
കാന്‍റര്‍ബെറി: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ ഐതിഹാസിക ഇന്നിംഗ്‌സുകളിലൊന്ന്. ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീം അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 333 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ അത് ചരിത്രമായി. വനിതാ ക്രിക്കറ്റിലെ ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും പടുത്തുയര്‍ത്തിയത്. 2017 മെയ് മാസത്തില്‍ രണ്ട് വിക്കറ്റിന് 358 റണ്‍സ് നേടിയതാണ് ഇന്ത്യന്‍ വനിതകളുടെ ഉയര്‍ന്ന ഏകദിന ടോട്ടല്‍. അന്ന് ദീപ്‌തി ശര്‍മ്മ 160 പന്തില്‍ 188 റണ്‍സ് നേടിയിരുന്നു.
മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു. ഹര്‍മന്‍പ്രീത് നാലാമതായി ക്രീസിലെത്തി 111 പന്തില്‍ 18 ഫോറും നാല് സിക്‌സറും സഹിതം 143* റണ്‍സുമായി പുറത്താകാതെനിന്നു. കരിയറിലെ അഞ്ചാം ഏകദിന സെഞ്ചുറിയാണ് ഹര്‍മന്‍ നേടിയത്. ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്കായി കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരങ്ങളില്‍ സ്‌മൃതി മന്ഥാനയ്‌ക്കൊപ്പം രണ്ടാമതെത്താന്‍ ഹര്‍മനായി. ഏഴ് സെഞ്ചുറികളുമായി ഇതിഹാസ താരം മിതാലി രാജാണ് തലപ്പത്ത്. അതേസമയം മത്സരത്തില്‍ 51 പന്തില്‍ 40 റണ്‍സെടുത്ത സ്‌മൃതി മന്ഥാന വേഗത്തില്‍ 3000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ വനിതാ താരമായി. നേരത്തെ ആദ്യ ഏകദിനത്തില്‍ ഹര്‍മന്‍പ്രീത് കൗര്‍ പുറത്താകാതെ 94 പന്തില്‍ 74* റണ്‍സ് നേടിയിരുന്നു.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 333 റണ്‍സെടുക്കുകയായിരുന്നു. 111 പന്തില്‍ 18 ഫോറും നാല് സിക്‌സറും സഹിതം 143* റണ്‍സുമായി പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 64 പന്തില്‍ ഫിഫ്റ്റി കണ്ടെത്തിയ താരത്തിന്‍റെ ശതകം 100 പന്തിലായിരുന്നു. സെഞ്ചുറിക്ക് ശേഷമുള്ള 11 പന്തില്‍ 43 റണ്‍സ് ഹര്‍മന്‍ അടിച്ചുകൂട്ടി. സ്കോര്‍ ബോര്‍ഡില്‍ 12 റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ് വീണ ഇന്ത്യ പിന്നാലെ അതിശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഹര്‍മനൊപ്പം 113 റണ്‍സിന്‍റെ നിര്‍ണായക കൂട്ടുകെട്ട് തീര്‍ത്ത ഹര്‍ലീന്‍ ഡിയോള്‍ അര്‍ധ സെഞ്ചുറി(58) നേടി. 143 റണ്‍സെടുത്ത ഹര്‍മനൊപ്പം ദീപ്‌തി 9 പന്തില്‍ 15* എടുത്ത് പുറത്താകാതെ നിന്നു. അവസാന മൂന്ന് ഓവറില്‍ ഇന്ത്യ 62 റണ്‍സ് അടിച്ചുകൂട്ടി.
മാസ് ക്ലാസിക്! 143* റണ്‍സുമായി ഹര്‍മന്‍പ്രീത് കൗറിന്‍റെ വിളയാട്ടം; ഇന്ത്യക്ക് 333 റണ്‍സ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!