മത്സരശേഷം നിര്‍ണായക ഘട്ടങ്ങളില്‍ നോ ബോൾ എറിഞ്ഞതിനെ ഹാര്‍ദ്ദിക് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിര്‍ണായക സന്ദര്‍ഭത്തില്‍ ഓവര്‍ സ്റ്റെപ്പ് നോ ബോളെറിഞ്ഞത് വലിയ ക്രൈം ആണെന്നായിരുന്നു ഹാര്‍ദ്ദിക്കിന്‍റെ മയമില്ലാത്ത വാക്കുകള്‍.

മുംബൈ: ഐപിഎല്ലിലെ ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടേറ്റ തോല്‍വി മുംബൈ ഇന്ത്യൻസിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. 12 കളികലില്‍ 14 പോയന്‍റുമായി ഇപ്പോഴും ടോപ് ഫോറിലുണ്ടെങ്കിലും അവസാന രണ്ട് കളികളും ജയിച്ചാലെ മുംബൈക്ക് ഇനി പ്ലേ ഓഫ് ഉറപ്പിക്കാനാവു. അവസാന രണ്ട് മത്സരങ്ങളില്‍ എതിരാളികളാകട്ടെ പ്ലേ ഓഫ് സ്വപ്നം കാണുന്ന അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിംഗ്സും. ഇതില്‍ പഞ്ചാബിനെതിരായ മത്സരം എതിരാളികളുടെ മൈതാനാത്തുമാണ്.

മത്സരശേഷം നിര്‍ണായക ഘട്ടങ്ങളില്‍ നോ ബോൾ എറിഞ്ഞതിനെ ഹാര്‍ദ്ദിക് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിര്‍ണായക സന്ദര്‍ഭത്തില്‍ ഓവര്‍ സ്റ്റെപ്പ് നോ ബോളെറിഞ്ഞത് വലിയ ക്രൈം ആണെന്നായിരുന്നു ഹാര്‍ദ്ദിക്കിന്‍റെ മയമില്ലാത്ത വാക്കുകള്‍.150 റണ്‍സ് സ്കോര്‍ ചെയ്യേണ്ട വിക്കറ്റായിരുന്നില്ല ഇത്. 25 റണ്‍സെങ്കിലും അധികം നേടാനാവുന്ന വിക്കറ്റായിരുന്നു. ക്യാച്ചുകള്‍ മത്സരം ജയിപ്പിക്കുമെന്നാണല്ലോ. എന്നാല്‍ ഇന്ന് കൈവിട്ട ക്യാച്ചുകളല്ല ഞങ്ങള്‍ക്ക് തിരിച്ചടിയായത്. നോ ബോളുകളായിരുന്നു.

ഓറഞ്ച് ക്യാപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; റൺവേട്ടയിൽ സൂര്യ വീണ്ടും ഒന്നാമത്, സുദര്‍ശനും ഗില്ലും തൊട്ടുപിന്നിൽ

ഞാനെറിഞ്ഞ നോ ബോളും അവസാന ഓവറില്‍ ദീപക് ചാഹര്‍ എറിഞ്ഞ നോ ബോളും തിരിച്ചടിയായി. ടി20 ക്രിക്കറ്റില്‍ ഓവര്‍ സ്റ്റെപ്പ് നോ ബോളെറിയുന്നത് ഒരു വലിയ ക്രൈം ആണെന്നാണ് ഞാന്‍ കരുതുന്നത്. അത് നിങ്ങള്‍ക്ക് തിരിച്ചടിയാകും. എങ്കിലും ബൗളര്‍മാര്‍ക്കാണ് എല്ലാ ക്രെഡിറ്റും. അവര്‍ വീറോടെ പോരാടി. കളിക്കാരെല്ലാം അവരുടെ 120 ശതമാനം നല്‍കിയതില്‍ സന്തോഷമുണ്ടെന്നും ഹാര്‍ദ്ദിക് പറഞ്ഞു. മത്സരത്തില്‍ ഗുജറാത്ത് ഇന്നിംഗ്സിലെ പന്ത്രണ്ടാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ നിര്‍ണായക ക്യാച്ച് തിലക് വര്‍മ കൈവിട്ടിരുന്നു.

മഴമൂലം ഗുജറാത്തിന്‍റെ വിജയലക്ഷ്യം 147 റണ്‍സായി കുറച്ചപ്പോള്‍ ദീപക് ചാഹര്‍ എറിഞ്ഞ അവസാന ഓവറില്‍ ഗുജറാത്തിന് ജയിക്കാന്‍ 15 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ രാഹുല്‍ തെവാത്തിയ ബൗണ്ടറി നേടിയത് ഗുജറാത്തിന് ആശ്വാസമായി. രണ്ടാം പന്തില്‍ സിംഗിളെടുത്ത തെവാത്തിയ സ്ട്രൈക്ക് ജെറാള്‍ഡ് കോട്സീക്ക് കൈമാറി. ചാഹര്‍ എറിഞ്ഞ മൂന്നാം പന്ത് സിക്സിന് പറത്തിയ കോട്സി നോ ബോളായ അടുത്ത പന്തില്‍ സിംഗിളെടുത്തു. ഫ്രീ ഹിറ്റായ പന്തിലും സിംഗിളെടുത്ത ഗുജറാത്തിന് അഞ്ചാം പന്തില്‍ കോട്സിയുടെ വിക്കറ്റ് നഷ്ടമായി. ഇതോടെ അവസാന പന്തില്‍ ലക്ഷ്യം ഒരു റണ്ണായി. ദീപക് ചാഹറിന്‍റെ പന്ത് മിഡോണിലേക്ക് തട്ടിയിട്ട് അര്‍ഷാദ് ഖാന്‍ ഓടിയെങ്കിലും റണ്ണൗട്ടാക്കാൻ ലഭിച്ച സുവര്‍ണാവസരം മുംബൈ നഷ്ടമാക്കി.

ചാഹര്‍ അവസാന ഓവറില്‍ നോ ബോളെറിയും മുമ്പെ ഹാര്‍ദ്ദിക് തന്നെ ആ ക്രൈം രണ്ട് തവണ ചെയ്തുവെന്നതാണ് ശ്രദ്ധേയമായ കാര്യം. മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഗുജറാത്ത് പതറുമ്പോള്‍ എട്ടാം ഓവര്‍ എറിയാനായി ഹാര്‍ദ്ദിക് സ്വയം പന്തെടുത്തു. ഈ സമയം ഡിഎല്‍എസ് പ്രകാരം എത്തേണ്ട സ്കോറിന് ആറ് റണ്‍സ് പിന്നിലായിരുന്ന ഗുജറാത്ത് 40-1 എന്ന നിലയിലായിരുന്നു. ഹാര്‍ദ്ദിക്കിന്‍റെ ആദ്യ പന്തില്‍ ഗില്‍ സിംഗിളെടുത്തപ്പോള്‍ രണ്ടാം പന്ത് ബട്‌ലര്‍ ബൗണ്ടറി കടത്തി. മൂന്നാം പന്തില്‍ വീണ്ടും സിംഗിള്‍.

നാലാം പന്ത് വൈഡ് ആയി. വീണ്ടുമെറിഞ്ഞ നാലാം പന്ത് ഓവര്‍ സ്റ്റെപ്പ് നോ ബോള്‍. അടുത്ത പന്തും വൈഡ്, വീണ്ടും ഓവര്‍ സ്റ്റെപ്പ് നോ ബോള്‍. ഫ്രീ ഹിറ്റായ നാലാം പന്തില്‍ ഗില്ലിന്‍റെ സിക്സ്. വീണ്ടുമൊരു വൈഡ് കൂടി എറിഞ്ഞ ഹാര്‍ദ്ദിക് ഓവറില്‍ എറിഞ്ഞത് 11 പന്തുകൾ. 18 റണ്‍സ് പിറന്ന ഹാര്‍ദ്ദിക്കിന്‍റെ ഓവര്‍ പൂര്‍ത്തിയാവുമ്പോഴേക്കും ഗുജറാത്ത് ഡിഎല്‍സ് സ്കോറിന് അഞ്ച് റണ്‍സ് മുന്നിലെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക