
ബാര്‍ബഡോസ്: വെറുക്കപ്പെട്ടവനിൽ നിന്ന് വിശ്വസ്തനിലേക്കുള്ള ഹാർദ്ദിക് പാണ്ഡ്യയുടെ പരിണാമമായിരുന്നു ടി20 ലോകകപ്പിൽ കണ്ടത്. ഫൈനലിലെ അവസാന ഓവറിൽ കൃത്യത പാലിച്ച ഹാർദ്ദിക് ആത്മവിശ്വാസത്തിന്‍റെ ആൾരൂപമായി. വിജയനിമിഷത്തില്‍ വിതുമ്പലോടെ ക്യാമറകള്‍ക്ക് മുമ്പില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന ഹാര്‍ദ്ദിക്ക് പാണ്ഡ്യക്ക് അരികിലേക്ക് നടന്നുവന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഹാര്‍ദ്ദിക്കിനെ ചേര്‍ത്തുപിടിച്ച് കവിളില്‍ ചുംബിച്ചു.
പിന്നെ ഹാര്‍ദ്ദിക്കിനെ ചേര്‍ത്തുപിടിച്ചു. കൊച്ചു കുട്ടിയെപ്പോലെ തോളിലേക്ക് വീണ ഹാര്‍ദ്ദിക്കിനെ ആശ്വസിപ്പിച്ചശേഷം രോഹിത് ഒന്നും പറയാതെ നടന്നകന്നു. കാലുഷ്യവും അവിശ്വാസവും അലിഞ്ഞില്ലാതായ നിമിഷം. രോഹിത്തിനെയും ഹാർദിക്കിനെയും ചൊല്ലി ഇനിയൊരു ഫാൻഫൈറ്റിന് ആരും കോപ്പുകൂട്ടേണ്ടെന്ന് ആവര്‍ത്തിച്ചുറപ്പിച്ച ദൃശ്യം.
ലോകകപ്പിന് തൊട്ടുമുമ്പ് ഐപിഎല്‍ പൂരം കഴിഞ്ഞപ്പോള്‍ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വെറുക്കപ്പെട്ട വ്യക്തി ആരെന്ന ചോദ്യത്തിന് ആരാധകര്‍ക്ക് ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ, ഹാർദിക് പണ്ഡ്യ. ഫ്രാഞ്ചൈസിയുടെ ഭാവിയെ കരുതി മുംബൈ ഇന്ത്യൻസ് ടീം ഉടമകൾ എടുത്ത തീരുമാനത്തിന്‍റെ പാപഭാരം ഗ്രൗണ്ടില്‍ ഒറ്റക്ക് ചുമന്ന് ഹാർദിക്. ഫ്രാഞ്ചൈസിക്കൂറ് ശക്തമായ ഐപിഎല്ലിൽ സ്വന്തം കാണികൾ വരെ കൂവിത്തോൽപ്പിക്കാൻ നോക്കിയിട്ടും നൊമ്പരമെല്ലാം ഉള്ളിലൊതുക്കി ചിരിച്ചു കൊണ്ട് നേരിട്ടു സ്റ്റാർ ഓൾ റൗണ്ടർ. ഐപിഎല്ലിൽ അവസാന സ്ഥാനത്തായ ടീമിന്‍റെ നായകനെ ലോകകപ്പിൽ വൈസ് ക്യാപ്റ്റനാക്കിയപ്പോൾ പരിഹസിച്ചവരും ഏറെ.
ആക്ഷേപങ്ങൾക്ക് മറുപടി നൽകാൻ ഏറ്റവും ഉചിതമായ വേദി ഏതെന്ന് അപ്പോഴേ മനസ്സിൽ കുറിച്ചിരുന്നു ഹാർദിക്. എട്ട് വർഷം മുൻപ് ബംഗ്ലാദേശിന്‍റെ ഹുങ്ക് തകർത്ത ലാസ്റ്റ് ഓവർ മാജിക്കിന്‍റെ ആവർത്തനം. ടി20 ടീമിൽ നിന്ന് രോഹിത് ശർമ്മ പടിയിറങ്ങുമ്പോള്‍ നായക പദവിയിലേക്ക് മറ്റൊരു പേരില്ലെന്ന് കൂടി ഉറപ്പിച്ചു കരിബീയൻ മണ്ണിൽ ഹാർദിക് പണ്ഡ്യ. കഴിഞ്ഞ ആറു മാസം താന്‍ കടന്നുപോയ അവസ്ഥകളെപ്പറ്റിയും അന്നൊന്നും ഒരക്ഷരം മിണ്ടാതിരുന്നതിനെപ്പറ്റിയും പറയുമ്പോഴും ഹാര്‍ദ്ദിക്കിന്‍റെ കണ്ണീര്‍ തോര്‍ന്നിരുന്നില്ല. രോഹിത്തിന്‍റെ പിന്‍ഗാമിയാവുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 2026 ലോകകപ്പിലേക്ക് ഇനിയും ഏറെ സമയമുണ്ടെന്നും രോഹിത്തിനും കോലിക്കും ഒപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നുമായിരുന്നു ഹാര്‍ദ്ദിക്കിന്‍റെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക