ഞാനാണ് ക്യാപ്റ്റനെങ്കിൽ എന്‍റെ ചിന്താഗതി മറ്റൊന്നായിരിക്കും. സഞ്ജു ഇപ്പോൾ പൂർണ്ണമായും ഫോം ഔട്ടാണ്.
ദില്ലി: ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിന് തൊട്ടുമുൻപ് അഭിഷേക് ശര്‍മ കളിക്കുമോ എന്ന കാര്യത്തില്‍ സസ്പെന്‍സ് തുടരുന്നതിനിടെ പകരക്കാരനായി സഞ്ജു സാംസണ് പകരം മറ്റൊരു താരത്തിന്‍റെ പേര് നിര്‍ദേശിച്ച് മുന്‍ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. നമീബിയക്കെതിരെ അഭിഷേക് കളിച്ചില്ലെങ്കില്‍ പകരം സഞ്ജുവിനെയല്ല പരിക്കുമാറി തിരിച്ചെത്തുന്ന വാഷിംഗ്ടണ്‍ സുന്ദറിനെ ഓപ്പണറാക്കണമെന്നാണ് ശ്രീകാന്തിന്‍റെ നിര്‍ദേശം.
ഞാനാണ് ക്യാപ്റ്റനെങ്കിൽ എന്‍റെ ചിന്താഗതി മറ്റൊന്നായിരിക്കും. സഞ്ജു ഇപ്പോൾ പൂർണ്ണമായും ഫോം ഔട്ടാണ്. അദ്ദേഹത്തിന് വേണ്ടുവോളം അവസരങ്ങൾ നൽകിക്കഴിഞ്ഞു, എന്നാൽ ഒന്നും ചെയ്തില്ല. അതുകൊണ്ട് ഞാൻ വാഷിംഗ്ടൺ സുന്ദറിനെ ഓപ്പണറാക്കും. പാകിസ്ഥാനെതിരായ വലിയ മത്സരത്തിന് മുൻപ് സുന്ദറിന് മാച്ച് പ്രാക്ടീസ് ലഭിക്കാൻ ഇത് സഹായിക്കുമെന്നായിരുന്നു തന്‍റെ യുട്യൂബ് ചാനലില്‍ ശ്രീകാന്ത് പറഞ്ഞത്.
പരിക്കിനെത്തുടർന്ന് ടീമിന് പുറത്തായിരുന്ന വാഷിംഗ്ടൺ സുന്ദർ നമീബിയക്കെതിരായ മത്സരത്തിന് മുമ്പ് ടീമില്‍ തിരിച്ചെത്തിയതിനെ ശ്രീകാന്ത് സ്വാഗതം ചെയ്തു. പാകിസ്ഥാനെതിരായ മത്സരത്തിൽ അഭിഷേക് ശർമ്മ തിരിച്ചെത്തിയാൽ സുന്ദറിനെ എട്ടാം നമ്പറിലേക്ക് മാറ്റണമെന്നും ഇതിനായി റിങ്കു സിംഗിനെ ടീമിൽ നിന്ന് ഒഴിവാക്കണമെന്നും ശ്രീകാന്ത് നിർദ്ദേശിച്ചു. ഇത് തന്‍റെ 'ഔട്ട് ഓഫ് ദ് ബോക്സ്' ചിന്തയാണെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.
ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായെങ്കിലും അഭിഷേക് ശർമ്മ നമീബിയക്കെതിരെ കളിച്ച് ഫോം വീണ്ടെടുക്കേണ്ടത് പാകിസ്ഥാനെതിരായ മത്സരത്തിന് അത്യാവശ്യമായിരുന്നു. അഭിഷേകിന് കളിക്കാൻ കഴിയാത്തത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണെന്ന് ശ്രീകാന്ത് പറഞ്ഞു. സഞ്ജുവിനെയാണ് ഓപ്പണറാക്കുന്നതെങ്കിൽ അദ്ദേഹത്തിന് ലഭിക്കുന്ന അവസാന അവസരമായിരിക്കും ഇതെന്നും താരം അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും ശ്രീകാന്ത് ഓർമ്മിപ്പിച്ചു.
നമീബിയക്കെതിരെ ശ്രീകാന്ത് നിർദ്ദേശിച്ച ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ:സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വാഷിംഗ്ടൺ സുന്ദർ (അഭിഷേകിന് പകരം), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.
