ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം ഉറപ്പാക്കുന്നതിനായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് തമീം ഇഖ്ബാല്‍ സര്‍ക്കാര്‍ സഹായം തേടി. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന പരമ്പരയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ധാക്ക: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം സുഗമമാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് തമീം ഇഖ്ബാല്‍ ഉന്നതരുമായി കൂടിക്കാഴ്ച നടത്തി. നിര്‍ണായക കൂടിക്കാഴ്ച്ചയില്‍ ബിസിബി സെക്യൂരിറ്റി കമ്മിറ്റി ചെയര്‍മാന്‍ സയീദ് ഇബ്രാഹിമും തമീം ഇഖ്ബാലിനൊപ്പമുണ്ടായിരുന്നു. ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹമന്ത്രി ശമ ഒബൈദ് ഇസ്ലാമിന്റെ ഓഫീസിലെത്തിയാണ് ഇവര്‍ കൂടിക്കാഴ്ച നടത്തിയത്. വാര്‍ത്തയോട് പ്രതികരിച്ച ബിസിബി പ്രസിഡന്റ് തമീം ഇഖ്ബാല്‍ തങ്ങള്‍ മീറ്റിംഗ് നടത്തിയതായി സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല.

സെപ്റ്റംബറില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ബംഗ്ലാദേശില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, പരമ്പരയെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ ഇന്ത്യയുമായി ബന്ധപ്പെടാന്‍ ബിസിബി ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങള്‍ക്ക് ഈ പരമ്പരയില്‍ വലിയ പ്രതീക്ഷയുണ്ടെന്നും എന്നാല്‍ കാര്യങ്ങള്‍ തന്റെ മാത്രം നിയന്ത്രണത്തിലല്ലെന്നും, സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകളിലൂടെ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ എന്നും ജൂലൈ 29ന് തമീം ഇഖ്ബാല്‍ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ അസ്ഥിരതയെ തുടര്‍ന്ന് 2024ല്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ബംഗ്ലാദേശ് പരമ്പര മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് 2025-ലേക്ക് മാറ്റിയെങ്കിലും ഇരു ബോര്‍ഡുകളും തമ്മിലുള്ള വഷളായ ബന്ധം കാരണം പരമ്പര അനിശ്ചിതത്വത്തിലായി. മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, ആറ് മത്സരങ്ങളുള്ള നിശ്ചിത ഓവര്‍ പരമ്പര ബംഗ്ലാദേശില്‍ നടക്കുമെന്ന കാര്യത്തില്‍ പ്രതീക്ഷകള്‍ വന്നിട്ടുണ്ട്. സെപ്റ്റംബറില്‍ നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോയിലേക്ക് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനെ ഇന്ത്യ ക്ഷണിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഈ മേഖലയില്‍ വലിയ ശുഭാപ്തിവിശ്വാസത്തിന് കാരണമായിട്ടുണ്ട്.

ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണര്‍ വിദേശകാര്യ മന്ത്രി ഡോ ഖലീലുര്‍ റഹ്മാനെ സന്ദര്‍ശിച്ചതിന് പിന്നാലെ, പരമാധികാര സമത്വത്തിന്റെയും പരസ്പര താല്‍പ്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ഇരുരാജ്യങ്ങളും അംഗീകരിച്ചതായി ജൂലൈ 29-ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 12-13 തീയതികളില്‍ ദില്ലിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കാനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് പ്രധാനമന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്. ക്ഷണം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

YouTube video player