
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മലയാളി താരം സഞ്ജു സാംസണ് പകരം റിഷഭ് പന്തിനെയാണ് ഹര്‍ഭജന്‍ സിംഗ് തെരഞ്ഞെടുത്തിരിക്കുന്നത്. അമേരിക്കയിലെയും വിന്‍ഡീസിലെയും പിച്ചുകളില്‍ അടിച്ചു തകര്‍ക്കുക എന്നത് അത്ര എളുപ്പമല്ലെന്നും അതിനാല്‍ തന്നെ യശസ്വി ജയ്സ്വാളിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം കിട്ടാനിടയില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.
സ്ലോ പിച്ചുകളില്‍ രോഹിത് ശര്‍മയും വിരാട് കോലിയും തന്നെയാണ് ഓപ്പണര്‍മാരാകാന്‍ മികച്ചവരെന്നും ഇരുവരും മികച്ച അടിത്തറയിട്ടാല്‍ ഇന്ത്യക്ക് വലിയ സ്കോര്‍ നേടാനാകുമെന്നും ഹര്‍ഭജന്‍ പറഞ്ഞു. അമേരിക്കയിലെ പിച്ചുകളില്‍ ബാറ്റിംഗ് അത്ര എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന താരങ്ങള്‍ അവസരത്തിനൊത്ത് ഉയരേണ്ടതെന്നും ഹര്‍ഭജന്‍ പറഞ്ഞു.
സ്ലോ പിച്ചുകളാണെങ്കിലും ഹര്‍ഭജന്‍ തന്‍റെ ടീമില്‍ മൂന്ന് പേസര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, എന്നിവര്‍ക്ക് പുറമെ മുഹമ്മദ് സിറാജിനെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ പിച്ചില്‍ പേസര്‍മാരാകും നിര്‍ണായകമാകുകയെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മത്സരത്തില്‍ ആന്‍റിച്ച് നോര്‍ക്യയുടെ ബൗളിംഗ് തന്നെ ഇതിന് ഉദാഹരണമാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ഇന്ത്യയിലായിരുന്നപ്പോള്‍ സ്പിന്നര്‍മാരാകും കളി നിയന്ത്രിക്കുക എന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അമേരിക്കയിലെത്തിയശേഷം മനസിലാവുന്നത് ഇവിടെ പേസര്‍മാര്‍ക്കും ഓരോ പന്തിലും വലിയ റോളുണ്ടെന്നതാണ്. സ്പിന്നര്‍മാര്‍ക്ക് ഇവിടെ സപ്പോര്‍ട്ടിംഗ് റോള്‍ മാത്രമെയുണ്ടാകു എന്ന് ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മത്സരം തെളിയിച്ചുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. അപ്രതീക്ഷിത ബൗണ്‍സുള്ള പിച്ച് ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കുന്നതിന് പുറമെ അടിത്തട്ടില്‍ മണലിന് മുകളിലുണ്ടാക്കിയ ഔട്ട് ഫീല്‍ഡ് പലര്‍ക്കും പരിക്കേല്‍ക്കാനുള്ള സാധ്യതകള്‍ കൂടുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!