ഏകദിനത്തിലും ടി20യിലും അയാള്‍ക്ക് ഒരവസരം കൂടി നല്‍കണമെന്ന് ഹര്‍ഭജന്‍

By Web TeamFirst Published Nov 20, 2019, 6:23 PM IST
Highlights

സുന്ദറിനെപ്പോലുള്ള യുവ ബൗളര്‍മാര്‍ അശ്വിനെ കണ്ടു പഠിക്കേണ്ടതാണ്. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന് ഞാനെതിരല്ല.

മുംബൈ: ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന് ടി20 ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലും വീണ്ടും അവസരം നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളെ നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് ഹര്‍ഭജന്റെ പ്രസ്താവന.

ടെസ്റ്റ് ക്രിക്കറ്റില്‍ അശ്വിന്‍ പുറത്തെടുക്കുന്ന മികവ് സെലക്ടര്‍മാര്‍ പരിഗണിക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു. ടി20 ക്രിക്കറ്റില്‍ വാഷിംഗ്ടണ്‍ സുന്ദറാണ് നിലവില്‍ ഇന്ത്യയുടെ ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്നത്. വിക്കറ്റെടുക്കുന്നതില്‍ മികവ് കാട്ടിയിട്ടുള്ള അശ്വിനുള്ളപ്പോള്‍ എന്ത് കൊണ്ട് അദ്ദേഹത്തിന് ഒരവസരം നല്‍കിക്കൂടാ. സമീപകാലത്ത് ടെസ്റ്റിലും അശ്വിന്റെ പ്രകടനം മികച്ചതാണ്. മറ്റ് സ്പിന്നര്‍മാരേക്കാള്‍ പന്ത് കൂടുതല്‍ ടേണ്‍ ചെയ്യിക്കാന്‍ അശ്വിനാവും. ഒപ്പം വൈവിധ്യവും അശ്വിന്റെ കൈമുതലാണ്.

സുന്ദറിനെപ്പോലുള്ള യുവ ബൗളര്‍മാര്‍ അശ്വിനെ കണ്ടു പഠിക്കേണ്ടതാണ്. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന് ഞാനെതിരല്ല. പക്ഷെ കടുത്ത മത്സരം നിലനില്‍ക്കുന്നതിനാല്‍ അവരും പരിചയ സമ്പന്നര്‍ക്ക് വഴി മാറിക്കൊടുക്കേണ്ടിവരുമെന്ന് മനസിലാക്കണം. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും തന്നെയാണ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഡേ നൈറ്റ് ടെസ്റ്റ്, ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൂടുതല്‍ കാണികളെ ആകര്‍ഷിക്കുമെന്നതിന് ഉറപ്പൊന്നുമില്ലെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

2017 ജൂലൈയിലാണ് അശ്വിന്‍ അവസാനമായി ഇന്ത്യക്കായി പരിമിത ഓവര്‍ ക്രിക്കറ്റില്‍ കളിച്ചത്. പിന്നീട് ജഡേജയും ഏകദിന, ടി20 ടീമുകളില്‍ നിന്ന് പുറത്തായി. ഇരുവരും ടെസ്റ്റില്‍ മാത്രമാണ് ഇപ്പോള്‍ ഒരുമിച്ച് പന്തെറിയുന്നത്.

click me!