താരം 10 വയസ്സ് ചെറുപ്പമായെന്ന് ആരാധകര്‍ അഭിപ്രായപ്പെടുമ്പോള്‍, മുന്‍ പാക് താരം സഹിര്‍ അബ്ബാസ് രോഹിതിൻ്റെ ഫിറ്റ്നസിനെയും ബാറ്റിംഗിനെയും പ്രശംസിക്കുകയും അടുത്ത ഏകദിന ലോകകപ്പില്‍ താരത്തിന്റെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു.
ലണ്ടന്‍: ക്രിക്കറ്റില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് ലണ്ടനില്‍ അവധിക്കാലം ആസ്വദിക്കുകയാണ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 110 പന്തില്‍ 138 റണ്‍സിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയോടെയാണ് രോഹിത് തന്റെ മികവ് തെളിയിച്ചത്. അടുത്ത വര്‍ഷം ഒക്ടോബര്‍-നവംബറിലായി ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കാനുള്ള തന്റെ ആഗ്രഹം രോഹിത് ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.
നിലവില്‍ 39 വയസ്സ് കഴിഞ്ഞ താരം, ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ചെങ്കിലും ഫിറ്റ്നസിനായി കഠിനാധ്വാനം ചെയ്യുകയാണ്. വെള്ളിയാഴ്ച രോഹിത് ശര്‍മ മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുതിയ ലുക്കിലുള്ള രോഹിതിനെ കണ്ട് ആരാധകര്‍ അദ്ദേഹം ഏകദേശം 10 വയസ്സ് ചെറുപ്പമായതായി അഭിപ്രായപ്പെട്ടു.
അതേസമയം, ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും ഇനിയും ഒരുപാട് കാര്യങ്ങള്‍ ക്രിക്കറ്റില്‍ നല്‍കാനുണ്ടെന്നും അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഇരുവരും കളിക്കുമെന്നുമാണ് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റനും ബാറ്റിംഗ് ഇതിഹാസവുമായ സഹിര്‍ അബ്ബാസ് വിശ്വസിക്കുന്നത്.
സഹിര്‍ അബ്ബാസ് പാകിസ്ഥാന്‍ ടിവി ചാനലില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ''കഴിവിന്റെ കാര്യത്തിലും അനുഭവസമ്പത്തിന്റെ കാര്യത്തിലും ഇരുവരും വളരെ മുന്നിലാണ്. അവര്‍ ലോകകപ്പ് കളിക്കരുതെന്ന് വിശ്വസിക്കാന്‍ യാതൊരു കാരണവുമില്ല. ഫിറ്റ്നസ് നിലനിര്‍ത്തുകയും റണ്‍സ് നേടുകയും ചെയ്യുന്നിടത്തോളം കാലം പ്രായം ഒരു പ്രശ്നമാകരുത്.'' സഹിര്‍ അബ്ബാസ് പറഞ്ഞു. കരിയറില്‍ നൂറിലധികം ഫസ്റ്റ് ക്ലാസ് സെഞ്ച്വറികള്‍ നേടിയിട്ടുള്ള അദ്ദേഹം, 2027-ലെ ഏകദിന ലോകകപ്പില്‍ ഇരുവരുടെയും അനുഭവസമ്പത്ത് ഇന്ത്യക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് വ്യക്തമാക്കി.
''ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ രോഹിത് സെഞ്ച്വറി അടിക്കുന്നത് ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ ബാറ്റിംഗ് കാണുന്നത് ഇപ്പോഴും വലിയൊരു ആനന്ദമാണ്. അത്രയും അനായാസമായാണ് അദ്ദേഹം പന്ത് ഡൈമിങ് ചെയ്യുന്നത്.'' രോഹിതിനെ പ്രശംസിച്ചുകൊണ്ട് സഹിര്‍ അബ്ബാസ് പറഞ്ഞു. സെപ്റ്റംബര്‍ 27 മുതല്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലായിരിക്കും രോഹിത് ശര്‍മ ഇനി കളിക്കളത്തില്‍ തിരിച്ചെത്തുക.

