
ബെംഗളൂരു: ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കേ ആരാധകർക്ക് സന്തോഷ വാർത്ത. ശസ്ത്രക്രിയക്ക് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലുള്ള സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര പൂർണമായും ബൗളിംഗ് ആരംഭിച്ചതായാണ് റിപ്പോർട്ട്. അതിവേഗം ഫിറ്റ്നസ് വീണ്ടെടുക്കുന്ന താരം അയർലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പരയിലൂടെ മടങ്ങിവരുമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ദീർഘകാലമായി അലട്ടിയിരുന്ന പുറംവേദനയെ തുടർന്ന് ഈ വർഷം മാർച്ചിലായിരുന്നു ജസ്പ്രീത് ബുമ്രയുടെ ശസ്ത്രക്രിയ. ഇതിന് ശേഷമാണ് തുടർ ചികില്‍സയ്ക്കും പരിശീലനത്തിനുമായി താരം ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെത്തിയത്. തുടർ ചികില്‍സകള്‍ക്ക് ശേഷം ബുമ്ര കഴിഞ്ഞ മാസം എന്‍സിഎയില്‍ ബൗളിംഗ് ആരംഭിച്ചിരുന്നു. ഇപ്പോള്‍ നെറ്റ്‍സില്‍ പൂർണരീതിയില്‍ പന്തെറിയുന്ന താരം ഫിറ്റ്നസ് കൈവരിക്കുന്നതിന് തൊട്ടരികെയാണ്. ഇതോടെ അയർലന്‍ഡിനെതിരെ വരാനിരിക്കുന്ന ടി20 പരമ്പരയില്‍ ബുമ്ര കളിച്ചേക്കും. ഘട്ടം ഘട്ടമായി തന്‍റെ വർക്ക് ലോഡ് എന്‍സിഎയില്‍ ഉയർത്തിവരികയാണ് ബുമ്ര. ഇപ്പോള്‍ 8-10 ഓവറുകള്‍ താരത്തിന് എറിയാനാകുന്നു. എന്‍സിഎ തലവന്‍ വിവിഎസ് ലക്ഷ്മണിന്‍റെ മേല്‍നോട്ടത്തിലാണ് ബുമ്രയുടെ പരിശീലനം. കഴിഞ്ഞ വർഷം സെപ്റ്റംബറിന് ശേഷം മത്സര ക്രിക്കറ്റ് കളിക്കാത്ത ബുമ്രയെ ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുന്നുണ്ട്. ഇതിന് മുമ്പ് അയർലന്‍ഡ് പര്യടത്തില്‍ രണ്ടാംനിര ടീമിനൊപ്പം ബുമ്രയെ അയച്ചേക്കും. മടങ്ങിവരവിന് മുമ്പ് എന്‍സിഎയില്‍ ബുമ്ര ചില പരിശീലന മത്സരങ്ങള്‍ കളിക്കാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബർ മുതല്‍ ടീം ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര കളിച്ചിട്ടില്ല. ന്യൂസിലന്‍ഡില്‍ വച്ച് ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് ടി20 ലോകകപ്പും ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഉള്‍പ്പടെ നിരവധി പരമ്പരകളും ഐപിഎല്‍ 2023 സീസണും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഏറ്റവുമൊടുവില്‍ വിന്‍ഡീസ് പര്യടനവും നഷ്ടമായിരുന്നു.
Read more: ഏഷ്യൻ ഗെയിംസ്: സ്വർണത്തിലേക്ക് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന് കാര്യങ്ങൾ വളരെ എളുപ്പം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!