
ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടരുകയാണെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറനാവാതെ ഡല്‍ഹി ക്യാപിറ്റല്‍സ്. കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറ് വിക്കറ്റിന് തകര്‍ത്തെങ്കിലും രണ്ടാം സ്ഥാനത്ത് തന്നെയാണ് ഡല്‍ഹി. നാല് മത്സരങ്ങളില്‍ നാല് ജയം നേടിയ അവര്‍ക്ക് എട്ട് പോയിന്റാണുള്ളത്. അഞ്ചില്‍ നാല് മത്സരം ജയിച്ച ഗുജറാത്ത് ടൈറ്റന്‍സാണ് ഒന്നാം സ്ഥാനത്ത്. എട്ട് പോയിന്റ് സ്വന്തമാക്കിയ അവര്‍ ഒരു മത്സരം പരാജയപ്പെട്ടിരുന്നു. നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തിലാണ് ഗുജറാത്ത് മുന്നിലെത്തിയത്.
ഡല്‍ഹിയോട് പരാജയപ്പെട്ടെങ്കിലും മൂന്നാം സ്ഥാനത്ത് തുടരുകയാണ് ആര്‍സിബി. അഞ്ചില്‍ മൂന്ന് മത്സരങ്ങൡ ജയിച്ച അവര്‍ക്ക് ആറ് പോയിന്റാണുള്ളത്. രണ്ട് മത്സരങ്ങളില്‍ ടീം പരാജയപ്പെട്ടു. ഇത്രയും തന്നെ പോയിന്റുള്ള പഞ്ചാബ് കിംഗ്‌സ് നാലാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ മൂന്ന് ജയമാണ് പഞ്ചാബിന്. രാജസ്ഥാന്‍ റോയല്‍സിനോട് മാത്രമാണ് തോറ്റത്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് അഞ്ചാം സ്ഥാനത്ത്. ഇവര്‍ക്കും ആറ് പോയിന്റാണുള്ളത്. അഞ്ച് മത്സരങ്ങളില്‍ മൂന്ന് ജയം.
അഞ്ച് മത്സരങ്ങളില്‍ നാല് വീതം പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും യഥാക്രമം ആറും ഏഴും സ്ഥാനങ്ങളില്‍. രണ്ട് മത്സരങ്ങള്‍ ജയിച്ച ഇരുവരും മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ടു. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ യഥാക്രമം എഴ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.
അതേസമയം റണ്‍വേട്ടക്കാരില്‍ ലക്‌നൗവിന്റെ നിക്കോളാസ് പുരാന്‍ ഒന്നാമത് തുടരുന്നു. അഞ്ച് മത്സരങ്ങളില്‍ 288 റണ്‍സാണ് സമ്പാദ്യം. ഗുജറാത്തിന്റെ സായ് സുദര്‍ശന്‍ രണ്ടാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 273 റണ്‍സാണ് അടിച്ചെടുത്തത്. പുരാനും സായിക്കും പിറകില്‍ മൂന്നാം സ്ഥാനത്തുണ്ട് മിച്ചല്‍ മാര്‍ഷ്. അഞ്ച് മത്സരങ്ങളില്‍ 265 റണ്‍സാണ് മാര്‍ഷ് നേടിയത്. ഗുജറാത്തിന്റെ തന്നെ ജോസ് ബട്‌ലര്‍ നാലാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങളില്‍ 202 റണ്‍സാണ് സമ്പാദ്യം. ആദ്യ അഞ്ചില്‍ മുംബൈ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവുമുണ്ട്. അഞ്ച് മത്സരങ്ങളില്‍ പൂര്‍ത്തിയാക്കിയ താരത്തിന് 199 നേടാനായി. ആര്‍സിബി താരങ്ങളായ വിരാട് കോലി (186), രജത് പടിധാര്‍ (186) എന്നിവര്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍.
ഇന്നലെ ആര്‍സിബിക്കെതിരെ 93 റണ്‍സ് നേടിയ കെ എല്‍ രാഹുല്‍ എട്ടാം സ്ഥാനത്തുണ്ട്. മൂന്ന് മത്സരങ്ങളില്‍ 185 റണ്‍സാണ് രാഹുല്‍ നേടിയത്. അഞ്ച് മത്സരങ്ങളില്‍ 184 റണ്‍സ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഒമ്പതാം സ്ഥാനത്ത്. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ 178 റണ്‍സുമായി പത്താമത് തുടരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!