ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഗംഭീറിന്റെ തുറന്ന സമീപനവും ധീരമായ നിലപാടുകളും പലപ്പോഴും അഹങ്കാരമായി തെറ്റിദ്ധരിക്കപ്പെടാറുണ്ടെന്നും, എന്നാല്‍ അദ്ദേഹം എപ്പോഴുമുള്ളതുപോലെ സ്വന്തം അഭിപ്രായങ്ങള്‍ വ്യക്തമായി പറയുന്ന വ്യക്തി മാത്രമാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. ഗൗതം ഗംഭീര്‍ വളരെ മികച്ചൊരു വ്യക്തിയാണെന്നും എന്നാല്‍ അദ്ദേഹം പറയുന്ന 'കയ്‌പ്പേറിയ സത്യങ്ങള്‍' ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും സാധിക്കാറില്ലെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിട്ടതോടെ ഗംഭീറിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. ഓസ്ട്രേലിയയില്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ ഇന്ത്യ, നാട്ടില്‍ ന്യൂസിലന്‍ഡിനോടും ദക്ഷിണാഫ്രിക്കയോടും പരമ്പര കൈവിട്ടു. ഈ സാഹചര്യത്തിലാണ് ഗംഭീറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ടീം മോശം പ്രകടനം നടത്തുമ്പോഴൊക്കെ എന്തിനാണ് പരിശീലകനെ മാത്രം കുറ്റപ്പെടുത്തുന്നതെന്ന് ഹര്‍ഭജന്‍ ചോദിക്കുന്നു. ''എന്തുകൊണ്ടാണ് ഗൗതം ഇത്രയധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്? ടീം നന്നായി കളിക്കാത്തപ്പോള്‍ ആളുകള്‍ എപ്പോഴും പരിശീലകനെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.'' ഹര്‍ഭജന്‍ പറഞ്ഞു.
കളിക്കളത്തിലെ ഗംഭീറിന്റെ ആക്രമണോത്സുകത മാത്രമല്ല അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സ്വഭാവമെന്ന് ഹര്‍ഭജന്‍ ഓര്‍മ്മിപ്പിച്ചു. യുവതാരമായി ടീമിലെത്തിയ കാലം മുതല്‍ ഗംഭീറിനെ തനിക്ക് അടുത്തറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ''പുസ്തകത്തിന്റെ പുറംചട്ട കണ്ട് അതിനെ വിലയിരുത്തരുത്. അദ്ദേഹം വളരെ മികച്ചൊരു വ്യക്തിയാണ്. കളി എങ്ങനെ കളിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ്.'' ഹര്‍ഭജന്‍ പറഞ്ഞു. ഇന്ത്യന്‍ പരിശീലകനായി ചുമതലയേറ്റ ഗംഭീര്‍ ടീമില്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന ഏക തത്വം 'വിജയത്തിനായി കളിക്കുക' എന്നത് മാത്രമാണെന്ന് ഹര്‍ഭജന്‍ പറഞ്ഞു.
സമനിലയ്ക്കായി പൊരുതുന്നതിനേക്കാള്‍, ജയത്തിനായി ശ്രമിച്ച് പരാജയപ്പെടുന്നതാണ് ഗംഭീറിന് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുംകാലങ്ങളിലെ മത്സരഫലങ്ങളാകും ഗംഭീറിന്റെ പരിശീലക കരിയര്‍ എങ്ങനെയെന്ന് തീരുമാനിക്കുകയെങ്കിലും, അദ്ദേഹത്തിന്റെ കടുത്ത സമീപനത്തിന് പിന്നിലുള്ളത് ടീമിനോടുള്ള ആത്മാര്‍ത്ഥതയും വിജയത്തോടുള്ള അഭിനിവേശവുമാണെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!