
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് ടൂർണമെൻറിൽ ഇന്ത്യൻ പുരുഷ ടീമിന് കാര്യങ്ങൾ എളുപ്പം. 18 ടീമുകൾ മാറ്റുരയ്ക്കുന്ന പുരുഷൻമാരുടെ വിഭാഗത്തിൽ ഇന്ത്യക്ക് നേരിട്ട് ക്വാർട്ടർ ഫൈനൽ കളിക്കാം. ജൂൺ 1 പ്രകാരമുള്ള ഐസിസി റാങ്കിംഗിന്‍റെ അടിസ്ഥാനത്തിൽ ഗെയിംസിൽ പങ്കെടുക്കുന്ന ഏറ്റവും മികച്ച ടീമായതിനാലാണിത്. ഇഞ്ചിയോണിൽ നടന്ന കഴിഞ്ഞ ഗെയിംസിൽ ശ്രീലങ്കയ്ക്കായിരുന്നു കിരീടം. ആദ്യമായാണ് ബിസിസിഐ ഏഷ്യാഡിന് ടീമിനെ അയക്കുന്നത്. ഇത്തവണ രണ്ടാംനിര ടീമിനെയാണ് അയക്കുന്നതെങ്കിലും ടീം ഇന്ത്യയാണ് ഫേവറൈറ്റുകൾ.
ചൈനയിലെ ഹാങ്ഝൗ വേദിയാവുന്ന ഗെയിംസിനായി യുവതാരം റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ നായകത്വത്തിൽ 15 അംഗ സ്ക്വാഡിനെ ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അഞ്ച് സ്റ്റാൻഡ് ബൈ താരങ്ങളും ടീമിനൊപ്പം ചൈനയിലേക്ക് യാത്ര തിരിക്കും. ട്വൻറി 20 ഫോർമാറ്റിലാണ് മത്സരങ്ങൾ. വിരാട് കോലി, രോഹിത് ശർമ്മ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ സീനിയർ ടീം താരങ്ങളാരും ഏഷ്യൻ ഗെയിംസിനില്ല. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്‍റെ പേരുമില്ല. ഇതേ സമയത്ത് ഏകദിന ലോകകപ്പ് ഇന്ത്യയിൽ വച്ച് നടക്കുന്നതിനാലാണ് സീനിയർ താരങ്ങളെ ഏഷ്യൻ ഗെയിംസിന് അയക്കാത്തത്. ഐപിഎൽ 2023ൽ തിളങ്ങിയ യുവതാരങ്ങളെല്ലാം തന്നെ ഗെയിംസിനുള്ള ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
18 മത്സരങ്ങളാണ് പുരുഷൻമാരുടെ വിഭാഗത്തിലുണ്ടാവുക. പിങ്ഫെങ് ക്രിക്കറ്റ് ഫീൽഡില് വച്ചായിരിക്കും മത്സരങ്ങൾ.
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീം: റുതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാൾ, രാഹുൽ ത്രിപാഠി, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേശ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, ആവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ, ശിവം മാവി, ശിവം ദുബെ, പ്രഭ്‌സിമ്രാൻ സിംഗ്.
സ്റ്റാൻഡ് ബൈ താരങ്ങൾ: യഷ് താക്കൂർ, സായ് കിഷോർ, വെങ്കടേഷ് അയ്യർ, ദീപക് ഹൂഡ, സായ് സുദർശൻ.
Read more: 'ഒറ്റയടിക്ക് ഒരു പടയെ ഒഴിവാക്കരുത്'; ഇന്ത്യന്‍ ടീമിലെ തലമുറ മാറ്റത്തെ കുറിച്ച് സന്ദീപ് പാട്ടില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം