1999 ലോകകപ്പിനിടെ ഭാര്യയെ ഹോട്ടലിലെ കബോര്‍ഡില്‍ ഒളിപ്പിച്ചു; വെളിപ്പെടുത്തലുമായി പാക് താരം

By Web TeamFirst Published Jul 1, 2020, 4:53 PM IST
Highlights

ഇംഗ്ലണ്ടിലായിരുന്നു ലോകകപ്പും. ഞങ്ങള്‍ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.  അതിനിടക്കാണ് കുടുംബത്തോട് നാട്ടില്‍ പോകാന്‍ പറയുന്നത്.
 

ഇസ്ലാമാബാദ്: 1999 ലോകകപ്പിനിടെ ഭാര്യയെ ഹോട്ടല്‍ റൂമിലെ കബോര്‍ഡില്‍ ഒളിപ്പിച്ച കഥ വെളിപ്പെടുത്തി പാകിസ്ഥാന്‍ ക്രിക്കറ്റ് താരം സഖ്‌ലൈന്‍ മുഷ്താഖ്. റാനാക് കപൂര്‍ അവതരിപ്പിക്കുന്ന ബിയോണ്ട് ദ ഫീല്‍ഡ് എന്ന അഭിമുഖ പരിപാടിയിലാണ് സഖ്‌ലൈന്‍ തന്റെ അനുഭവം പങ്കുവെച്ചത്. 

'ലോകകപ്പ് ടൂര്‍ണമെന്റ് നടന്നുകൊണ്ടിരിക്കെയാണ് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളുടെ കുടുംബങ്ങളോട് തിരികെ നാട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടത്. എന്റെ വിവാഹം കഴിഞ്ഞിട്ടാണെങ്കില്‍ ഒരു വര്‍ഷം പോലുമായിട്ടില്ല. ഭാര്യ ലണ്ടനിലാണ് താമസം. ഇംഗ്ലണ്ടിലായിരുന്നു ലോകകപ്പും. ഞങ്ങള്‍ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.  അതിനിടക്കാണ് കുടുംബത്തോട് നാട്ടില്‍ പോകാന്‍ പറയുന്നത്. എനിക്കത് ഉള്‍ക്കൊള്ളാനായില്ല. ഞാന്‍ കോച്ചായിരുന്ന റിച്ചാര്‍ഡ് പൈബസിനോട് കാര്യം അന്വേഷിച്ചു. എന്തായാലും ബോര്‍ഡിന്റെ തീരുമാനം അനുസരിക്കാന്‍ ഞാന്‍ തയ്യാറായില്ല. 

മുറിയില്‍ പരിശോധനക്കായി ആദ്യം പരിശീലകന്‍ എത്തി. വാതിലില്‍ മുട്ട് കേട്ടപ്പോള്‍ തന്നെ അവളോട് ഞാന്‍ കബോര്‍ഡില്‍ ഒളിക്കാന്‍ പറഞ്ഞു. കോച്ച് പരിശോധിച്ച് പോയതിന് ശേഷം ഒഫീഷ്യല്‍സും പരിശോധനക്കെത്തി. ഈ സമയമൊക്കെ അവള്‍ കബോര്‍ഡിനുള്ളില്‍തന്നെയായിരുന്നു.

പിന്നീട് അസ്ഹര്‍ മഹമ്മൂദും യൂസഫും മുറിയിലെത്തി. പുതിയ നിയമത്തെക്കുറിച്ച് അവര്‍ സംസാരിച്ചു. ഭാര്യ മുറിയില്‍ത്തന്നെയുണ്ടെന്ന് അവര്‍ക്ക് സംശയം തോന്നി. അവരുടെ നിരന്തരമായുള്ള ചോദ്യത്തില്‍ ഭാര്യയെ ഒളിപ്പിച്ച കാര്യം ഞാന്‍ സമ്മതിച്ചു. അപ്പോഴാണ് അവള്‍ കബോര്‍ഡില്‍ നിന്ന് പുറത്തിറങ്ങിയത്. ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് പാകിസ്ഥാന്‍ തോല്‍ക്കുന്നത്. ടീം അംഗങ്ങള്‍ എല്ലാം കടുത്ത നിരാശയിലായിരുന്നു. റൂമിലെത്തിയ ഞാന്‍ ഭാര്യയോട് ഉടന്‍ മറ്റേതെങ്കിലും അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറാന്‍ നിര്‍ദേശിച്ചു'-  സഖ്‌ലൈന്‍ മുഷ്താഖ് പറഞ്ഞു. 

click me!