
മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറ് ജയങ്ങള്‍ക്കുശേഷമുള്ള ആദ്യ തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസിനും ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യക്കും കനത്ത പിഴ ചുമത്തി ഐപിഎല്‍ അച്ചടക്കസമിതി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെപേരില്‍ മുംബൈ ഇന്ത്യൻസ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് 24 ലക്ഷം രൂപ പിഴ ചമുത്തി. സീസണില്‍ ഇത് രണ്ടാം തവണയാണ് തെറ്റ് ആവര്‍ത്തിക്കുന്നത് എന്നതിനാലാണ് കനത്ത പിഴ ചുമത്തിയത്.
ഇതിന് പുറമെ മുംബൈ ടീമിലെ ഇംപാക്ട് പ്ലേയര്‍ അടക്കം പ്ലേയിംഗ് ഇലവനിലുള്ള താരങ്ങള്‍ മാച്ച് ഫീയുടെ 25 ശതമാനമോ ആറ് ലക്ഷം രൂപയോ ഏതാണ് കുറവ് എന്നുവെച്ചാല്‍ അതും പിഴയായി ഒടുക്കണം. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകന്‍ ആശിഷ് നെഹ്റക്ക് മാച്ച് ഫീസിന്‍റെ 25 ശതമാനം പിഴ ചുമത്താനും ഐപിഎല്‍ അച്ചടക്ക സമിതിയ തീരുമാനിച്ചു. കളിയുടെ മാന്യതക്ക് നിരക്കാത്ത പെരുമാറ്റത്തിനാണ് പിഴയെന്ന് പറയുന്നുണ്ടെങ്കിലും എന്താണ് നെഹ്റ ചെയ്ത തെറ്റെന്ന് വ്യക്തമാക്കിയിട്ടില്ല.
'അത് വലിയ 'ക്രൈം',തോല്‍വിക്കുശേഷം ഹാര്‍ദ്ദിക്; പക്ഷെ അത് 2 തവണ ചെയ്തത് ക്യാപ്റ്റൻ തന്നെ
ഇന്നലെ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവസാന പന്തിലാണ് ഗുജറാത്ത് വിജയം അടിച്ചെടുത്തത്. മഴ മൂലം പലവട്ടം തടസപ്പെട്ട മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 155 റണ്‍സടിച്ചെങ്കിലും ഗുജറാത്തിന്‍റെ വിജയലക്ഷ്യം 19 ഓവറില്‍ 147 റണ്‍സായി പുനര്‍ നിര്‍ണയിച്ചിരുന്നു. ദീപക് ചാഹര്‍ എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ അവസാന ഓവറില്‍ മുംബൈക്ക് നാല് ഫീല്‍ഡര്‍മാരെ മാത്രമെ ബൗണ്ടറിയില്‍ നിര്‍ത്താന്‍ കഴിഞ്ഞിരുന്നുള്ളു.
ഈ അവസരം മുതലാക്കിയ രാഹുല്‍ തെവാത്തിയ അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ എക്സ്ര്ടാ കവറിന് മുകളിലൂടെ ബൗണ്ടറി നേടി ഗുജറാത്തിന് മുന്‍തൂക്കം നല്‍കി. പിന്നീട് ജെറാള്‍ഡ് കോട്സിയുടെ സിക്സിലൂടെ വിജയത്തിന് അടുത്തെത്തിയ ഗുജറാത്ത് അവസാന പന്തില്‍ വിജയ റൺ ഓടിയെടുത്തു. ഗുജറാത്ത് ടൈറ്റന്‍സിനോടേറ്റ തോല്‍വി മുംബൈ ഇന്ത്യൻസിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാവുകയും ചെയ്തു.
12 കളികലില്‍ 14 പോയന്‍റുമായി ഇപ്പോഴും ടോപ് ഫോറിലുണ്ടെങ്കിലും അവസാന രണ്ട് കളികളും ജയിച്ചാലെ മുംബൈക്ക് ഇനി പ്ലേ ഓഫ് ഉറപ്പിക്കാനാവു. അവസാന രണ്ട് മത്സരങ്ങളില്‍ എതിരാളികളാകട്ടെ പ്ലേ ഓഫ് സ്വപ്നം കാണുന്ന അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിംഗ്സും. ഇതില്‍ പഞ്ചാബിനെതിരായ മത്സരം എതിരാളികളുടെ മൈതാനാത്തുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക