'തിലക് വര്‍മയുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു'; മത്സരശേഷം ഹാര്‍ദിക് പാണ്ഡ്യ

Published : Apr 21, 2026, 12:04 PM IST
Hardik Pandya

Synopsis

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഉപദേശം തിലക് വര്‍മയുടെ പ്രകടനത്തില്‍ നിര്‍ണായകമായി. പതറിനിന്ന തിലക്, ഹാര്‍ദിക്കുമായി സംസാരിച്ച ശേഷം വെടിക്കെട്ട് ബാറ്റിംഗിലൂടെ സെഞ്ച്വറി നേടുകയും മുംബൈ ഇന്ത്യന്‍സിന് 99 റണ്‍സിന്റെ കൂറ്റന്‍ വിജയം സമ്മാനിക്കുകയും ചെയ്തു.

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഉജ്ജ്വല വിജയം സമ്മാനിച്ചത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഇടപെടലും തിലക് വര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയുമായിരുന്നു. ഒരു ഘട്ടത്തില്‍ പതറിയ മുംബൈയെ, ഹാര്‍ദിക് പാണ്ഡ്യ നല്‍കിയ ആത്മവിശ്വാസം എങ്ങനെ മാറ്റിമറിച്ചു എന്നത് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുകയാണ്. മത്സരത്തിന്റെ ഡ്രിങ്ക്‌സ് ബ്രേക്ക് സമയത്ത് ഹാര്‍ദിക് പാണ്ഡ്യയും തിലക് വര്‍മ്മയും തമ്മില്‍ നടത്തിയ ഗൗരവമേറിയ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അപ്പോള്‍ 22 പന്തില്‍ 19 റണ്‍സുമായി തിലക് ക്രീസില്‍ ബുദ്ധിമുട്ടുകയായിരുന്നു. സൂര്യകുമാര്‍ യാദവ്, ക്വിന്റണ്‍ ഡി കോക്ക് തുടങ്ങിയ പ്രമുഖര്‍ പുറത്തായതോടെ മുംബൈ വലിയ സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ പാണ്ഡ്യയുമായുള്ള ആ കൂടിക്കാഴ്ചയ്ക്ക് ശേഷം തിലക് വര്‍മ്മയുടെ ബാറ്റിംഗ് ശൈലി ആകെ മാറി. അടുത്ത 23 പന്തുകളില്‍ നിന്ന് 82 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഇതോടെ 45 പന്തില്‍ തിലക് തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി.

മത്സരശേഷം തിലകിനെ കുറിച്ച് ഹാര്‍ദിക് പറഞ്ഞതിങ്ങനെ... ''തിലകിന്റെ കഴിവില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. പന്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വാഭാവികമായ ശൈലിയില്‍ ബാറ്റ് ചെയ്യാനുമാണ് ഞാന്‍ അവനോട് പറഞ്ഞത്. അത് തിലകിനും ടീമിനും അത്യന്താപേക്ഷിതമായിരുന്നു.'' ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.

റെക്കോര്‍ഡ് വിജയം

14 ഓവറില്‍ 103 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലായിരുന്ന മുംബൈ, തിലകിന്റെ (101*) ബാറ്റിംഗ് കരുത്തില്‍ 199 എന്ന മികച്ച സ്‌കോറിലെത്തി. ഈ ആത്മവിശ്വാസം മുംബൈ ബോളിംഗിലും പ്രകടമായി. ജസ്പ്രിത് ബുംറ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി തുടക്കമിട്ടു. പിന്നാലെ വന്ന അശ്വനി കുമാര്‍ 24 റണ്‍സിന് 4 വിക്കറ്റുകള്‍ വീഴ്ത്തി ഗുജറാത്ത് നിരയെ തകര്‍ത്തു. 15.5 ഓവറില്‍ വെറും 100 റണ്‍സിന് ഗുജറാത്ത് പുറത്തായതോടെ 99 റണ്‍സിന്റെ വമ്പന്‍ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ഈ വിജയത്തോടെ മുംബൈ ഇന്ത്യന്‍സ് ടൂര്‍ണമെന്റിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന മത്സരങ്ങളിലും ഈ ഫോം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സീസണിലെ അരങ്ങേറ്റത്തില്‍ തന്നെ നാല് വിക്കറ്റ് പ്രകടനം; വിക്കറ്റ് നേട്ടത്തിന് സഹായിച്ചതെന്തെന്ന് വ്യക്തമാക്കി അശ്വനി കുമാര്‍
'ധോണിയെ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്; കടുത്ത വിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കര്‍