
പൂനെ: അവസാന പന്തെറിയും വരെ ക്രിക്കറ്റില്‍ ഒരു മത്സരവും തോല്‍ക്കുന്നില്ലെന്നാണ് പൊതുവെയുള്ള വിശ്വാസം. തോല്‍വി ഉറപ്പായ മത്സരങ്ങളില്‍ പോലും അവസാന പന്തില്‍ അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുമുണ്ട്. എന്നാല്‍ ഇന്നലെ നടന്ന ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ അവസാന പന്തില്‍ ജയത്തിലേക്ക് 17 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ഡഗ് ഔട്ടില്‍ നിന്ന് എഴുന്നേറ്റ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തോല്‍വി സമ്മതിച്ച് സഹതാരങ്ങള്‍ക്ക് കൈ കൊടുത്തത് അത്ര നല്ല സന്ദേശമല്ല ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കിയത്.
ഒരു പന്തില്‍ 17 റണ്‍സെന്ന വിജയലക്ഷ്യം നേടുക എന്നത് ക്രിക്കറ്റില്‍ സംഭവിക്കാനിടയുള്ളതല്ലെങ്കിലും നോ ബോളുകളോ വൈഡുകളോ വന്നാല്‍ അപ്രാപ്യമെന്ന് പറയാനുമാവില്ല. ഇതിനിടെയാണ് മത്സരം ഓദ്യോഗികമായി പൂര്‍ത്തിയാവും മുമ്പെ ഹാര്‍ദ്ദിക് തോല്‍വി സമ്മതിച്ച് സഹതാരങ്ങള്‍ക്ക് ഹസ്തദാനം ചെയ്തത്. ക്യാപ്റ്റന്‍ തന്നെ ഇങ്ങനെ ചെയ്തതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു.
ഇത് രാജ്യാന്തര ക്രിക്കറ്റാണ് പഹയാ... അര്‍ഷ്‌ദീപ് സിംഗിനെ പൊരിച്ച് ഗൗതം ഗംഭീര്‍
ശ്രീലങ്കന്‍ നായകന്‍ ദാസുന്‍ ഷനക എറിഞ്ഞ അവസാന ഓവറില്‍ 21 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ശിവം മാവി സിംഗിളെടുത്തു. അടുത്ത പന്തില്‍ അക്സര്‍ പട്ടേല്‍ ഡബിള്‍ ഓടി. എന്നാല്‍ നിര്‍ണായക മൂന്നാം പന്തില്‍ അക്സര്‍ പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷ അവസാനിച്ചു. നാലാം പന്തില്‍ ഉമ്രാന്‍ മാലിക് സിംഗിളെടുക്കുകയും തോല്‍വി ഉറപ്പായതോടെ അഞ്ചാം പന്തില്‍ മാവി റണ്ണെടുക്കാതിരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഹാര്‍ദ്ദിക് മത്സരം പൂര്‍ത്തിയായശേഷം നടത്താറുള്ള ഹസ്തദാനം നടത്തിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ 206 റണ്‍സടിച്ചപ്പോള്‍ ഇന്ത്യക്ക് 20 ഓവറില്‍ 190 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 20 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ അക്സര്‍ പട്ടേലും സൂര്യകുമാര്‍ യാദവും പൊരുതിയെങ്കിലും ഇന്ത്യക്ക് വിജയവര കടക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!