം എന്‍സിഎ അധികൃതരുടെ റിപ്പോർട്ട് അനുസരിച്ച് അജിത് അഗാർക്കർ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കും. കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പിന് മുമ്പ് പരിക്ക് പൂർണമായും മാറാതെ തിടുക്കത്തില്‍ ബുമ്രയെ മടക്കിക്കൊണ്ടുവരാന്‍ ശ്രമിച്ചത് വലിയ തിരിച്ചടിയായിരുന്നു. 

കഴിഞ്ഞ വർഷം സെപ്റ്റംബറിന് ശേഷം പുറംവേദന കാരണം മത്സര ക്രിക്കറ്റ് ജസ്പ്രീത് ബുമ്ര കളിച്ചിരുന്നില്ല. പരിക്ക് ഭേദമാകാതെ വന്നതോടെ ഈ വർഷം മാർച്ചില്‍ ബുമ്രയെ ന്യൂസിലന്‍ഡില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇതിന് ശേഷമാണ് തുടർ ചികില്‍സയ്ക്കും പരിശീലനത്തിനുമായി താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെത്തിയത്. തുടർ ചികില്‍സകള്‍ക്ക് ശേഷം ബുമ്ര കഴിഞ്ഞ മാസം എന്‍സിഎയില്‍ ബൗളിംഗ് ആരംഭിച്ചിരുന്നു. ബുമ്രക്ക് ടി20 ലോകകപ്പും ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഉള്‍പ്പടെ നിരവധി പരമ്പരകളും ഐപിഎല്‍ 2023 സീസണും ഓസീസിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഏറ്റവുമൊടുവില്‍ വിന്‍ഡീസ് പര്യടനവും നഷ്ടമായിരുന്നു.

Scroll to load tweet…

Read more: വരുന്നു തീതുപ്പാന്‍ ബും ബും ബുമ്ര; മടങ്ങിവരവ് തീരുമാനമായി, പ്രഖ്യാപനം മാത്രം ബാക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം