സഞ്ജുവിനുശേഷം നാലാം നമ്പറിലേക്ക് പുതിയ താരത്തെ നിര്‍ദേശിച്ച് ഹര്‍ഭജന്‍; പരിഹാസവുമായി യുവി

By Web TeamFirst Published Oct 1, 2019, 5:28 PM IST
Highlights

31 പന്തില്‍ 81 റണ്‍സടിച്ച സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ഇന്നിംഗ്സ് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ഭജന്റെ ചോദ്യം. കഠിനമായി പരിശ്രമിക്കാനും നിങ്ങളുടെ സമയം വരുമെന്നും ഹര്‍ഭജന്‍ സൂര്യകുമാര്‍ യാദവിനോട് പറഞ്ഞിരുന്നു.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ബാറ്റിംഗ് ഓര്‍ഡറിലെ നാലാം നമ്പര്‍ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ലോകകപ്പ് മുതല്‍ തുടങ്ങിയതാണ്. ലോകകപ്പിനുശേഷവും നാലാം നമ്പറില്‍ ആരാവണമെന്നതിനെക്കുറിച്ച് ടീം ഇന്ത്യക്ക് ഇതുവരെ ഉത്തരം കിട്ടിയിട്ടുമില്ല, ഇതിനിടെ നാലാം നമ്പറില്‍ മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് അഭിപ്രായപ്പെട്ടിരുന്നു.

തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്ക എക്കെതിരായ ഏകദിനത്തിലെ വെടിക്കെട്ട് ഇന്നിംഗ്സിനുശേഷമായിരുന്നു ഹര്‍ഭജന്‍ നാലാം നമ്പറിലേക്ക് സഞ്ജുവിന്റെ പേര് നിര്‍ദേശിച്ചത്. ഇപ്പോഴിതാ വിജയ് ഹസാരെ ട്രോഫിയില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത സൂര്യകുമാര്‍ യാദവിന്റെ പേരാണ് ഹര്‍ഭജന്‍ ഇന്ത്യന്‍ ടീമിലെ നാലാം നമ്പറിലേക്ക് നിര്‍ദേശിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ഇത്രയേറെ റണ്‍സടിച്ചുകൂട്ടിയിട്ടും എന്തുകൊണ്ടാണ് സൂര്യകുമാര്‍ യാദവിനെ നാലാം നമ്പറിലേക്ക് പരിഗണിക്കാത്തത് എന്നായിരുന്നു ഭാജിയുടെ ചോദ്യം.

Don’t know why he doesn’t get picked for india after scoring runs heavily in domestic cricket keep working hard.. your time will come pic.twitter.com/XO6xXtaAxC

— Harbhajan Turbanator (@harbhajan_singh)

31 പന്തില്‍ 81 റണ്‍സടിച്ച സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ഇന്നിംഗ്സ് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ഭജന്റെ ചോദ്യം. കഠിനമായി പരിശ്രമിക്കാനും നിങ്ങളുടെ സമയം വരുമെന്നും ഹര്‍ഭജന്‍ സൂര്യകുമാര്‍ യാദവിനോട് പറഞ്ഞിരുന്നു.എന്നാല്‍ ഹര്‍ഭജന്റെ ട്വീറ്റിന് പിന്നാലെ മറുപടിയുമായി മുന്‍ താരം യുവരാജ് സിംഗ് എത്തി.

Yaar I told you ! They don’t need a no 4 top order is very strong 😄

— yuvraj singh (@YUVSTRONG12)

താങ്കളോട് എത്ര പ്രാവശ്യം പറയണം. അവര്‍ക്ക് നാലാം നമ്പറില്‍ ബാറ്റ്സ്മാന്‍ വേണ്ടെന്ന്. കാരണം ടോപ് ഓര്‍ഡര്‍ അത്രക്ക് സ്ട്രോംഗാണെന്നായിരുന്നു യുവിയുടെ മറുപടി. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരടങ്ങുന്ന മുന്‍നിരയുടെ  കരുത്തിനെയാണ് യുവി ചൂണ്ടിക്കാട്ടിയതെങ്കിലും ഇത് കോലിക്കും കൂടിയുള്ള മറുപടിയാണെന്ന വാദവുമായി ആരാധകരും എത്തിയിട്ടുണ്ട്. മുന്‍നിര തകര്‍ന്ന മത്സരങ്ങളിലെല്ലാം ഇന്ത്യ വലിയ സ്കോര്‍ നേടാനാവാതെ പുറത്തായതാണ് ചരിത്രം.

click me!