Asianet News MalayalamAsianet News Malayalam

രഞ്ജി ട്രോഫി: പുതുച്ചേരിക്കെതിരെ കേരളം പതറുന്നു, പ്രതീക്ഷയായി സച്ചിന്‍ ബേബി

പുതുച്ചേരിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കാന്‍ ഏഴ് വിക്കറ്റ് ശേഷിക്കെ കേരളത്തിന് ഇനിയും 261 റണ്‍സ് കൂടി വേണം. 30 റണ്‍സുമായി ക്രീസിലുള്ള സച്ചിന്‍ ബേബിയിലാണ് കേരളത്തിന്‍റെ പ്രതീക്ഷ.

Ranji Trophy: Kerala vs Puducherry 2nd Days play Match report
Author
First Published Jan 25, 2023, 6:31 PM IST

പുതുച്ചേരി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പുതുച്ചേരിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 371 റണ്‍സിന് മറുപടിയായി ബാറ്റിംഗ് തുടങ്ങിയ കേരളം പതറുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെന്ന നിലയിലാണ്. പുതുച്ചേരിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കാന്‍ ഏഴ് വിക്കറ്റ് ശേഷിക്കെ കേരളത്തിന് ഇനിയും 261 റണ്‍സ് കൂടി വേണം. 30 റണ്‍സുമായി ക്രീസിലുള്ള സച്ചിന്‍ ബേബിയിലാണ് കേരളത്തിന്‍റെ പ്രതീക്ഷ. സച്ചിനൊപ്പം 24 റണ്‍സുമായി സല്‍മാന്‍ നിസാറാണ് ക്രീസില്‍. രോഹന്‍ കുന്നുമേല്‍, പി രാഹുല്‍, രോഹന്‍ പ്രേം എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

പുതുച്ചേരിയെ 400 കടക്കാത തടാനായെങ്കിലും കേരളത്തിന്‍റെ തുടക്കം പിഴച്ചു. സ്കോര്‍ 24ല്‍ നില്‍ക്കെ ഓപ്പണര്‍ രോഹന്‍ കുന്നുമേലിനെ(17) അബിന്‍ മാത്യു മടക്കി. അധികം കഴിയാതെ പി രാഹുലും(18) മടങ്ങി. ബാറ്റിംഗ് തകര്‍ച്ച മുന്നില്‍ കണ്ട കേരളത്തെ രോഹന്‍ പ്രേമും സച്ചിന്‍ ബേബിയും ചേര്‍ന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും നിലയുറപ്പിച്ചെന്ന് കരുതിയ രോഹന്‍ പ്രേമിനെ(19) ഉദേശി വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കേരളം പ്രതിരോധത്തിലായി. പിന്നീട് ക്രീസിലെത്തിയ സല്‍മാന്‍ നിസാര്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ സച്ചിന്‍ ബേബിക്കൊപ്പം കേരളത്തെ 100 കടത്തി.

നേരത്തെ നാല് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടര്‍ന്ന പുതുച്ചേരിക്ക് തുടക്കത്തിലെ അരുണ്‍ കാര്‍ത്തിക്കിന്‍റെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീടെത്തിയ ആകാശ് കര്‍ഗാവെ മികച്ച പിന്തുണ നല്‍കിയതോടെ പുതുച്ചേരി സുരക്ഷിതമായ നിലയിലെത്തുകയായിരുന്നു. രണ്ടാം ദിനം തുടക്കത്തിലെ 85 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക്കിനെ ബേസില്‍ തമ്പി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ദോഗ്രക്ക് ഒപ്പം ഒത്തുചേര്‍ന്ന കര്‍ഗാവെ 74 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി പുതച്ചേരിയെ 350 കടത്തി. അര്‍ധസെഞ്ചുറിക്ക് അരികെ കര്‍ഗാവെയെ(48) വീഴ്ത്തി സിജോമോന്‍ ജോസഫാണ് കേരളത്തിന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

ഐസിസി റാങ്കിംഗ്: വിരാട് കോലിയെയും രോഹിത് ശര്‍മയെയും പിന്തള്ളി വന്‍ കുതിപ്പുമായി ശുഭ്മാന്‍ ഗില്‍

വാലറ്റക്കാരായ അങ്കിത് ശര്‍മ(2), കൃഷ്ണ(0), അബിന്‍ മാത്യു(2) എന്നിവരെ എളുപ്പം മടക്കി ജലജ് സക്സേന പുതുച്ചേരിയുടെ തകര്‍ച്ചക്ക് വേഗം കൂട്ടി. പിന്നാലെ സെഞ്ചുറിയുമായി പൊരുതിനിന്ന ദോഗ്ര കൂടി ജലജ് സക്സേനക്ക് മുമ്പില്‍ മുട്ടു മടക്കിയതോടെ പുതുച്ചേരി ഇന്നിംഗ്സ് അവസാനിച്ചു. കേരളത്തിനായി ജലജ് സക്സേന 75 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ബേസില്‍ തമ്പിയും സിജോമോന്‍ ജോസഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ദിനം തുടക്കത്തില്‍ 19-3ലേക്ക് വീണശേഷമാണ് പുതുച്ചേരി തിരിച്ചുവരവ് നടത്തിയത്.

എലൈറ്റ് ഗ്രൂപ്പ് ഡിയില്‍ ആറ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ പോയന്റ് പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം കേരളത്തിന് 20 പോയന്റ് ആണുള്ളത്. ഇത്രയും മത്സരങ്ങളില്‍ 23 പോയന്റുള്ള ജാര്‍ഖണ്ഡ് രണ്ടാമതും 29 പോയന്റുള്ള കര്‍ണാടക ഒന്നാം സ്ഥാനത്തുമാണ്.

Follow Us:
Download App:
  • android
  • ios