ഇര്‍ഫാന്‍ പത്താന്റെ വിരമിക്കല്‍; പ്രതികരിച്ച് ഗ്രെഗ് ചാപ്പല്‍

By Web TeamFirst Published Jan 7, 2020, 5:10 PM IST
Highlights

ടീമില്‍ ഏത് റോള്‍ കൊടുത്താലും അത് സന്തോഷത്തോടെ ഏറ്റെടുക്കാന്‍ പത്താന്‍ തയാറായിരുന്നു. ഓള്‍ റൗണ്ടര്‍ പദവിക്ക് താന്‍ തീര്‍ത്തും അര്‍ഹനാണെന്ന് പത്താന്‍ പലകുറി തെളിയിച്ചിട്ടുണ്ട്.

സിഡ്നി: ഇര്‍ഫാന്‍ പത്താന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വാര്‍ത്തയോട് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പല്‍. മികച്ച സ്വിംഗ് ബൗളറായിരുന്ന പത്താനെ ഓള്‍ റൗണ്ടറാക്കി വളര്‍ത്തിയെടുക്കാന്‍ ചാപ്പല്‍ ശ്രമിച്ചതാണ് പത്താന്റെ കരിയര്‍ തകരാന്‍ കാരണമെന്ന വാദങ്ങള്‍ക്കിടെയാണ് ചാപ്പലിന്റെ പ്രതികരണം. ധൈര്യശാലിയും നിസ്വാര്‍ത്ഥനുമായ കളിക്കാരനായിരുന്നു ഇര്‍ഫാന്‍ പത്താനെന്ന് ചാപ്പല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ടീമില്‍ ഏത് റോള്‍ കൊടുത്താലും അത് സന്തോഷത്തോടെ ഏറ്റെടുക്കാന്‍ പത്താന്‍ തയാറായിരുന്നു. ഓള്‍ റൗണ്ടര്‍ പദവിക്ക് താന്‍ തീര്‍ത്തും അര്‍ഹനാണെന്ന് പത്താന്‍ പലകുറി തെളിയിച്ചിട്ടുണ്ട്. ശ്രീലങ്കക്കെതിരെ ടെസ്റ്റില്‍ ഒരു തവണ സെഞ്ചുറിക്ക്(93) അരികെലത്തുകയും ചെയ്തു. ബൗളിംഗിലും പത്താന്‍ മികവ് കാട്ടി. പാക്കിസ്ഥാനെതിരായ ടെസ്റ്റിലെ ഹാട്രിക്കായിരുന്നു പത്താന്റെ കരിയറിലെ ഹൈലൈറ്റെന്നും ചാപ്പല്‍ പറഞ്ഞു.

അതേസമയം, തന്റെ കരിയര്‍ തകരാന്‍ കാരണം ചാപ്പലാണെന്ന വിമര്‍ശനങ്ങള്‍ പത്താന്‍ കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ യഥാര്‍ത്ഥ കാരമം മൂടിവെക്കുകയാണെന്നും പത്താന്‍ ഇന്നലെ പറഞ്ഞിരുന്നു. എന്റെ പ്രകടനത്തെക്കുറിച്ചായിരുന്നു ആളുകള്‍ സംസാരിച്ചിരുന്നത്. എന്നാല്‍ എന്റെ ജോലി വിക്കറ്റെടുകലായിരുന്നില്ല, റണ്‍സ് നിയന്ത്രിക്കുക ആയിരുന്നു. കാരണം ഞാന്‍ ഫസ്റ്റ് ചേഞ്ച് ആയാണ് ബൗള്‍ ചെയ്യാന്‍ എത്തിയിരുന്നത്. 2008ല്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ടീമിനെ ജയിപ്പിച്ചശേഷം ടീമില്‍ നിന്ന് പുറത്തായത് ഇപ്പോഴും ഓര്‍മയുണ്ടെന്നും പത്താന്‍ ഇന്നലെ പറഞ്ഞിരുന്നു.

click me!