അണ്ടര്‍ 19 ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റ്: ജുറലിന് സെഞ്ചുറി, ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍

By Web TeamFirst Published Jan 9, 2020, 5:28 PM IST
Highlights

അണ്ടര്‍ 19 ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. ഡര്‍ബനില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സാണ് നേടിയത്.

ഡര്‍ബന്‍: അണ്ടര്‍ 19 ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. ഡര്‍ബനില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സാണ് നേടിയത്. ദ്രുവ് ജുറലിന്റെ (115 പന്തില്‍ 101) സെഞ്ചുറിയാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. തിലക് വര്‍മ (70), സിദ്ധേഷ് വീര്‍ (48) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തും. എന്നാല്‍ മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. ജെറാള്‍ഡ് കോട്‌സീ ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. 

തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 13 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. യഷസ്വി ജയ്‌സ്‌വാള്‍ (0), ദിവ്യാന്‍ഷ് സക്‌സേന (6), ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് (2) എന്നിവരാണ് മടങ്ങിയത്. പിന്നീട് തിലക്- ജുറല്‍ സഖ്യത്തിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയത്. ഇരുവരും 164 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എട്ട് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ജുറലിന്റെ ഇന്നിങ്‌സ്. പിന്നാലെ എത്തിയ വീര്‍ വേഗത്തില്‍ റണ്‍സ് നേടി. 37 പന്ത് നേരിട്ട താരം രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെയാണ് 48 റണ്‍സ് നേടിയത്. അഥര്‍വ (7), വിദ്യാദര്‍ പാട്ടില്‍ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രവി ബിഷ്‌നോയ് (3) പുറത്താവാതെ നിന്നു.

അണ്ടര്‍ 19 ലോകകപ്പിന് മുമ്പുള്ള തയ്യാറെടുപ്പ് ടൂര്‍ണമെന്റായിട്ടാണ് ഇന്ത്യ മത്സരങ്ങളെ കാണുന്നത്. ന്യൂസിലന്‍ഡ്, സിംബാബ്‌വെ എന്നിവരാണ് ടൂര്‍ണമെന്റിലെ മറ്റുടീമുകള്‍. ടൂര്‍ണമെന്റില്‍ ഇന്ത്യ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല.

click me!