
മുംബൈ: ഐപിഎല്ലില്‍ വീണ്ടും വമ്പന്‍ കൂടുമാറ്റത്തിന് കളമൊരുങ്ങുന്നു. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ നിലവിലെ ക്യാപ്റ്റനും ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കാൻ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന സൂചനകൾ. ഹാർദിക്കിനെ സ്വന്തമാക്കാനുള്ള മത്സരത്തില്‍ രാജസ്ഥാൻ റോയൽസ് ആണ് മുന്നിലുള്ളതെന്ന് 'റേവ്സ്‌പോർട്‌സ്' റിപ്പോർട്ട് ചെയ്തു.
എന്നാൽ ഹാർദിക്കിനെ വിട്ടുനൽകണമെങ്കിൽ രാജസ്ഥാന്‍റെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ പകരം വേണമെന്ന കടുത്ത നിലപാടിലാണ് മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്‍റ്. ഗുജറാത്ത് ടൈറ്റൻസിൽ നിന്നും വൻ ഹൈപ്പോടെ മുംബൈ ഇന്ത്യൻസിൽ തിരിച്ചെത്തിയ ഹാർദിക് പാണ്ഡ്യക്ക് ക്യാപ്റ്റൻ എന്ന നിലയിലും കളിക്കാരനെന്ന നിലയിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സീസണിൽ പോയിന്‍റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്. ഇതിന് പുറമെ ഡ്രസ്സിങ് റൂമിലെ ഭിന്നതകളും ഹാർദിക്കിന്‍റെ കരിയറിലെ മോശം ഫോമും പരിക്കുകളും കാരണം ഫ്രാഞ്ചൈസി വിടാനുള്ള ആഗ്രഹം ഹാർദിക് തന്നെ മാനേജ്‌മെന്‍റിനെ അറിയിച്ചതായാണ് വിവരം.
ടീം ഉടച്ചുവാർക്കുന്നതിന്‍റെ ഭാഗമായി അടുത്ത ആഴ്ച മുംബൈ ഇന്ത്യൻസ് നിർണായക അവലോകന യോഗം ചേരുന്നുണ്ട്. ഇതിൽ മുതിർന്ന കളിക്കാരുടെയും കോച്ചിങ് സ്റ്റാഫിന്‍റെയും ഭാവി കാര്യത്തിൽ കടുത്ത തീരുമാനങ്ങൾ ഉണ്ടായേക്കും. കുറച്ചുകാലമായി രാജസ്ഥാൻ റോയൽസ് ക്യാമ്പിലും ക്യാപ്റ്റൻസിയെച്ചൊല്ലി വലിയ അസ്വാരസ്യങ്ങൾ പുകയുന്നുണ്ടെന്നാണ് സൂചന. മുൻ നായകൻ സഞ്ജു സാംസൺ ടീം വിട്ടതോടെ യശസ്വി ജയ്‌സ്വാൾ ക്യാപ്റ്റനാകുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും, മാനേജ്‌മെന്‍റ് റിയാൻ പരാഗിനാണ് നായകചുമതല നൽകിയത്.
കൂടാതെ, 15-കാരനായ കൗമാരതാരം വൈഭവ് സൂര്യവംശിയുടെ വരവോടെ ബാറ്റിങ് നിരയിൽ ജയ്‌സ്വാളിന് ലഭിച്ചിരുന്ന പ്രാധാന്യം കുറഞ്ഞതായും വിലയിരുത്തപ്പെടുന്നു. മുംബൈയുടെ ആഭ്യന്തര രഞ്ജി ട്രോഫി ടീമിൽ അംഗമായ ജയ്‌സ്വാളിന് മുംബൈ ഇന്ത്യൻസിലേക്കുള്ള മാറ്റം കരിയർ വീണ്ടെടുക്കാനുള്ള മികച്ച അവസരമാണ്. രോഹിത് ശർമ്മ കരിയറിന്‍റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനാൽ ഒരു ദീർഘകാല ഓപ്പണറെ തിരയുന്ന മുംബൈയ്ക്ക് ജയ്‌സ്വാൾ ഏറ്റവും അനുയോജ്യമായ ചോയ്‌സാണ്.
ഹാർദിക് പാണ്ഡ്യക്ക് പുറമെ മുംബൈയുടെ വിശ്വസ്ത ബാറ്റർ സൂര്യകുമാർ യാദവും ടീം വിടാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. സൂര്യകുമാറിനെ നായകസ്ഥാനം വാഗ്ദാനം ചെയ്ത് മറ്റ് ടീമുകള്‍ സമീപിച്ചിട്ടുണ്ട്. പ്രായമേറിയ താരങ്ങളെ ഒഴിവാക്കി യുവതാരങ്ങളെ കേന്ദ്രീകരിച്ച് പുതിയൊരു മുംബൈ ടീമിനെ വാർത്തെടുക്കാനാണ് ഫ്രാഞ്ചൈസിയുടെ നീക്കം. ഹാർദിക്കും സൂര്യകുമാറും ഒഴിഞ്ഞാൽ ഇന്ത്യൻ ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റൻ കൂടിയായ യുവതാരം തിലക് വർമ്മ മുംബൈ ഇന്ത്യൻസിന്‍രെ പുതിയ നായകനായേക്കുമെന്നും സൂചനകളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!