ഇന്ത്യന്‍ ടീമിന് സന്തോഷ വാര്‍ത്ത; രഞ്ജി ട്രോഫി തിരിച്ചുവരവില്‍ വിക്കറ്റുമായി രവീന്ദ്ര ജഡേജ

By Web TeamFirst Published Jan 25, 2023, 7:02 PM IST
Highlights

നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജഡേജ ഒരു രഞ്ജി മത്സരം കളിക്കുന്നത്. 2018ലാണ് ജഡേജ അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്.

ചെന്നൈ: നീണ്ട ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫിയിലേക്കുള്ള തിരിച്ചുവരവില്‍ വിക്കറ്റുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ചെപ്പോക്കില്‍ സൗരാഷ്‌ട്ര ക്യാപ്റ്റനായ ജഡ്ഡു തമിഴ്‌നാടിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ 24 ഓവറില്‍ 48 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് നേടിയത്. തമിഴ്‌നാടിനായി അര്‍ധ സെഞ്ചുറി നേടിയ ബാബാ ഇന്ദ്രജിത്തിന്‍റെ വിക്കറ്റാണ് ജഡേജ സ്വന്തമാക്കിയത്. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഫിറ്റ്‌നസ് തെളിയിക്കാന്‍ രഞ്ജി ട്രോഫി കളിക്കാന്‍ ജഡേജയോട് ഇന്ത്യന്‍ സെലക്‌ടമാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതുപ്രകാരം നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജഡേജ ഒരു രഞ്ജി മത്സരം കളിക്കുന്നത്. 2018ലാണ് ജഡേജ അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്.

പരിക്ക് കാരണം ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രവീന്ദ്ര ജഡേജ മത്സര ക്രിക്കറ്റ് കളിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ കാല്‍മുട്ടിന് പരിക്കേറ്റ ജഡേജക്ക് ടി20 ലോകകപ്പ് അടക്കമുള്ള പ്രധാന ടൂര്‍ണമെന്‍റുകള്‍ നഷ്ടമായിരുന്നു. അടുത്ത മാസം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് കളികള്‍ക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഫിറ്റ്‌നസ് പൂര്‍ണമായും തെളിയിച്ചാല്‍ മാത്രമേ ജഡേജയെ കളിപ്പിക്കുകയുള്ളൂ. രഞ്ജിയില്‍ ദേശീയ സെലക്‌ടര്‍ ശ്രീധരന്‍ ശരത്തിന്‍റെ മുമ്പാകെയാണ് ജഡേജ ചെപ്പോക്കില്‍ വിക്കറ്റ് നേടിയത്. ഇന്നലെ ആദ്യ ദിനത്തെ മത്സര ശേഷം ജഡേജയുമായി ശരത് സംസാരിച്ചിരുന്നു. 

മത്സരത്തില്‍ തമിഴ്‌നാടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 324 റണ്‍സ് പിന്തുടരുന്ന സൗരാഷ്‌‌ട്ര രണ്ടാംദിനം സ്റ്റംപ് എടുക്കുമ്പോള്‍ 35 ഓവറില്‍ 3 വിക്കറ്റിന് 92 റണ്‍സ് എന്ന നിലയിലാണ്. തമിഴ്‌നാടിനേക്കാള്‍ 232 റണ്‍സ് പിന്നിലാണ് ജഡേജയും സംഘവും. ഹാര്‍വിക് ദേശായി(21), ജയ് ഗോഹില്‍(25), ഷെല്‍ഡണ്‍ ജാക്‌സണ്‍(19) എന്നിവരുടെ വിക്കറ്റ് നഷ്‌ടമായപ്പോള്‍ ചിരാഗ് ജാനിയും(56 പന്തില്‍ 14*), ചേതന്‍ സക്കരിയയുമാണ്(15 പന്തില്‍ 8*) ക്രീസില്‍. രവീന്ദ്ര ജഡേജ ബാറ്റിംഗിന് ഇറങ്ങുന്നതേയുള്ളൂ. നേരത്തെ, തമിഴ്‌നാട് 142.4 ഓവറില്‍ 324 റണ്‍സില്‍ പുറത്താവുകയായിരുന്നു. ബാബാ ഇന്ദ്രജിത്തിന്(216 പന്തില്‍ 66) പുറമെ വിജയ് ശങ്കറും(143 പന്തില്‍ 53), ഷാരൂഖ് ഖാനും(70 പന്തില്‍ 50) അര്‍ധ സെഞ്ചുറി നേടി. സായ് സുന്ദരേശനും ബാബാ അപരാജിത്തും 45 റണ്‍സ് വീതമെടുത്ത് പുറത്തായി. 

രഞ്ജി ട്രോഫി: പുതുച്ചേരിക്കെതിരെ കേരളം പതറുന്നു, പ്രതീക്ഷയായി സച്ചിന്‍ ബേബി 

click me!