
മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്ന നിർദേശവുമായി മുന്‍ ക്യാപ്റ്റൻ ശാന്താ രംഗസ്വാമി. ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവിയെ കരുതി 36കാരിയായ ഹര്‍മന്‍പ്രീത് സ്ഥാനമൊഴിഞ്ഞ് വൈസ് ക്യാപ്റ്റനായ 29കാരി സ്മൃതി മന്ദാനയെ ക്യാപ്റ്റനാക്കണമെന്നും ശാന്താ രംഗസ്വാമി പിടിഐയോട് പറഞ്ഞു.
ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞാലും ഹര്‍മന് ബാറ്ററായും ഫീല്‍ഡറായും ടീമില്‍ തുടരാന്‍ കഴിയും ക്യാപ്റ്റൻസിയുടെ ഭാരം ഒഴിയുന്നതോടെ കൂടുതല്‍ സ്വതന്ത്രമായി കളിക്കാനും ടീമിനായി കൂടുതല്‍ സംഭാവന ചെയ്യാനും ഹര്‍മനാവും. ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ഇതിലും മികച്ചൊരു സമയം ഇനി ലഭികാനില്ല. ലോകകപ്പ് നേടി ക്യാപ്റ്റൻ സ്ഥാനം ഒഴിയുമ്പോള്‍ പലരും അസന്തുഷ്ടി പ്രകടിപ്പിച്ചേക്കാം. പക്ഷെ ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവിയെക്കരുതി അത് മികച്ച തീരുമാനമാകും. ബാറ്ററെന്ന നിലയില്‍ ഹര്‍മന് ടീമിനായി കൂടുതല്‍ സംഭാവന നല്‍കാനുമാവുമെന്ന് ശാന്താ രംഗസ്വാമി വ്യക്തമാക്കി.
ക്യാപ്റ്റൻ സ്ഥാനത്തിന്‍റെ ഭാരമൊഴിഞ്ഞാല്‍ അടുത്ത മൂന്നോ നാലോ വര്‍ഷം കൂടി ഹര്‍മന് കളി തുടരാനാവും. പുരുഷ ടീം ക്യാപ്റ്റൻ രോഹിത് ശര്‍മ ഈ വര്‍ഷം ചാമ്പ്യൻസ് ട്രോഫി നേടിയെങ്കിലും ഭാവിയെക്കരുതി ശുഭ്മാന്‍ ഗില്ലിന് ക്യാപ്റ്റൻ സ്ഥാനം കൈമാറിയതുപോലൊരു തീരുമാനമാണ് ഹര്‍മനില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഓസ്ട്രേലിയയെ പോലെ വനിതാ ക്രിക്കറ്റില്‍ ആധിപ്യത്യം തുടരണമെങ്കില്‍ ഇന്ത്യ ബൗളിംഗ് കുറച്ചുകൂടി മെച്ചപ്പെടുത്തിയെ മതിയാവുവെന്നും ശാന്താ രംസ്വാമി വ്യക്തമാക്കി.
അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഹര്‍മന്‍പ്രീത് ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2029ലാണ് അടുത്ത ഏകദിന ലോകകപ്പ്. ലോകകപ്പിന്‍റെ വേദി ഇതുവരെ ഐസിസി തിരുമാനിച്ചിട്ടില്ല. അടുത്ത ഏകദിന ലോകകപ്പില്‍ കളിക്കാന്‍ പ്രായം ഹര്‍മന് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.