
കൊളംബോ: വനിതാ ഏകദിന ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം.കൊളംബോയിൽ ഉച്ചതിരിഞ്ഞ് മൂന്നിനാണ് കളി തുടങ്ങുക. അവസാന മൂന്ന് ഞായാറാഴ്ചയും ഇന്ത്യൻ പുരുഷ ടീം പാകിസ്ഥാനെ തോൽപിച്ചിരുന്നു.ഏഷ്യാ കപ്പ് മത്സരങ്ങളുടെ അവേശവും വിവാദങ്ങളും കെട്ടടങ്ങും മുൻപാണ് ഇന്ത്യയുടേയും പാകിസ്ഥാന്റെയും വനിതാ ടീമുകൾ നേർക്കുനേർ വരുന്നത്.മത്സരത്തിന് മഴ ഭീഷണിയുണ്ട്.
വനിതാ ലോകകപ്പിലും പാക് താരങ്ങൾക്ക് ഹസ്തദാനം നൽകില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ പാകിസ്ഥാൻ ഇതുവരെ ഇന്ത്യയെ തോൽപിച്ചിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇരുടീമും ഏറ്റുമുട്ടിയ 27 മത്സരങ്ങളിൽ 24ലും ഇന്ത്യ ജയിച്ചു. ടി20യിലാണ് പാകിസ്ഥാന്‍റെ മൂന്ന് ജയവും. ലോകകപ്പിൽ ഇന്ത്യ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തോൽപിച്ചപ്പോൾ, പാകിസ്ഥാൻ ബംഗ്ലാദേശിനോട് തോറ്റു.
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ 107 റണ്‍സിന് തോല്‍പിച്ചശേഷം നടന്ന സംഭവങ്ങള്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രാധാന്യമേറെയുണ്ട് . കാരണം, കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പിച്ച ശേഷം പാക് ക്യാപ്റ്റനായിരുന്ന ബിസ്മ മറൂഫിന്‍റെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഇന്ത്യൻ താരങ്ങള്‍ ലാളിക്കുകയും കളിപ്പിക്കുകയും സെല്‍ഫിയെടുക്കുകയുമെല്ലാം ചെയ്യുന്ന കാഴ്ചയായിരുന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടത്തെക്കാള്‍ ആരാധകരുടെ മനസിലിടം നേടിയത്. എന്നാല്‍ ഇത്തവണ ഹസ്തദാനത്തിന് പോലും തയാറാല്ലാത്ത രീതിയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം.
ഇന്ത്യ സാധ്യതാ ഇലവന്‍: പ്രതീക റാവൽ,സ്മൃതി മന്ദാന, ഹർലിൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ്, അമൻജോത് കൗർ, സ്നേഹ റാണ,ക്രാന്തി എസ്. ഗൗഡ്, ശ്രീ റാണി.
പാകിസ്ഥാൻ സാധ്യതാ ഇലവന്‍:മുനീബ അലി, ഒമൈമ സൊഹൈൽ, സിദ്ര അമിൻ, ആലിയ റിയാസ്, നതാലിയ പെർവൈസ്, ഫാത്തിമ സന (ക്യാപ്റ്റൻ),റമീൻ ഷമിം, ഡയാന ബെയ്ഗ്, സിദ്ര നവാസ് (WK), നഷ്‌റ സന്ധു, നഷ്‌റ സന്ധു, സാദിയ ഇക്‌ബാല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!