ഹൈരാബാദില്‍ പ്ലേയിംഗ് ഇലവനില്‍ കളിച്ച മാര്‍ക്ക് വുഡിന് പകരം ഷൊയ്ബ് ബാഷിറിനെ കൂടി ബൗളിംഗ് നിരയില്‍ ഉള്‍പ്പെടുത്താനാണ് ഇംഗ്ലണ്ട് ആലോചിക്കുന്നത്.

വിശാഖപട്ടണം: ഇന്ത്യക്കെതിരെ വിശാഖപട്ടണത്ത് വെള്ളിയാഴ്ച തുടങ്ങുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ നാലു സ്പിന്നര്‍മാരെ കളിപ്പിക്കാനൊരുങ്ങി ഇംഗ്ലണ്ട്. ഹൈദരാബാദില്‍ മൂന്ന് സ്പിന്നര്‍മാരും ഒരേയൊരു പേസറുമാണ് ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവനില്‍ കളിച്ചത്. ഈ തന്ത്രം വിജയിച്ചതോടെ വിശാഖപട്ടണത്ത് നാലു സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ ഇംഗ്ലണ്ട് കോച്ച് ബ്രെണ്ടന്‍ മക്കല്ലം ആലോചിക്കുന്നത്.

ഹൈരാബാദില്‍ പ്ലേയിംഗ് ഇലവനില്‍ കളിച്ച മാര്‍ക്ക് വുഡിന് പകരം ഷൊയ്ബ് ബാഷിറിനെ കൂടി ബൗളിംഗ് നിരയില്‍ ഉള്‍പ്പെടുത്താനാണ് ഇംഗ്ലണ്ട് ആലോചിക്കുന്നത്. ജാക്ക് ലീച്ച്, ടോം ഹാര്‍ട്‌ലി, റെഹാന്‍ അഹമ്മദ്, ഷൊയ്ബ് ബാഷിര്‍ എന്നിവരടങ്ങുന്ന ബൗളിംഗ് നിരയുമായിട്ടായിരിക്കും ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിറങ്ങുക. അതേസമയം ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ജാക്ക് ലീച്ചിന്‍റെ ഫിറ്റ്നെസിന്‍റെ കാര്യത്തില്‍ ഇപ്പോഴും സംശയങ്ങളുണ്ട്. ലീച്ച് ഫിറ്റ്നെസ് തെളിയിച്ചാല്‍ മാത്രമെ രണ്ടാം ടെസ്റ്റില്‍ കളിക്കാനാവു.

100 ടെസ്റ്റ് കളിച്ച പൂജാരക്ക് പോലും കിട്ടാത്ത ആനുകൂല്യം അവന് കിട്ടുന്നു; യുവതാരത്തിനെതിരെ തുറന്നടിച്ച് കുംബ്ലെ

ആദ്യ ടെസ്റ്റില്‍ മാര്‍ക്ക് വുഡ് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പേസറായി ഉണ്ടായിരുന്നത്. മത്സരത്തില്‍ 25 ഓവര്‍ പന്തെറിഞ്ഞെങ്കിലും വുഡിന് വിക്കറ്റ് വീഴ്ത്താനായിരുന്നില്ല. രണ്ടാം ടെസ്റ്റിന് വേദിയാവുന്ന വിശാഖപട്ടണത്ത് വരണ്ട പിച്ചാണ് തയാറാക്കിയിക്കിയിരിക്കുന്നത്. ഇത് സ്പിന്നര്‍മാരെ സഹായിക്കുന്നതാണ്. ഈ പിച്ചില്‍ പേസര്‍മാര്‍ക്ക് യാതൊരു ആനുകൂല്യവും കിട്ടാനിടയില്ലാത്തതിനാലാണ് നാലു സ്പിന്നര്‍മാരെ കളിപ്പിക്കുന്ന കാര്യം ഇംഗ്ലണ്ട് ആലോചിക്കുന്നത്. ജോ റൂട്ട് കൂടി ചേരുമ്പോള്‍ ഇംഗ്ലണ്ടിന് അഞ്ച് സ്പിന്നര്‍മാരാകും ടീമില്‍.

ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റ് സമയത്ത് ഷൊയ്ബ് ബാഷിറിന് വിസ പ്രശ്നങ്ങള്‍ കാരണം ഇന്ത്യയിലെത്താനായിരുന്നില്ല. ആദ്യ ടെസ്റ്റിനുശേഷം ബാഷിര്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇംഗ്ലണ്ട് വിശാഖപട്ടണത്ത് നാലു സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ അത് അവരുടെ ടെസ്റ്റ് ചരിത്രത്തിലെ ആദ്യ സംഭവമാകും. കഴിഞ്ഞ ടെസ്റ്റിലാണ് അവര്‍ ആദ്യമായി ഒരു പേസറുമായി ഒരു ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക