
മുംബൈ: ഹോം ഗ്രൗണ്ടില്‍ ടോസിനെത്തിയപ്പോള്‍ കൂവിയവരെ കൊണ്ട് കൈയടിപ്പിക്കാന്‍ ഉറപ്പിച്ചായിരുന്നു ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ക്രീസിലിറങ്ങിയത്. കരുതല്‍ ഒഴിവാക്കി കണ്ണും പൂട്ടിയുള്ള ആക്രമണമായിരുന്നു ഹാര്‍ദ്ദിക് തുടക്കത്തില്‍ കാഴ്ചവെച്ചത്. ബോള്‍ട്ടിളക്കിയ മുംബൈ ബാറ്റിംഗ് നിരയെ താങ്ങി നിര്‍ത്തി കൂവിയവരെക്കൊണ്ട് തന്നെ ഹാര്‍ദ്ദിക് ഒടുവില്‍ കൈയടിപ്പിക്കുമെന്ന് തോന്നിക്കുകയും ചെയ്തു. എന്നാല്‍ 21 പന്തില്‍ 34 റണ്‍സെടുത്ത ഹാര്‍ദ്ദിക്കിന് അമിതാവേശം വിനയായി. യൂസ്‌വേന്ദ്ര ചാഹലിനെ സിക്സിന് പറത്താനുള്ള പാണ്ഡ്യയുടെ ശ്രമം ലോംഗ് ഓണില്‍ റൊവ്മാന്‍ പവലിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ അവസാനിച്ചു.
ഹാര്‍ദ്ദിക് ക്രീസിലെത്തിയപാടെ യോര്‍ക്കർ എറിഞ്ഞാണ് നാന്ദ്രെ ബര്‍ഗര്‍ സ്വീകരിച്ചത്. പന്ത് പ്രതിരോധിച്ച ഹാര്‍ദ്ദിക്കിനെ കാണികള്‍ കൂവി. അടുത്ത രണ്ട് പന്തിലും ഹാര്‍ദ്ദിക്കിന് റണ്ണെടുക്കാനായില്ല. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ നാന്ദ്രെ ബര്‍ഗറെ ബൗണ്ടറിയടിച്ച് തുടങ്ങിയ ഹാര്‍ദ്ദിക് ആ ഓവറില്‍ രണ്ട് ബൗണ്ടറി കൂടി നേടി അറ്റാക്കിംഗ് മോഡിലേക്ക് മാറി.ആവേശ് ഖാനെയും യുസ്‌വേന്ദ്ര ചാഹലിനെയും അശ്വി
നെയും ബൗണ്ടറി കടത്തിയ ഹാര്‍ദ്ദിക് മുംബൈയിലെ കാണികളെ പതുക്കെ നിശബ്ദരാക്കുകയായിരുന്നു.
മറുവശത്ത് തിലക് വര്‍മയും തകര്‍ത്തടിച്ചതോടെ മുംബൈ ആദ്യ ഞെട്ടലില്‍ നിന്ന് കരകയറിയെന്ന് തോന്നിച്ചു.എന്നാല്‍ ചാഹലിനെ സിക്സിന് പറത്താനുള്ള പാണ്ഡ്യയുടെ ശ്രമം പവലിന്‍റെ കൈകളില്‍ ഒതുങ്ങി. 21 പന്തില്‍ ആറ് ബൗണ്ടറികള്‍ പറത്തിയാണ് പാണ്ഡ്യ 34 റണ്‍സടിച്ചത്. വലിയൊരു ഇന്നിംഗ്സിലൂടെ മുംബൈയിലെ കാണികളുടെ വിശ്വാസം തിരിച്ചുപിടിക്കാനുള്ള സുവര്‍ണാവസരം ഹാര്‍ദ്ദിക്കിന് നഷ്ടമാകുകയും ചെയ്തു.
നേരത്തെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായശേഷം ആദ്യമായി വാംഖഡെയില്‍ ഹോം മത്സരത്തിനിറങ്ങിയ രോഹിത് ശര്‍മ ട്രെന്‍റ് ബോള്‍ട്ടിന്‍റെ പന്തില്‍ സഞ്ജുവിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ മുംബൈ മൂകമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!