റണ്ണപ്പ് എടുത്ത് ബൗളിംഗ് ക്രീസിനടുത്തെത്തി ആക്ഷന്‍ തുടങ്ങിയശേഷം പെട്ടെന്ന് നിശ്ചലനാവുകയും(പോസ് ചെയ്ത്) പിന്നീട് റൗണ്ട് ആം ആക്ഷനിലൂടെ പന്തെറിയുകയും ചെയ്യുന്ന താരിഖിന്‍റെ ശൈലി സൂര്യകുമാർ കൃത്യമായി അനുകരിക്കുകയായിരുന്നു.
കൊളംബോ: പാകിസ്ഥാനെതിരായ നിർണായക പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ആരാധകരെയും താരങ്ങളെയും ഒരുപോലെ അമ്പരപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. പാകിസ്ഥാൻ ടീം ലോകകപ്പിലെ തങ്ങളുടെ തുറുപ്പുചീട്ടായി അവതരിപ്പിക്കുന്ന സ്പിന്നര്‍ ഉസ്മാൻ താരിഖിന്‍റെ വിചിത്രമായ ബൗളിംഗ് ആക്ഷൻ അനുകരിച്ച് നെറ്റ്സില്‍ ബൗള്‍ ചെയ്താണ് സൂര്യകുമാർ ആരാധകരെ ഞെട്ടിച്ചത്.
നേരത്തെ താരിഖിന്‍റെ ബൗളിംഗിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ സൂര്യകുമാർ നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു. പരീക്ഷയ്ക്ക് സിലബസിന് പുറത്തുനിന്നുള്ള ചോദ്യം വന്നാൽ നമ്മൾ അത് ഒഴിവാക്കില്ലല്ലോ, ഉത്തരം കണ്ടെത്താൻ ശ്രമിക്കില്ലേ?, അതുപോലെ തന്നെയാണ് താരിഖിന്‍റെ കാര്യവും. ഞങ്ങൾ അതിന് തയ്യാറെടുത്ത് കഴിഞ്ഞുവെന്നായിരുന്നു സൂര്യയുടെ മറുപടി. ഇതിന് പിന്നാലെയാണ് സൂര്യകുമാര്‍ താരിഖിനെ അനുകരിച്ച് ബൗള്‍ ചെയ്യുന്ന വീഡിയോ ഐസിസി പുറത്തുവിട്ടത്.
റണ്ണപ്പ് എടുത്ത് ബൗളിംഗ് ക്രീസിനടുത്തെത്തി ആക്ഷന്‍ തുടങ്ങിയശേഷം പെട്ടെന്ന് നിശ്ചലനാവുകയും(പോസ് ചെയ്ത്) പിന്നീട് റൗണ്ട് ആം ആക്ഷനിലൂടെ പന്തെറിയുകയും ചെയ്യുന്ന താരിഖിന്‍റെ ശൈലി സൂര്യകുമാർ കൃത്യമായി അനുകരിക്കുകയായിരുന്നു. അസുഖത്തെത്തുടർന്ന് ആശുപത്രിയിലായിരുന്ന യുവതാരം അഭിഷേക് ശർമ്മ പൂർണ്ണ ആരോഗ്യവാനായി പരിശീലനത്തിന് എത്തിയത് ഇന്ത്യക്ക് ആശ്വാസമായിട്ടുണ്ട്. താരിഖിനെ അനുകരിച്ച് സൂര്യകുമാർ യാദവ് എറിഞ്ഞ പന്തുകളില്‍ അഭിഷേക് ദീർഘനേരം ബാറ്റിംഗ് പരിശീലിച്ചത് പാകിസ്ഥാനെതിരെ അഭിഷേക് കളിക്കുമെന്നതിന്‍റെ സൂചനയായി.
പാകിസ്ഥാന്‍റെ സ്പിൻ കരുത്തിനെ നേരിടാൻ കുൽദീപ് യാദവിനെയും വരുൺ ചക്രവർത്തിയെയും നേരിട്ടാണ് അഭിഷേക് ശർമ്മയും സംഘവും ഒരുങ്ങുന്നത്. ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് കൊളംബോയിലാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം.
