
മുംബൈ: ഏഷ്യാ കപ്പിന് മുമ്പ് വിരാട് കോലിക്കും രോഹിത് ശര്‍മക്കും പിന്നാലെ യോ യോ ടെസ്റ്റില്‍ ജയിച്ച് വൈസ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. എന്നാല്‍ വിരാട് കോലി തന്‍റെ യോ യോ ടെസ്റ്റിലെ സ്കോര്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമാക്കിയതിന് ബിസിസിഐയുടെ താക്കീത് വാങ്ങിയതിനാല്‍ ഹാര്‍ദ്ദിക്കിന്‍റെ യോ യോ ടെസ്റ്റിലെ സ്കോര്‍ എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ല.16.5 ആണ് നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് യോ യോ ടെസ്റ്റില്‍ വിജയിക്കാനുള്ള സ്കോര്‍.
യോ യോ ടെസ്റ്റില്‍ ഓരോ ദിവസവും നേടുന്ന സ്കോറുകള്‍ വ്യത്യസ്തമാകാനുള്ള സാധ്യതയുണ്ട്. ഒരു ദിവസം 17 നേടുന്ന കളിക്കാരന് ചിലപ്പോള്‍ അടുത്ത ദിവസം 19 സ്കോര്‍ നേടിയേക്കാം. അതേസമയം, ഏഷ്യാ കപ്പ് ടീമിലുള്‍പ്പെട്ട കെ എല്‍ രാഹുല്‍ ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് യോ യോ ടെസ്റ്റുണ്ടാവില്ല. രാഹുലിന് നേരിയ പരിക്കുള്ളതിനാലാണ് യോ യോ ടെസ്റ്റ് നടത്താത്തത് എന്നാണ് വിശദീകരണം. രാഹുലിന്‍റെ ബാറ്റിംഗ് കായികക്ഷമതയില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി അധികൃതര്‍ സന്തുഷ്ടരാണെങ്കിലും വിക്കറ്റ് കീപ്പിംഗിന്‍റെ കാര്യം ഇപ്പോഴും സംശയത്തിലാണ്.
കിംഗ് കോലിക്കും മേലെ പറന്ന് ചന്ദ്രയാന്‍, 'എക്സി'ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കണ്ട പോസ്റ്റ്
വരും ദിവസങ്ങളില്‍ ടീം മാനേജ്മെന്‍റ് രാഹുലിന്‍റെ പുരോഗതി വിലയിരുത്തും. ഇതിനുശേഷമാകും ലോകകപ്പിലെ പങ്കാളിത്തം സംബന്ധിച്ച് തീരുമാനമെടുക്കുക. രാഹുലിന് പുറമെ പരിക്കില്‍ നിന്ന് തിരിച്ചെത്തുന്ന ശ്രേയസ് അയ്യര്‍ക്കും യോ യോ ടെസ്റ്റുണ്ടാവില്ല. അതേസമയം, അയര്‍ലന്‍ഡ് പര്യടനത്തില്‍ കളിച്ച ജസ്പ്രീത് ബുമ്ര, സഞ്ജു സാംസണ്‍, പ്രസിദ്ധ് കൃഷ്ണ, തിലക് വര്‍മ എന്നിവര്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ടീം ക്യാംപിനൊപ്പം ചേര്‍ന്ന് യോ യോ ടെസ്റ്റിന് വിധേയരാകും.
എന്താണ് യോ യോ ടെസ്റ്റ്
കായികതാരങ്ങളുടെ കായികക്ഷമത അളക്കാനുള്ള ശാസ്ത്രീയ രീതിയാണ് യോ യോ ടെസ്റ്റ്. 20 മീറ്റര്‍ അകലത്തില്‍ സ്ഥാപിക്കുന്ന രണ്ട് പ്ലാസ്റ്റിക്ക് കോണുകള്‍ക്കിടയിലൂടെ വേഗം വര്‍ധിപ്പിച്ച് ഓടിയാണ് യോ യോ ടെസ്റ്റ് നടത്തുന്നത്. ലെവല്‍ 5, 9, 11, 12 തുടങ്ങി 23 വരെ ഓരോ വേഗം നിശ്ചയിച്ചിട്ടുണ്ട്. ആദ്യ ലെവലില്‍ ഒറ്റത്തവണ മാത്രം അങ്ങോട്ടും ഇങ്ങോട്ടും ഓടിയാല്‍ മതി. ലെവല്‍ കൂടുംതോറും എണ്ണം കൂടും. ലെവല്‍ 16ലെ ആദ്യ ടെസ്റ്റ് പാസായാല്‍ ക്രിക്കറ്റ് താരങ്ങള്‍ യോ യോ ടെസ്റ്റ് പാസാവും. ഇതിന് പുറമെ ക്രിക്കറ്റിലാണെങ്കില്‍ ബാറ്റ്സ്മാന്‍മാരും സ്പിന്നര്‍മാരും രണ്ട് കിലോ മീറ്റര്‍ ദൂരം 8 മിനിറ്റ് 30 സെക്കന്‍ഡില്‍ ഓടണം. പേസര്‍മാരാണെങ്കില്‍ 2 കിലോമീറ്റര്‍ 8 മിനിറ്റും 15 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!