പവര്‍ പ്ലേയില്‍ ആദ്യ ഓവര്‍ എറിയാനെത്തിയ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ സഞ്ജുവാണ് അടി തുടങ്ങിയത്. മൂന്നാം പന്തില്‍ ആര്‍ച്ചറെ ബൗണ്ടറി കടത്തിയ സഞ്ജു അടുത്ത പന്തില്‍ സിക്സ് അടിച്ച് തകര്‍പ്പന്‍ തുടക്കമിട്ടു.

മുംബൈ: ടി20 ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് നല്ല തുടക്കം. രണ്ടാം ഓവറില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും സഞ്ജു സാംസണിന്‍റെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയുടെയും ഇഷാന്‍ കിഷന്‍റെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 8 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലാണ്. 26 പന്തില്‍ അര്‍ധസെ‌ഞ്ചുറിയിലെത്തിയ സഞ്ജു 27 പന്തില്‍ 53 റണ്‍സുമായും ഇഷാന്‍ കിഷന്‍ 14 പന്തില്‍ 28 റണ്‍സുമായും ക്രീസിലിലുണ്ട്. 7 പന്തില്‍ 9 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായക്. വില്‍ ജാക്സിനാണ് വിക്കറ്റ്.

അടിതുടങ്ങി സഞ്ജു

പവര്‍ പ്ലേയില്‍ ആദ്യ ഓവര്‍ എറിയാനെത്തിയ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ സഞ്ജുവാണ് അടി തുടങ്ങിയത്. മൂന്നാം പന്തില്‍ ആര്‍ച്ചറെ ബൗണ്ടറി കടത്തിയ സഞ്ജു അടുത്ത പന്തില്‍ സിക്സ് അടിച്ച് തകര്‍പ്പന്‍ തുടക്കമിട്ടു. ആര്‍ച്ചര്‍ക്കെതിരെ സിംഗിളെടുത്ത് തുടങ്ങി അഭിഷേക് ശര്‍മ വില്‍ ജാക്സ് എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറി നേടി നല്ല തുടക്കമിട്ടെങ്കിലും അവസാന പന്തില്‍ കൂറ്റനടിക്കുള്ള ശ്രമത്തില്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കി മടങ്ങി. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ബൗണ്ടറി അടിച്ചു തുടങ്ങിയ സഞ്ജു അടുത്ത പന്തില്‍ മിഡ് ഓണില്‍ അനായാസ ക്യാച്ച് നല്‍കിയെങ്കിലും ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് അവിശ്വസനീയമായി നിലത്തിട്ടു. പിന്നാലെ ആര്‍ച്ചറെ കൂറ്റന്‍ സിക്സിന് പറത്തിയ സഞ്ജു ഓവറില്‍ ഒരു ബൗണ്ടറി കൂടി ഇംഗ്ലണ്ടിനെ പ്രഹരിച്ചു. വില്‍ ജാക്സ് എറിഞ്ഞ നാലാം ഓവറില്‍ സഞ്ജുവും കിഷനും ഓരോ ബൗണ്ടറി കൂടി നേടി. ജാമി ഓവര്‍ടണ്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ട് ബൗണ്ടറി കൂടി നേടിയ കിഷന്‍ ഇന്ത്യയെ 50 കടത്തി. സാം കറന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ രണ്ട് ബൗണ്ടറി കൂടി നേടിയ സഞ്ജു ഇന്ത്യയെ 69 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ 26 പന്തില്‍ സഞ്ജു തന്‍റെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയിലെത്തി. ലിയാം ഡോസണെ സിക്സിന് പറത്തിയാണ് സഞ്ജു അര്‍ധസെഞ്ചുറി തികച്ചത്.മൂന്ന് സിക്സും ഏഴ് ഫോറും അടങ്ങുന്നതാണ് സഞ്ജുവിന്‍റെ അര്‍ധസെഞ്ചുറി.

View post on Instagram

നേരത്തെ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നേടിയിരുന്നെങ്കിലും ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരാട്ടം കളിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ സെമി പോരിനിറങ്ങിയത്. ന്യൂസിലന്‍ഡിനെതിരെ അവസാന സൂപ്പര്‍ 8 മത്സരം കളിച്ച ടീമില്‍ ഇംഗ്ലണ്ട് ഒരു മാറ്റം വരുത്തി. റയാന്‍ അഹമ്മദിന് പകരം ജാമി ഓവര്‍ടണ്‍ ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവിനെത്തി.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍:

ഫിൽ സാൾട്ട്, ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പർ), ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജേക്കബ് ബെഥൽ, ടോം ബാന്‍റൺ, സാം കറൻ, വിൽ ജാക്സ്, ജാമി ഓവർട്ടൺ, ലിയാം ഡോസൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍:

അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക