പൂനെയില്‍ ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ട്വന്‍റി 20യില്‍ ഇന്ത്യ 16 റണ്‍സിന് പരാജയപ്പെട്ടപ്പോള്‍ ഏഴ് നോബോളുകളുണ്ടായിരുന്നു
പൂനെ: ഇയാള്‍ എന്താണ് ചെയ്യുന്നത്, ഏതൊരു ക്രിക്കറ്റ് ആരാധകനും തലയില്‍ കൈവെച്ച് ചോദിക്കുന്ന ചോദ്യമാണ് ഇന്നലെ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയുടെ അര്‍ഷ്‌ദീപ് സിംഗിന്‍റെ ബൗളിംഗ് കാണുമ്പോള്‍ ഉയരുക. കാല്‍ ക്രീസിന് പുറത്തായി തുടര്‍ച്ചയായി മൂന്ന് നോബോളുകള്‍ ഒരു താരം എറിയുന്നു എന്നുപറഞ്ഞാല്‍ തന്നെ അയാളുടെ ജാഗ്രതക്കുറവ് വ്യക്തമാണ്. പൂനെയിലെ മോശം പ്രകടനത്തില്‍ അര്‍ഷ്‌ദീപിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുമ്പോള്‍ അതിനൊപ്പം ചേര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.
'നോക്കൂ ഏഴ് നോബോളുകള്‍, മത്സരത്തില്‍ 21 ഓവര്‍ എറിയുന്നത് പോലെയല്ലേ അത്. എല്ലാവരും മോശം പന്തുകള്‍ എറിയും, മോശം ഷോട്ടുകള്‍ കളിക്കും. താളമാണ് പ്രധാനം. ഒരു പരിക്ക് കഴിഞ്ഞാണ് വരുന്നതെങ്കില്‍ നിങ്ങള്‍ നേരിട്ട് രാജ്യാന്തര മത്സരം കളിക്കാന്‍ പാടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് താളം വീണ്ടെടുക്കുകയാണ് വേണ്ടത്. കാരണം നോബോളുകള്‍ അംഗീകരിക്കാനാവില്ല. പരിക്ക് കാരണം വലിയ ഇടവേള വന്നാല്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച്, 15-20 ഓവറുകള്‍ എറിഞ്ഞ് രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരികയാണ് വേണ്ടത്. അര്‍ഷ്‌ദീപ് സിംഗിന്‍റെ പ്രകടനം കാണുമ്പോള്‍ ഈ താളമില്ലായ്‌മ പ്രകടനമാണ്. ബാറ്റര്‍മാര്‍ മോശം ഷോട്ടുകള്‍ കളിച്ചാലും ബൗളര്‍മാര്‍ മോശം പന്തുകള്‍ എറിഞ്ഞാലും ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാവില്ല. നിങ്ങള്‍ നെറ്റ്‌സിലോ പരിശീലന സെഷനിലോ ഇങ്ങനെ നോബോളുകള്‍ എറിയുന്നുണ്ടാകും, അതാണ് മത്സരത്തിലും ആവര്‍ത്തിക്കുന്നത്. ഏഴ് നോബോളുകള്‍ എറിയുന്നതും 30 റണ്‍സ് വിട്ടുകൊടുക്കുന്നതും വലിയ വ്യത്യാസമാണ് മത്സരത്തില്‍ ഉണ്ടാക്കുക. ക്യാപ്റ്റന് ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്' എന്നും ഗൗതം ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്‌സിലെ പോസ്റ്റ് മാച്ച് ചര്‍ച്ചയില്‍ പറഞ്ഞു.
പൂനെയില്‍ ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ട്വന്‍റി 20യില്‍ ഇന്ത്യ 16 റണ്‍സിന് പരാജയപ്പെട്ടപ്പോള്‍ ഏഴ് നോബോളുകളുണ്ടായിരുന്നു. ഇതില്‍ അഞ്ചും അര്‍ഷ്‌ദീപ് സിംഗിന്‍റെ വകയായിരുന്നു. ഇതില്‍ മൂന്നെണ്ണം തന്‍റെ ആദ്യ ഓവറില്‍ തുടര്‍ച്ചയായ പന്തുകളിലായിരുന്നു.
