
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. വിരാട് കോലിയും കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയുമില്ലാത്ത ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നുറുപ്പാണ്.
ഫോമിലല്ലാത്ത ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ വേണമെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്.
ആഭ്യന്തര ക്രിക്കറ്റിലും ഇംഗ്ലണ്ട് ലയണ്‍സിനെതിരെയും പുറത്തെടുത്ത മികവും കണക്കിലെടുത്താല്‍ അഞ്ചാം നമ്പറില്‍ രജത് പാടീദാറിന് പകരം സര്‍ഫറാസ് ഖാനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്ന് ഹര്‍ഭജന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു. കഴിഞ്ഞ പത്തോളം ഇന്നിംഗ്സുകളിലായി ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും റണ്‍സടിച്ചിട്ടില്ല. വിശാഖപട്ടണത്ത് ഇരുവരും തിളങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ എല്‍ രാഹുലിന്‍റെ അഭാവത്തില്‍ വിശാഖപട്ടണം ടെസ്റ്റില്‍ ഇവരുടെ ഉത്തരവാദിത്തം കൂടുകയാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.
വിശാഖപട്ടണം ടെസ്റ്റില്‍ ബൗളിംഗ് നിരയില്‍ നാലു സ്പിന്നര്‍മാരുമായി ഇന്ത്യ ഇറങ്ങണമെന്നും ഹര്‍ഭജന്‍ പറഞ്ഞു. അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണം. പേസറായി ജസ്പ്രീത് ബുമ്ര മാത്രം പേസറായി പ്ലേയിംഗ് ഇലവനില്‍ മതി. വിശാഖപട്ടണം പിച്ച് സ്പിന്നര്‍മാരെ സഹായിക്കുമെന്നുറപ്പാണ്. ഹൈദരാബാദിലേക്കാള്‍ പന്ത് സ്പിന്‍ ചെയ്താല്‍ ബുമ്രയെ മാത്രം പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നതാകും ഉചിതമെന്നും ഹര്‍ഭജന് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, കെഎസ് ഭരത്, ധ്രുവ് ജുറെൽ, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുമ്ര, അവേശ് ഖാൻ, രജത് പാടീദാർ, സർഫറാസ് ഖാൻ, വാഷിംഗ്ടൺ സുന്ദർ, സൗരഭ് കുമാർ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!