
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ രണ്ട് ടി20യിലും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത് ബാറ്റിംഗ് നിര അവസരത്തിനൊത്ത് ഉയരാതിരുന്നതും നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പറ്റിയ തന്ത്രപരമായ പിഴുകളുമായിരുന്നു. മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്ന യുസ്‌വേന്ദ്ര ചാഹലിന് രണ്ട് മത്സരങ്ങളിലും നാലോവര്‍ തികച്ച് പന്തെറിയാനായില്ലെന്ന് മാത്രമല്ല, രണ്ടാം മത്സരത്തില്‍ ഒരോവറില്‍ രണ്ട് വിക്കറ്റെടുത്ത ചാഹലിന് വിന്‍ഡീസ് വാലറ്റം ക്രീസില്‍ നിന്നപ്പോഴും വീണ്ടും പന്ത് നല്‍കാതിരുന്നത് തോല്‍വിയില്‍ നിര്‍ണായകമായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ വീഴ്ചകളെക്കുറിച്ച് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍.
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരിക്കുമ്പോള്‍ പരിശീലകനായ ആശിഷ് നെഹ്റയില്‍ നിന്ന് കിട്ടുന്ന പിന്തുണ രാഹുല്‍ ദ്രാവിഡില്‍ നിന്ന് ഹാര്‍ദ്ദിക്കിന് ലഭിക്കുന്നില്ലെന്ന് പാര്‍ഥിവ് ക്രിക് ബസിനോട് പറഞ്ഞു.ഹാര്‍ദ്ദിക്കിന് ആദ്യ രണ്ട് മത്സരങ്ങളിലും തന്ത്രപരമായ പിഴവുകള്‍ പറ്റി. ആദ്യ മത്സരത്തില്‍ നിക്കോളാസ് പുരാന്‍ ക്രീസിലുളളപ്പോള്‍ അക്ഷര്‍ പട്ടേലിനെക്കൊണ്ട് പന്തെറിയിച്ചതായിരുന്നു ആദ്യത്തേത്.
അക്ഷര്‍ റണ്‍സ് വഴങ്ങിയതോടെ അത് മത്സരത്തില്‍ നിര്‍ണായകമായി. രണ്ടാം മത്സരത്തില്‍ ചാഹലിനെക്കൊണ്ട് വിന്‍ഡീസ് വാലറ്റത്തിനെതിരെ പന്തെറിയിക്കാതിരുന്നതായിരുന്നു. അവിടെയാണ് കോച്ചിന്‍റെ പ്രസക്തി. ആശിഷ് നെഹറയെപ്പോലെ മത്സരത്തില്‍ സജീവമായി ഇടപെടുന്ന കോച്ച് അല്ല ദ്രാവിഡ്. അതുകൊണ്ടുതന്നെ ഹാര്‍ദ്ദിക്കിന് നിര്‍ണായക സമയങ്ങളില്‍ വേണ്ട ഉപദേശം കിട്ടുന്നില്ല. സജീവമായി ഇടപെടുന്ന പരിശീലകനെയാണ് ടി20 ക്രിക്കറ്റില്‍ ആവശ്യം. ദ്രാവിഡ് അതിന് യോജിച്ച ആളാണോ എന്ന് എനിക്ക് സംശയമുണ്ട്. ഹാര്‍ദ്ദിക്കിന് ക്യാപ്റ്റന്‍സി മികവുണ്ട്. പക്ഷെ, അത് മിനുക്കിയെടുക്കാന്‍ പറ്റുന്ന തന്ത്രങ്ങള്‍ ഉപദേശിക്കാന്‍ കഴിയുന്ന പരിശീലകന്‍ കൂടി വേണം.അത് ദ്രാവിഡില്‍ നിന്ന് നിലവില്‍ കിട്ടുന്നില്ലെന്നും ടി20 ക്രിക്കറ്റിന് യോജിക്കുന്ന പരിശീലകനോ ദ്രാവിഡെന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നും പാര്‍ഥിവ് പറഞ്ഞു.
തോറ്റാല്‍ പരമ്പര നഷ്ടമെന്ന നാണക്കേട്, ഇന്ത്യ-വിന്‍ഡീസ് മൂന്നാം ടി20 ഇന്ന്;സഞ്ജുവിനും നിര്‍ണായകം
ആദ്യ ടി20യില്‍ നാലു റണ്‍സിന് തോറ്റ ഇന്ത്യ രണ്ടാം ടി20യില്‍ രണ്ട് വിക്കറ്റിനാണ് തോറ്റത്. രണ്ടാം മത്സരത്തില്‍ പതിനാറാം ഓവറില്‍ രണ്ട് വിക്കറ്റെടുത്ത ചാഹലിനെ വീണ്ടും പന്തെറിയിക്കാതിരുന്ന ഹാര്‍ദ്ദിക്കിന്‍റെ തീരുമാനത്തിനെതിരെ വിമര്‍ശനം ഉയരുമ്പോഴാണ് ദ്രാവിഡിന്‍റെ സഹായം ഹാര്‍ദ്ദിക്കിന് കിട്ടുന്നില്ലെന്ന് പാര്‍ഥിവ് തുറന്നു പറയുന്നത്. പരമ്പരയിലെ മൂന്നാം ടി20 ഇന്ന് നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!