പഴയ തീ അണഞ്ഞോ? നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി റാഷിദ് ഖാൻ

Published : May 26, 2025, 03:16 PM IST
പഴയ തീ അണഞ്ഞോ? നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി റാഷിദ് ഖാൻ

Synopsis

ചെന്നൈയ്ക്ക് എതിരായ മത്സരത്തിൽ 4 ഓവറിൽ 42 റൺസ് വഴങ്ങിയ റാഷിദ് ഖാൻ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. 

അഹമ്മദാബാദ്: ഐപിഎല്ലിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ് താരം റാഷിദ് ഖാൻ. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ റാഷിദ് ഖാൻ 3 സിക്സറുകൾ വഴങ്ങിയിരുന്നു. ഇതോടെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (31) വഴങ്ങിയ കളിക്കാരൻ എന്ന റെക്കോർഡാണ് റാഷിദ് ഖാൻറെ പേരിലായത്. സഹതാരം മുഹമ്മദ് സിറാജിനൊപ്പമാണ് റാഷിദ് ഖാനും അനാവശ്യ റെക്കോർഡ് നേടിയത്. 

ചെന്നൈയ്ക്ക് എതിരെ റാഷിദ് തന്റെ 4 ഓവറിൽ 42 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. മത്സരത്തിന്റെ 14-ാം ഓവറിൽ 35 പന്തിൽ 52 റൺസ് നേടിയ ഡെവൺ കോൺവേയുടെ വിക്കറ്റ് റാഷിദ് സ്വന്തമാക്കിയിരുന്നു. എന്നാൽ, ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റുകൾ മാത്രമാണ് താരത്തിന് നേടാനായത്. 2017 ലെ ഐ‌പി‌എൽ അരങ്ങേറ്റത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ ഏറ്റവും മോശം ശരാശരിയാണ് (53.66) ഈ സീസണിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇനി പ്ലേ ഓഫിൽ 2 വിക്കറ്റുകൾ നേടാൻ കഴിഞ്ഞില്ലെങ്കിൽ ഐപിഎല്ലിൽ അദ്ദേഹത്തിന്റെ എക്കാലത്തെയും മോശം സീസണായി 2025 മാറും. 

അതേസമയം, 2022-ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കളിക്കുമ്പോഴാണ് മുഹമ്മദ് സിറാജ് 31 സിക്സറുകൾ വഴങ്ങി മോശം റെക്കോർഡിട്ടത്. രാജസ്ഥാൻ റോയൽസിന്റെ യുസ്‌വേന്ദ്ര ചഹൽ 2022ൽ 30 സിക്സറുകൾ വഴങ്ങിയിരുന്നു. 2024ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം വാനിന്ദു ഹസറംഗയും 30 സിക്‌സറുകൾ വഴങ്ങിയിട്ടുണ്ട്. മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരം ഡ്വെയ്ൻ ബ്രാവോ 2018-ലെ ഐപിഎല്ലിൽ 29 സിക്‌സറുകൾ വഴങ്ങിയിരുന്നു. ബ്രാവോയാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്. 

2022ലാണ് റാഷിദ് ഖാൻ ഗുജറാത്ത് ടൈറ്റൻസിൽ എത്തിയത്. അരങ്ങേറ്റ സീസണിൽ തന്നെ 19 വിക്കറ്റുകൾ വീഴ്ത്തിയ റാഷിദ് ഗുജറാത്തിന്റെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. 2023ൽ മുംബൈ ഇന്ത്യൻസിനെതിരെ 32 പന്തിൽ നിന്ന് പുറത്താകാതെ 79 റൺസ് നേടിയ റാഷിദ് ഖാൻ ബാറ്റിംഗിലും തിളങ്ങിയിട്ടുണ്ട്. ഐപിഎല്ലിൽ 135 മത്സരങ്ങൾ കളിച്ചിട്ടുള്ള റാഷിദ് 23.63 ശരാശരിയിലും 7 എക്കണോമിയിലും 158 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഗുജറാത്തിന് വേണ്ടി 59 മത്സരങ്ങളിൽ നിന്ന് 65 വിക്കറ്റുകളാണ് റാഷിദ് വീഴ്ത്തിയത്. സൺറൈസേഴ്‌സ് ഹൈദരാബാദിൽ നിന്നാണ് റാഷിദ് ഖാൻ ഗുജറാത്ത് ടീമിലെത്തിയത്.

PREV
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍