Asianet News MalayalamAsianet News Malayalam

മാസ് ക്ലാസിക്! 143* റണ്‍സുമായി ഹര്‍മന്‍പ്രീത് കൗറിന്‍റെ വിളയാട്ടം; ഇന്ത്യക്ക് 333 റണ്‍സ്

ഓപ്പണര്‍ ഷെഫാലി വര്‍മ്മയെ ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ ടീം സ്കോര്‍ 12ല്‍ നില്‍ക്കേ നഷ്‌ടമായതൊന്നും ഇന്ത്യന്‍ വനിതകളുടെ പോരാട്ടവീര്യത്തെ വലച്ചില്ല

ENGW vs INDW 2nd ODI Harmanpreet Kaur 143 helps India to set 333 runs in scoreboard
Author
First Published Sep 21, 2022, 9:18 PM IST

കാന്‍റ‌ര്‍ബെറി: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ വിസ്‌മയ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 333 റണ്‍സെടുത്തു. 111 പന്തില്‍ 18 ഫോറും നാല് സിക്‌സറും സഹിതം 143* റണ്‍സുമായി പുറത്താകാതെ നിന്ന ഹര്‍മനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹര്‍മനൊപ്പം നിര്‍ണായക കൂട്ടുകെട്ട് തീര്‍ത്ത ഹര്‍ലീന്‍ ഡിയോള്‍ അര്‍ധ സെഞ്ചുറി(58) നേടി. 

ഓപ്പണര്‍ ഷെഫാലി വര്‍മ്മയെ ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ ടീം സ്കോര്‍ 12ല്‍ നില്‍ക്കേ നഷ്‌ടമായതൊന്നും ഇന്ത്യന്‍ വനിതകളുടെ പോരാട്ടവീര്യത്തെ വലച്ചില്ല. ഏഴ് പന്തില്‍ എട്ട് റണ്‍സ് മാത്രമാണ് ഷെഫാലി നേടിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 54 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി സ്‌മൃതി മന്ഥാനയും യാസ്തിക ഭാട്യയും ഇന്ത്യയെ കരകയറ്റി. 12-ാം ഓവറില്‍ യാസ്തിക 34 പന്തില്‍ 26 റണ്‍സുമായി പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 66ലെത്തിയിരുന്നു. 

സ്‌മൃതി മന്ഥാന 51 പന്തില്‍ 40 റണ്‍സുമായി 20-ാം ഓവറില്‍ മടങ്ങിയപ്പോള്‍ പിന്നീട് വന്ന ഹര്‍മന്‍പ്രീത്-ഹര്‍ലീന്‍ ഡിയോള്‍ കൂട്ടുകെട്ട് ഇന്ത്യക്ക് വന്‍ കരുത്തായി. 113 റണ്‍സ് ചേര്‍ത്ത ഈ കൂട്ടുകെട്ട് പിരിഞ്ഞത് 40-ാം ഓവറില്‍ മാത്രമാണ്. 72 പന്തില്‍ 58 റണ്‍സുമായി ഡിയോള്‍ പുറത്താവുകയായിരുന്നു. പൂജ വസ്‌ത്രകര്‍ 16 പന്തില്‍ 18 റണ്‍സുമായി മടങ്ങിയപ്പോള്‍ ദീപ്‌തി ശര്‍മ്മയെ കൂട്ടുപിടിച്ച് 300 കടത്തുകയായിരുന്നു ഹര്‍മന്‍. 143 റണ്‍സെടുത്ത ഹര്‍മനൊപ്പം ദീപ്‌തി 9 പന്തില്‍ 15* എടുത്ത് പുറത്താകാതെ നിന്നു. 

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20: ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു; ഏറ്റവും പുതിയ കണക്ക്

Latest Videos
Follow Us:
Download App:
  • android
  • ios