
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഫൈനൽ ലക്ഷ്യമിട്ടുള്ള കേരളത്തിന്റെ പോരാട്ടത്തിന് ഇന്ന് തുടക്കം. സെമി ഫൈനലിൽ ഗുജറാത്താണ് എതിരാളികൾ. അഹമ്മദാബാദിൽ രാവിലെ ഒൻപതരയ്ക്കാണ് മത്സരം തുടങ്ങുക. രഞ്ജി ട്രോഫി ചരിത്രത്തിലെ ആദ്യ ഫൈനൽ എന്ന ലക്ഷ്യവുമായാണ് കേരളം ഗോദയിലെത്തുന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്ന ഗുജറാത്തിന്‍റെ വീര്യത്തെയാണ് സച്ചിൻ ബേബിക്കും സംഘത്തിനും മറികടക്കാനുള്ളത്.
ഗ്രൂപ്പ് ഘട്ടത്തിൽ കർണ്ണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബംഗാൾ, തുടങ്ങിയ കരുത്തരായ എതിരാളികളെ മറികടന്ന കേരളം ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെ വീഴ്ത്തിയത് ഒന്നാം ഇന്നിംഗ്സിലെ ഒറ്റ റൺ ലീഡിന്റെ കരുത്തിലായിരുന്നു. 2017 ന് ശേഷം ആദ്യ ഫൈനൽ ലക്ഷ്യമിടുന്ന ഗുജറാത്ത് ക്വാർട്ടറിൽ ഇന്നിംഗ്സിനും 98 റൺസിനും സൗരാഷ്ട്രയെ തകർത്താണ് എത്തുന്നത്.
അവസാന രണ്ട് മത്സരത്തിലും സെഞ്ച്വറി നേടിയ സൽമാൻ നിസാറിനൊപ്പം മുഹമ്മദ് അസ്ഹറുദ്ദീൻ, എം ഡി നിധീഷ്, അക്ഷയ് ചന്ദ്രൻ, ജലജ് സക്സേന എന്നിവരും ഫോമിലുള്ളതാണ് കേരളത്തിന്‍റെ പ്രതീക്ഷ. ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കാൻ രോഹൻ കുന്നുമ്മലും ഷോൺ റോജറും നായകൻ സച്ചിൻ ബേബിയും പ്രതീക്ഷയ്ക്കൊത്ത് ബാറ്റുവീശണം. ജമ്മുകശ്മീരിനെതിരെ നേടിയ ജയത്തോളം പോന്ന നാടകീയ സമനില കേരള താരങ്ങളുടെ ആത്മവിശ്വാസം ഇരട്ടിയാക്കുമെന്ന് ഉറപ്പാണ്. ഇന്ത്യൻ സ്പിന്നർ രവി ബിഷ്ണോയ് ആയിരിക്കും ഗുജറാത്ത് നിരയിൽ കേരളത്തിന് കൂടുതൽ വെല്ലുവിളി ഉയർത്തുക. പ്രിയങ്ക് പാഞ്ചൽ, ജയ്മീത് പട്ടേൽ, ഉർവിൽ പട്ടേൽ, ക്യാപ്റ്റൻ ചിന്തൻ ഗാജ എന്നിവരേയും കരുതിയിരിക്കണം. 2019 ൽ കേരളം ആദ്യമായി രഞ്ജി ട്രോഫി സെമിയിൽ എത്തിയത് ഗുജറാത്തിനെ തോൽപിച്ചായിരുന്നു. അന്നത്തെ ആറ് താരങ്ങൾ ഇപ്പോഴും ടീമിലുണ്ട്. നിലവിലെ ചാന്പ്യൻമാരായ മുംബൈ മറ്റൊരു സെമിയിൽ വിദർഭയുമായി ഏറ്റുമുട്ടും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!