
ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബാവൂമയെ വാഴ്ത്തി ക്രിക്കറ്റ് ലോകം. ഓസ്ട്രേലിയക്കെതിരെ ലോര്‍ഡ്‌സില്‍ അവസാനിച്ച മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. 282 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. 27 വര്‍ഷത്തിനിടെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കുന്ന ആദ്യ ഐസിസി കിരീടമാണിത്. 136 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയെ കിരീടത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ തെംബ ബാവൂമയുടെ (66) ഇന്നിംഗ്‌സ് നിര്‍ണായകമായി.
വിജയത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ടീമിന് കിരീടം സമ്മാനിച്ച ബാവൂമയെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ആരാധകര്‍. ബാവൂമയെ ക്യാപ്റ്റനാക്കുന്നതില്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തന്നെ വിയോജിപ്പുകളുണ്ടായിരുന്നു. കറുത്ത വര്‍ഗക്കാര്‍ക്ക് ലഭിച്ച സംവരണം കൊണ്ട് മാത്രമാണ് ബാവൂമയ്ക്ക് ടീമിനെ നയിക്കാന്‍ സാധിച്ചതെന്നുമുള്ള വാദങ്ങള്‍ അക്കാലത്തുണ്ടായിരുന്നു. ഇതിനിടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് താരത്തെ നീക്കുകയും ചെയ്തിരുന്നു. ഇത്തരം മോശം സാഹചര്യങ്ങളില്‍ നിന്നൊക്കെയാണ് ബാവൂമ ദക്ഷിണാഫ്രിക്കയെ കിരീടത്തിലേക്ക് നയിക്കുന്നത്. ഇതിനോടൊക്കെ ബന്ധപ്പെടുത്തിയാണ് ക്രിക്കറ്റ് ആരാധകര്‍ ബാവൂമയെ പ്രകീര്‍ത്തിക്കുന്നത്. ചില പ്രതികരണങ്ങള്‍...
രണ്ടിന് 213 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക നാലാം ദിനം ബാറ്റിംഗിനെത്തിയത്. എന്നാല്‍ വ്യക്തിഗത സ്‌കോറിനോട് ഒരു റണ്‍ മാത്രം കൂട്ടിചേര്‍ത്ത ബാവൂമ നേരത്തെ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാരിക്ക് ക്യാച്ച്. പിന്നാലെ എത്തിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ (8) മിച്ചല്‍ സ്റ്റാര്‍ക്കും മടക്കി. വിജയത്തിനരികെ മാര്‍ക്രം വീണെങ്കിലും ഡേവിഡ് ബെഡിംഗ്ഹാം (21) - കെയ്ല്‍ വെറെയ്‌നെ (4) സഖ്യം ദക്ഷിണാഫ്രിക്കയെവിജയത്തിലേക്ക് നയിച്ചു. 14 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു മാര്‍ക്രമിന്റെ ഇന്നിംഗ്‌സ്. റ്യാന്‍ റിക്കിള്‍ട്ടണ്‍ (6), വിയാന്‍ മള്‍ഡര്‍ (27) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേരത്തെ നഷ്ടമായത്. രണ്ട് വിക്കറ്റുകളും മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു.
നേരത്തെ, ലോര്‍ഡ്‌സില്‍ മൂന്നാം ദിനം ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് 207ന് അവസാനിക്കുകയായിരുന്നു. 58 റണ്‍സുമായി പുറത്താവാതെ നിന്ന മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിനെ ഭേദപ്പെട്ട ലീഡിലേക്ക് നയിച്ചത്. അലക്‌സ് ക്യാരി (43) മികച്ച പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദ നാലും ലുംഗി എന്‍ഗിഡി മൂന്ന് വിക്കറ്റും വീഴ്ത്തി. നേരത്തെ, ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 212 റണ്‍സിനെതിരെ ദക്ഷിണാഫ്രിക്ക 138ന് പുറത്തായിരുന്നു. ആറ് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.