ആദ്യം കപില്‍, ഇപ്പോഴിതാ ഗവാസ്കറും; വയസന്‍ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് ബാറ്റിംഗ് ഇതിഹാസം

By Web TeamFirst Published Apr 28, 2020, 8:44 PM IST
Highlights

ക്രിക്കറ്റ് കളിക്കുന്ന കാലത്തും വിരമിച്ചശേഷം കമന്റേറ്ററായി തിളങ്ങുമ്പോഴും ക്ലീന്‍ ഷേവ് ചെയ്ത് എപ്പോഴും സുന്ദരനായി നടക്കുന്ന ഗവാസ്കറുടെ മുഖമായിരിക്കും ആരാധകകരുടെ മനസില്‍. 

മുംബൈ: ലോക്ക്ഡൌണ്‍ കാലം പുതിയ രൂപമാറ്റത്തിനുള്ള ഇടവേളയായി മാറ്റുകയാണ് ക്രിക്കറ്റ് താരങ്ങള്‍. ഭാര്യയെ കൊണ്ട് മുടിവെട്ടിച്ചും സ്വയം മുടിവെട്ടിയുമെല്ലാം കോലിയും സച്ചിനും  റൊണാള്‍ഡോയുമെല്ലാം വാര്‍ത്ത സൃഷ്ടിക്കുമ്പോള്‍ തലമൊട്ടയടിച്ച് താടി വളര്‍ത്തി വിവിയന്‍ റിച്ചാര്‍ഡ്സ് ലുക്കിനെ അനുകരിച്ചാണ് ബൌളിംഗ് ഇതിഹാസം കപില്‍ ദേവ് ആരാധകരെ അമ്പരപ്പിച്ചത്. എന്നാല്‍ ഇവരെയൊക്കെ കടത്തിവെട്ടുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. 

ക്രിക്കറ്റ് കളിക്കുന്ന കാലത്തും വിരമിച്ചശേഷം കമന്റേറ്ററായി തിളങ്ങുമ്പോഴും ക്ലീന്‍ ഷേവ് ചെയ്ത് എപ്പോഴും സുന്ദരനായി നടക്കുന്ന ഗവാസ്കറുടെ മുഖമായിരിക്കും ആരാധകകരുടെ മനസില്‍. എന്നാല്‍ നരച്ച താടി വളര്‍ത്തി തടി കുറച്ച പുതിയ രൂപത്തിലുള്ള ഗവാസ്കറെയാണ് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആരാധകര്‍ കണ്ടത്. ലോക്ക്ഡൌണ്‍ കാലത്ത് താന്‍ അല്‍പം മടിയനായെന്നും അതാണ് മുഖത്തും ശരീരത്തിലുമെല്ലാം കാണുന്നതെന്നുമാണ് ഗവാസ്കര്‍ പറയുന്നത്. 

ഇപ്പോള്‍ രാവിലെ വൈകിയെ എഴുന്നേല്‍ക്കാറുള്ളു. താടി വളരുന്നതൊന്നും അങ്ങനെ ശ്രദ്ധിക്കാറില്ല. വൈകുന്നേരങ്ങളില്‍ ടെറസില്‍ നടക്കും. ഇപ്പോള്‍ എനിക്ക് എന്റെ അരങ്ങേറ്റ ടെസ്റ്റിലെ അതേ ശരീര ഭാരമേയുള്ളു. കാരണം, നിയന്ത്രണങ്ങള്‍ കനത്തതോടെ ഭക്ഷണ കാര്യത്തിലും നിയന്ത്രണങ്ങളായി. വൈകുന്നേരങ്ങളില്‍ ടിവി സീരിയല്‍ കാണുന്നതാണ് മറ്റൊരു വിനോദം. സത്യം പറഞ്ഞാല്‍ വീട്ടില്‍ തന്നെ ഇരിക്കുന്നത് ശരിക്കും ആസ്വദിക്കുന്നുണ്ട്-ഗവാസ്കര്‍ പറഞ്ഞു. 

 Also Read:ഒരു മത്സരത്തില്‍ തന്നെ സ്പിന്നും പേസും ഒരുപോലെ എറിഞ്ഞ ആറ് താരങ്ങള്

കുടംബാംഗങ്ങള്‍ എല്ലാവരും കൂടെയില്ലെങ്കിലും ദിവസവും വീഡിയോ കോളിലൂടെ ബന്ധപ്പെടുന്നതിനാല്‍ വലിയ പ്രശ്നമായി തോന്നിയിട്ടില്ല. മറ്റുള്ള പലരും ചെയ്യുന്ന കാര്യങ്ങള്‍ നോക്കിയാല്‍ ഞാന്‍ കൊവിഡ് ഫണ്ടിലേക്ക് 59 ലക്ഷം രൂപ സംഭാവന ചെയ്തുവെന്നത് വലിയ സംഭവമായി തോന്നിയിട്ടില്ല. ഇന്ത്യക്കായി 35 ടെസ്റ്റ് സെഞ്ചുറികള്‍ ഞാന്‍ നേടിയിട്ടുണ്ട്. അതുകൊണ്ട് പ്രധാനമന്ത്രിയുടെ പിഎം കെയര്‍ ഫണ്ടിലേക്ക് 35 ലക്ഷം രൂപ സംഭാവന ചെയ്തത്. 

Also Read:പുതിയ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് കപില്‍ ദേവ്, പഴയ ലുക്കില്‍ പാണ്ഡ്യ സഹൗദരന്‍മാരും
മുംബൈക്കായി 24 സെഞ്ചുറികളും നേടി. അതിനാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 24 ലക്ഷം രൂപ നല്‍കി. സര്‍ക്കാരിന് ഇനിയും തന്റെ സഹായം ആവശ്യമാമെങ്കില്‍ നല്‍കാന്‍ തയാറാണെന്നും ഗവാസ്കര്‍ പറഞ്ഞു.

click me!