
ബർമിംഗ്ഹാം: വനിതാ ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ ഹൈവോൾട്ടേജ് പോരാട്ടത്തിന് തൊട്ടുമുമ്പ് ക്രിക്കറ്റ് ലോകത്ത് ചർച്ചയായി 'ഹസ്തദാന' വിവാദം. എഡ്ജ്ബാസ്റ്റണിൽ ഞായറാഴ്ച വൈകിട്ട് നടക്കുന്ന ആവേശപ്പോരാട്ടത്തിന് മുന്നോടിയായി, പാക് താരങ്ങൾക്ക് ഹസ്തദാനം നൽകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നിലപാട് വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ പുരുഷ ഏഷ്യാ കപ്പിന് ശേഷം നടന്ന ഇന്ത്യ-പാക് മത്സരങ്ങളിലുടനീളം ഇരുരാജ്യങ്ങളിലെയും പുരുഷ-വനിതാ ടീമുകൾ പരസ്പരം ഹസ്തദാനം ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കിയിരുന്നു. അണ്ടർ-19 ലോകകപ്പ്, റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പ്, പുരുഷ ടി20 ലോകകപ്പ് എന്നിവയിലെല്ലാം ഇന്ത്യ ഈ സമീപനമാണ് സ്വീകരിച്ചത്. ഈ പശ്ചാത്തലത്തിൽ ബിസിസിഐയിൽ നിന്ന് എന്തെങ്കിലും പ്രത്യേക നിർദ്ദേശമുണ്ടോ എന്നായിരുന്നു വാർത്താസമ്മേളനത്തിൽ ഉയർന്ന ചോദ്യം.
എന്നാൽ ഹസ്തദാന വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് വളരെ തന്ത്രപരമായാണ് ഹർമൻപ്രീത് പ്രതികരിച്ചത്. ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത് ക്രിക്കറ്റ് കളിക്കാൻ മാത്രമാണ്. ക്രിക്കറ്റിനെ കുറിച്ച് മാത്രമേ ഞങ്ങൾ സംസാരിക്കാറുള്ളൂ. ക്രിക്കറ്റല്ലാതെ മറ്റൊരു കാര്യത്തെക്കുറിച്ചും ഞങ്ങൾ ചിന്തിക്കാറുമില്ല. ആദ്യ ദിവസം മുതൽ ക്രിക്കറ്റ് മാത്രമാണ് ഞങ്ങളുടെ സ്വപ്നം. നാളത്തെ മത്സരത്തെയും കരിയറിലെ മറ്റൊരു സാധാരണ മത്സരമായി മാത്രമാണ് ഞങ്ങൾ കാണുന്നതെന്ന് ഹർമൻപ്രീത് കൗർ വ്യക്തമാക്കി.
പാകിസ്ഥാനെതിരെ കളിക്കുമ്പോൾ എപ്പോഴും വലിയ സമ്മർദ്ദമുണ്ടാകാറുണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സമ്മതിച്ചു. ഒരു ക്രിക്കറ്റ് ആരാധകയായി കളി കണ്ടുതുടങ്ങിയ കാലം മുതൽ ഈ ഇന്ത്യ-പാക് മത്സരങ്ങളുടെ സമ്മര്‍ദ്ദം എനിക്കറിയാം. ഇപ്പോൾ കളിക്കളത്തിൽ ഇറങ്ങുമ്പോൾ അത് കുറച്ചുകൂടി കൂടുതലാണ്. എന്നാൽ ഇത്തരം വലിയ വേദികളിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞ ഞങ്ങൾ ഭാഗ്യവാന്മാരാണ്. അതുകൊണ്ട് തന്നെ ആ സമ്മർദ്ദം ആസ്വദിക്കാനും കളിക്കളത്തിൽ നൂറ് ശതമാനവും നൽകാനുമാണ് ഞങ്ങൾ ശ്രമിക്കുക-ഹർമൻപ്രീത് കൂട്ടിച്ചേർത്തു.
നിലവിലെ ഫോമും മുൻകാല ചരിത്രവും പരിശോധിച്ചാൽ പാകിസ്ഥാനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് തന്നെയാണ് പ്രവചനങ്ങളിൽ മുൻതൂക്കം. ടി20 ക്രിക്കറ്റിലെ പരസ്പരമുള്ള കണക്കുകളിൽ ഇന്ത്യ ഏറെ മുന്നിലാണ്. ഇരുടീമുകളും നേർക്കുനേർ വന്ന 16 ടി20 മത്സരങ്ങളിൽ 13 ലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 3 തവണ മാത്രമാണ് പാകിസ്ഥാന് ജയിക്കാനായത്. വനിതാ ടി20 ലോകകപ്പുകളുടെ ചരിത്രം പരിശോധിച്ചാലും 6-2 എന്ന നിലയിൽ ഇന്ത്യക്കാണ് വ്യക്തമായ ആധിപത്യം. പഴയ മേധാവിത്വം നിലനിർത്താനും ലോകകപ്പിൽ വിജയത്തോടെ തുടങ്ങാനുമുറച്ചാണ് ഹർമൻപ്രീതും സംഘവും ഇന്ന് പാകിസ്ഥാനെതിരെ എഡ്ജ്ബാസ്റ്റണിൽ ഇറങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!