എട്ടിന് ശ്രീലങ്കക്കെതിരായ മത്സരത്തില്‍ തിളങ്ങിയാല്‍ ഷാക്കിബിന് ഒന്നാം സ്ഥാനത്ത് തുടരാനാവും.
ദുബായ്: ടി20 ലോകകപ്പ് തുടങ്ങിയതിന് പിന്നാലെ പുറത്തിറക്കിയ പുതിയ ടി20 റാങ്കിംഗില്‍ വമ്പന്‍ കുതിപ്പുമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍റിച്ച് നോര്‍ക്യ. ശ്രീലങ്കക്കെതിരെ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയതിന്‍റെ പിന്‍ബലത്തില്‍ നോര്‍ക്യ ബൗളിംഗ് റാങ്കിംഗില്‍ ഒമ്പത് സ്ഥാനം മെച്ചെപ്പെടുത്തിയ നോര്‍ക്യ ആദ്യ പത്തിലെത്തി. പുതിയ റാങ്കിംഗില്‍ എട്ടാം സ്ഥാനത്താണ് നോര്‍ക്യ.
ആദ്യ പത്തില്‍ അഞ്ചാം സ്ഥാനത്തുള്ള ജോഷ് ഹേസല്‍വുഡിന് പുറമെയുള്ള ഒരേയൊരു പേസറും നോര്‍ക്യയയാണ്. ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഇന്ത്യയുടെ രവി ബിഷ്ണോയ് രണ്ടാമതും അക്സര്‍ പട്ടേല്‍ മൂന്നാം സ്ഥാനത്തുമുണ്ട്. അതേസമയം, ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ വാനിന്ദു ഹസരങ്കയെ മറികടന്നാണ് ഷാക്കിബ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഹസരങ്ക പൂജ്യത്തിന് പുറത്തായതാണ് തിരിച്ചടിയായത്.
എട്ടിന് ശ്രീലങ്കക്കെതിരായ മത്സരത്തില്‍ തിളങ്ങിയാല്‍ ഷാക്കിബിന് ഒന്നാം സ്ഥാനത്ത് തുടരാനാവും. ബാറ്റിംഗ് റാങ്കിംഗില്‍ 861 റേറ്റിംഗ് പോയന്‍റുമായി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാന്‍(766), പാക് ക്യാപ്റ്റന്‍ ബാബര്‍ അസം(765) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ ബാറ്റര്‍. ആറാം സ്ഥാനത്താണ് ജയ്സ്വാള്‍.
അതേസമയം, ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ന് അയര്‍ലന്‍ഡിനെ നേരിടാനിറങ്ങുന്ന ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ജയ്സ്വാളിന് അവസരമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയ്സ്വാളിന് പകരം രോഹിത് ശര്‍മക്കൊപ്പം വിരാട് കോലിയാകും ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്നാണ് കരുതുന്നത്.
