ഹാമില്‍ട്ടണില്‍ സൂപ്പര്‍ ഓവര്‍ ത്രില്ലര്‍; ഹിറ്റ്‌മാന്‍ ഷോ; ഇന്ത്യക്ക് ചരിത്ര പരമ്പര ജയം

By Web TeamFirst Published Jan 29, 2020, 4:27 PM IST
Highlights

സൂപ്പര്‍ ഓവറിലെ 18 റണ്‍സ് വിജയലക്ഷ്യം രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും ചേര്‍ന്ന് അടിച്ചെടുത്തു. ഇതോടെ ന്യൂസിലന്‍ഡില്‍ ചരിത്രത്തിലാദ്യമായി ടി20 പരമ്പര നേടാന്‍ ടീം ഇന്ത്യക്കായി. 

ഹാമില്‍ട്ടണ്‍: അവസാന രണ്ട് പന്തില്‍ ഹിറ്റ്‌മാന്‍റെ കൂറ്റന്‍ സിക്‌സ്, ഹാമില്‍ട്ടണ്‍ ടി20യില്‍ സൂപ്പര്‍ ഓവര്‍ വിജയവുമായി ടീം ഇന്ത്യ ചരിത്രമെഴുതി. സൂപ്പര്‍ ഓവറിലെ 18 റണ്‍സ് വിജയലക്ഷ്യം രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും ചേര്‍ന്ന് അവസാന പന്തില്‍ അടിച്ചെടുത്തു. ഇതോടെ ന്യൂസിലന്‍ഡില്‍ ചരിത്രത്തിലാദ്യമായി ടി20 പരമ്പര നേടാന്‍ ടീം ഇന്ത്യക്കായി. അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0നാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഹാമില്‍ട്ടണില്‍ ക്രിക്കറ്റ് നാടകീയതയുടെ വസന്തം 

ഇരു ടീമും 179 റണ്‍സെടുത്ത് തുല്യത പാലിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. ന്യൂസിലന്‍ഡിനായി ഇറങ്ങിയ കെയ്‌ന്‍ വില്യംസണും മാര്‍ട്ടിന്‍ ഗപ്‌ടിലും ബുമ്രക്കെതിരെ 17 റണ്‍സടിച്ചു. മറുപടിയായി രോഹിത് ശര്‍മ്മ സൗത്തിയുടെ അവസാന രണ്ട് പന്തുകളും ഗാലറിയിലെത്തിച്ച് ഇന്ത്യക്ക് ആവേശജയം സമ്മാനിക്കുകയായിരുന്നു. നേരത്തെ, നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ വെടിക്കെട്ട്(48 പന്തില്‍ 95) കിവീസിന് പ്രതീക്ഷ നല്‍കിയെങ്കിലും ഷമിയുടെ അവസാന ഓവര്‍ മത്സരം സമനിലയിലാക്കുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ-179/5 (20), ന്യൂസിലന്‍ഡ്-179/6.

കിവീസ് തുടക്കവും തട്ടുപൊളിപ്പന്‍, പക്ഷേ സഞ്ജു...

മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്‌ടിലും കോളിന്‍ മണ്‍റോയെയും മികച്ച കുട്ടുകെട്ടിന് ശ്രമിച്ചെങ്കിലും സബ്‌സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായി ഇറങ്ങിയ സഞ്ജു സാംസണ്‍ കളിമാറ്റി. ഗപ്‌‌ടിലിനെ 31ല്‍ നില്‍ക്കേ ഠാക്കുറിന്‍റെ പന്തില്‍ സഞ്ജു പറന്നുപിടിച്ചു. പിന്നാലെ മണ്‍റോയെ(14) ജഡേജയുടെ പന്തില്‍ രാഹുല്‍ സ്റ്റംപ് ചെയ്തു. സാന്‍റ്‌നറെ ജഡേജ നിലത്തിട്ടതോടെ കിവീസിന് ഊര്‍ജമായി.

വില്യംസണ്‍ വെടിക്കെട്ടിന് പൂട്ടിട്ട് ഷമി; ഹാമില്‍ട്ടണില്‍ ആവേശസമനില!

11-ാം ഓവറില്‍ സാന്‍റ്‌നറെ(9) ചാഹല്‍ ബൗള്‍ഡാക്കി. എന്നാല്‍ 28 പന്തില്‍ വില്യംസണ്‍ 50 തികച്ചു. പിന്നാലെ ഗ്രാന്‍‌ഹോം അഞ്ചില്‍ പുറത്തായി. അവസാന ഓവറില്‍ കളി ഷമിയുടെ കൈകളില്‍ ഭദ്രം. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന വില്യംസണ്‍ മൂന്നാം പന്തില്‍ 95ല്‍ നില്‍ക്കേ പുറത്ത്. ജയിക്കാന്‍ ഒരു റണ്‍ വേണമെന്നിരിക്കേ അവസാന പന്തില്‍ ടെയ്‌ലര്‍ ബൗള്‍ഡായതോടെ മത്സരം സമനിലയില്‍. പിന്നെ കണ്ടത് സൂപ്പര്‍ ഓവര്‍ ത്രില്ലര്‍. 

ബെന്നറ്റിന്‍റെ ഓവറില്‍ 27, ത്രസിപ്പിച്ച് രോഹിത്തിന്‍റെ ഫിഫ്റ്റി

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യക്ക് സ്വപ്‌ന തുടക്കമാണ് രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും നല്‍കിയത്. ബെന്നറ്റിനെ ആറാം ഓവറില്‍ 27 റണ്‍സടിച്ചതോടെ പവര്‍ പ്ലേയില്‍ 69 റണ്‍സ്. ബെന്നറ്റിന്‍റെ അവസാന പന്ത് ഗാലറിയിലേക്ക് പറത്തി ഹിറ്റ്‌മാന്‍ 50 തികച്ചു. വെറും 23 പന്തില്‍ നിന്നായിരുന്നു രോഹിത്തിന്‍റെ ഫിഫ്റ്റി. 27 റണ്‍സെടുത്ത രാഹുലിനെ ഒന്‍പതാം ഓവറില്‍ ഇന്ത്യക്ക് നഷ്‌ടമായി. എങ്കിലും ആദ്യ വിക്കറ്റില്‍ 89 റണ്‍സ്.

കോലി വീര്യം വീണ്ടും, തിരിച്ചടിച്ച് കിവികള്‍

ശിവം ദുബെ(2), രോഹിത് ശര്‍മ്മ(65) എന്നിവരും പുറത്തായതോടെ 11 ഓവറില്‍ 96-3. മധ്യനിരയില്‍ കോലിയൊഴികെയുള്ളവര്‍ കാര്യമായ മികവ് പുറത്തെടുക്കാതെ വന്നത് റണ്‍റേറ്റ് കുറച്ചു. ശ്രേയസ് അയ്യര്‍ 17ല്‍ പുറത്തായപ്പോള്‍ കോലി ഇന്ത്യയെ മികച്ച സ്‌കോറിലെത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ 19-ാം ഓവറിലെ അഞ്ചാം പന്തില്‍ കോലിയെ(38) ബെന്നറ്റ് സൗത്തിയുടെ കൈകളിലെത്തിച്ചു. മനീഷ് പാണ്ഡെ(1) രവീന്ദ്ര ജഡേജ(10) പുറത്താകാതെ നിന്നു.  

click me!