
ബെംഗളൂരു: ഏഷ്യാ കപ്പിന് മുമ്പ് ടീം ഇന്ത്യക്ക് തിരിച്ചടിയായി ശ്രേയസ് അയ്യരുടെ പരിക്ക്. അയ്യർക്ക് ഇപ്പോഴും പുറംവേദന അനുഭവപ്പെടുന്നതായും എപ്പോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്ന് വ്യക്തമല്ല എന്നുമാണ് പുതിയ റിപ്പോർട്ട്. 'എപ്പോള്‍ കളിക്കളത്തിലേക്ക് മടങ്ങിയെത്താനാകും എന്ന് ആരാധകർ ചോദിക്കുന്നു, എന്നാല്‍ എനിക്കത് അറിയില്ല' എന്നുമാണ് ഔട്ട് ലുക്കിനോട് അയ്യരുടെ പ്രതികരണം. ഏഷ്യാ കപ്പില്‍ ശ്രേയസ് കളിക്കുന്ന കാര്യം ഇപ്പോള്‍ ഉറപ്പിക്കാനാവില്ല. ശസ്ത്രക്രിയക്ക് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് ശ്രേയസ് അയ്യർ ഇപ്പോഴുള്ളത്.
പുറംവേദനയെ തുടർന്ന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം വളരെ സാവധാനമാണ് ശ്രേയസ് അയ്യർ ഫിറ്റ്നസ് വീണ്ടെടുത്ത് വരുന്നത്. ലോകകപ്പ് ആവുമ്പോഴേക്ക് താരത്തിന് മടങ്ങിയെത്താനാകും എന്ന് കരുതുന്നതായി ബിസിസിഐ ഉന്നതന്‍ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ബോർഡർ-ഗാവസ്കർ ട്രോഫിക്കിടെയാണ് ശ്രേയസ് അയ്യർ പുറംവേദനയെ കുറിച്ച് പരാതിപ്പെട്ടത്. ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റില്‍ രണ്ട് ദിവസം കളിച്ച ശേഷം പുറംവേദന കാരണം താരത്തിന് മൈതാനത്ത് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഐപിഎല്‍ പതിനാറാം സീസണും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും താരത്തിന് നഷ്ടമായിരുന്നു. പിന്നാലെ മുഴുനീള വിന്‍ഡീസ് പര്യടനത്തിലും കളിക്കാനായില്ല. അയ്യർ എപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഇതിന് ശേഷം ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കേണ്ടത്.
ശ്രേയസ് അയ്യർക്ക് പുറമെ മറ്റൊരു മധ്യനിര ബാറ്റർ കെ എല്‍ രാഹുലും പരിക്കിന്‍റെ പിടിയിലാണ്. അതേസമയം പരിക്കിന്‍റെ പിടിയിലായിരുന്ന പേസർ ജസ്പ്രീത് ബുമ്ര ഏഷ്യാ കപ്പ് കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Read more: കേരള ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കെ ജയരാമൻ അന്തരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം