2025ല്‍ ഗൗതം ഗംഭീറിനും അജിത് അഗാര്‍ക്കറിനും വില്ലൻ പരിവേഷം ആരാധകര്‍ നല്‍കിയപ്പോള്‍ നായകന്മാരായത് രോഹിത് ശര്‍മയും വിരാട് കോഹ്ലിയുമായിരുന്നു. ടെയില്‍ എൻഡില്‍ ഒരു ട്വിസ്റ്റും

ഹൈ മൊമന്റുകള്‍, നായകന്മാരുടെ വീഴ്ചയും മാസ് കംബാക്കുകളും, പ്രതിനായകന്മാരില്‍ നിന്നുള്ള അപ്രതീക്ഷിത ട്വിസ്റ്റുകള്‍, പുതിയ ഉദയങ്ങള്‍...അങ്ങനെ ഒരു മള്‍ട്ടിസ്റ്റാര്‍ പടത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയതായിരുന്നു ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീമിന്റെ 2025. ഗൗതം ഗംഭീറിനും അജിത് അഗാര്‍ക്കറിനും വില്ലൻ പരിവേഷം ആരാധകര്‍ നല്‍കിയപ്പോള്‍ നായകന്മാരായത് രോഹിത് ശര്‍മയും വിരാട് കോഹ്ലിയുമായിരുന്നു. നായകന്റെയും പ്രതിനായകന്റേയും വേഷം ഒരുപോലെ കെട്ടിയാടേണ്ടി വന്നു ശുഭ്മാൻ ഗില്ലിന്. ട്വന്റി 20യിലും ഏകദിനത്തിലും സമ്പൂ‍ര്‍ണ ആധിപത്യം, ടെസ്റ്റ് ക്രിക്കറ്റിന്റെ ഉന്നതിയില്‍ നിന്ന് കാലിടറി, ഇതിഹാസങ്ങളുടെ പടിയിറക്കം, ചാമ്പ്യൻസ് ട്രോഫിയും ഏഷ്യ കപ്പും. 2025ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രോഗ്രസ് കാര്‍ഡ്.

ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിയില്‍ സിഡ്നിയില്‍ പരാജയം രുചിച്ചായിരുന്നു ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിന് ഈ വര്‍ഷം തുടക്കമിട്ടതുതന്നെ. ഓസീസ് മണ്ണ് ബാറ്റര്‍മാരുടെ ചാവുനിലമെന്ന് കളിയെഴുത്തുകാര്‍ പറഞ്ഞുപഴകിയതാണെങ്കിലും അത് രോഹിതിന്റേയും കോഹ്ലിയുടേയും കരിയറിന് കര്‍ട്ടനിടാൻ പോന്നതാണെന്ന് ആരും കരുതിയിരുന്നില്ല. ശേഷം, ആൻഡേഴ്സണ്‍ - തെൻഡുല്‍ക്കര്‍ ട്രോഫിയിലൂടെ തിരിച്ചുവരവ്. ഇതിഹാസങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യ ബിര്‍മിങ്ഹാമും ഓവലും കീഴടക്കി പരമ്പര സമനിലയിലാക്കി. ശുഭ്മാൻ ഗില്ലിന്റെ നായകനായുള്ള അരങ്ങേറ്റം ഗംഭീരമായെന്ന് മാത്രമല്ല, ബാറ്ററെന്ന നിലയില്‍ വെള്ളക്കുപ്പായത്തില്‍ അകന്നുനിന്ന സ്ഥിരതയും വീണ്ടെടുത്തു.

ശേഷം, താരതമ്യേനെ ശക്തരല്ലാത്ത വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്മാര്‍ക്ക് മുന്നില്‍, സ്വന്തം മണ്ണില്‍ കരുത്ത് തെളിയിക്കാനാകാതെ പോയി. പ്രോട്ടിയാസിനെതിരെ ഈഡൻ ഗാര്‍ഡൻസില്‍ 30 റണ്‍സിനായിരുന്നു തോറ്റതെങ്കില്‍ ഗുവാഹത്തിയില്‍ 408 റണ്‍സായി അത്. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി. സ്വന്തം മണ്ണില്‍ ശക്തിക്ഷയിച്ച സംഘമായി മാറി ഗംഭീര്‍-ഗില്‍ കാലത്ത് ഇന്ത്യ. കോഹ്ലി - രവി ശാസ്ത്രി, രോഹിത് - രാഹുല്‍ ദ്രാവിഡ് ദ്വയങ്ങള്‍ക്ക് കീഴിലെ ഇന്ത്യയുടെ നിഴല്‍പ്പോലും മൈതാനത്തുണ്ടായിരുന്നില്ല. ഈ വര്‍ഷം പത്ത് ടെസ്റ്റുകള്‍ നാല് ജയങ്ങള്‍ മാത്രം.

ടെസ്റ്റ് ക്രിക്കറ്റില്‍ വീഴ്ചയായിരുന്നെങ്കില്‍ ഏകദിനത്തില്‍ സമഗ്രാധിപത്യമായിരുന്നു. ഇംഗ്ലണ്ട് പരമ്പര തൂത്തുവാരി ചാമ്പ്യൻസ് ട്രോഫിക്ക്. അപരാജിത സംഘമായി 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രോഹിതിന്റെ സംഘം കിരീടം ചൂടി. ഒരു വര്‍ഷത്തിനിടയിലെ രണ്ടാം ഐസിസി കിരീടം. പിന്നീടായിരുന്നു ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ ശീതയുദ്ധത്തിന്റെ കാലമുണ്ടായത്. 2027 ലോകകപ്പ് ലക്ഷ്യമാക്കി ഗില്ലിലേക്ക് ഏകദിന നായകപദവി. രോഹിത് യുഗത്തിന് അവസാനം. ടെസ്റ്റ്, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച രോഹിത് - കോഹ്ലി ദ്വയത്തിന് മുകളില്‍ സമ്മര്‍ദത്തിന്റെ വലവിരിച്ചു മാനേജ്മെന്റ്.

2027 ലോകകപ്പ് കളിക്കണമെങ്കില്‍ ബിസിസിഐ തെളിക്കുന്ന വഴിയെ സഞ്ചരിക്കണമെന്നവര്‍ പറയാതെ പറഞ്ഞു. പിന്നീടായിരുന്നു കോഹ്ലിയുടേയും രോഹിതിന്റേയും മാസ് കംബാക്ക് മൊമന്റ് സംഭവിച്ചത്. പിന്നാലെയെത്തിയ ഓസ്ട്രേലിയൻ പര്യടനത്തിലും ദക്ഷിണാഫ്രിക്കൻ പരമ്പരയിലും ഇരുവരും തിളങ്ങി. രോഹിത് ആറ് ഇന്നിങ്സുകളില്‍ നിന്ന് 348 റണ്‍സ്, കോഹ്ലി 376 റണ്‍സ്. ഈ വര്‍ഷം ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയത് കോഹ്ലിയും രോഹിതുമായിരുന്നു, 651 റണ്‍സും 650ഉം. തങ്ങളുടെ ഫോമിനേയും ഫിറ്റ്നസിനേയും പ്രായത്തേയും സംശയിച്ചവര്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി. ഓസ്ട്രേലിയക്കെതിരായ പരമ്പര നഷ്ടമായെങ്കിലും പ്രോട്ടിയാസിനെ കീഴടക്കിയാണ് വര്‍ഷം അവസാനിപ്പിച്ചത്. 14 ഏകദിനങ്ങളില്‍ 12 ജയം.

ഏറ്റവും സങ്കീര്‍ണമായത് ട്വന്റി 20യിലായിരുന്നു. ഇംഗ്ലണ്ട് പരമ്പര 4-1ന് നേടിത്തുടങ്ങിയ ഇന്ത്യയെ ശേഷം കാത്തിരുന്നത് ഏഷ്യ കപ്പായിരുന്നു. ശുഭ്മാൻ ഗില്ലിന്റെ ട്വന്റി 20 ടീമിലേക്ക് ഓപ്പണറായും ഉപനായകനുമായുള്ള റി എൻട്രി. ഇതേ സ്ഥാനത്ത് തിളങ്ങിയ സഞ്ജു ടീമിന് പുറത്ത്, ബാറ്റിങ് നിരയില്‍പ്പോലും എത്താത്ത മത്സരങ്ങള്‍. ഏഷ്യ കപ്പില്‍ പരീക്ഷണങ്ങളുടെ നിര തന്നെ ഗംഭീര്‍ അവതരിപ്പിച്ചെങ്കിലും തോല്‍വി അറിയാതെ ഇന്ത്യ ചാമ്പ്യന്മാരായി. കളത്തിന് പുറത്തെ പല ഘടങ്ങളും ക്രിക്കറ്റിനേക്കാള്‍ പ്രാധാന്യം നേടിയ ടൂര്‍ണമെന്റ്.

ഏഷ്യ കപ്പിലെ പരീക്ഷണങ്ങളുടെ തുടര്‍ച്ച ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കൻ പരമ്പരയിലും തുടര്‍ന്നു. നിരന്തരം പരാജയപ്പെട്ട ഗില്ലിന് അവസരങ്ങള്‍ തുടരെ ലഭിച്ചുകൊണ്ടേയിരുന്നു, മറുവശത്ത് സഞ്ജുവിനോടുള്ള അനീതിയും. ഇത് ആരാധകരുടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണമായെങ്കിലും ഇന്ത്യയുടെ വിജയക്കുതിപ്പിനെ പിടിച്ചുകെട്ടാൻ എതിരാളികള്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല. ഫലമുണ്ടായ 18 മത്സരങ്ങളില്‍ 15 എണ്ണത്തിലും സൂര്യകുമാര്‍ യാദവും കൂട്ടരും ജയിച്ചു. സൂര്യയുടെ ഫോം വര്‍ഷത്തിലുടനീളം ആശങ്കയായി തുടര്‍ന്നെങ്കിലും ലോകകപ്പ് നയിക്കാനുള്ള നിയോഗം താരത്തിന് തന്നെ ബിസിസിഐ നല്‍കി.

എന്നാല്‍, ടെയില്‍ എൻഡില്‍ ബിസിസിഐയുടെ മാസ്റ്റര്‍ സ്ട്രോക്ക് സംഭവിച്ചു. ഗില്ലിനെ ട്വന്റി 20 ടീമില്‍ നിന്ന് പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കാനുള്ള തീരുമാനത്തിലേക്ക് എത്തി. ക്രിക്കറ്റ് ലോകകത്ത് ഒന്നടങ്കം ഞെട്ടിച്ച തീരുമാനം. 2026ല്‍ കാത്തിരിക്കുന്നത് ട്വന്റി 20 ലോകകപ്പാണ്. മുന്നില്‍ പല ചോദ്യങ്ങളുണ്ട്. രോഹിത്-കോഹ്ലി-അശ്വിൻ പടിയിറക്കത്തിന് ശേഷം ടെസ്റ്റ് ടീമിനെ ആര് പ്രതാപത്തിലേക്ക് തിരികെ എത്തിക്കുമെന്നതാണ് അതില്‍ ഒന്നാമത്തേത്. മറ്റൊന്ന് 2027 ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കെ രോഹിതിനും കോഹ്ലിക്കും നിര്‍ണായകമായ വര്‍ഷം. ട്വന്റി 20 ലോകകപ്പിന് ശേഷം സൂര്യകുമാര്‍ യാദവിന് ഭാവി...എല്ലാത്തിനും കാത്തിരിക്കാം.