ഐപിഎല്‍ താരലേലത്തില്‍ വന്‍ തുകയ്ക്ക് ലക്നൗ ടീമിലെത്തിയതോടെ ഏപ്രില്‍ 18ന് വിവാഹിതനാവുന്ന ഇംഗ്ലിസ് തന്‍റെ ഹണിമൂണ്‍ തല്‍ക്കാലം നീട്ടിവെക്കാന്‍ തീരുമാനിച്ചുവെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മെല്‍ബണ്‍: ഐപിഎല്‍ മിനി താരലേലത്തില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിനായി ലക്നൗ സൂപ്പര്‍ ജയന്‍റ്സ് 8.6 കോടി മുടക്കിയപ്പോള്‍ മറ്റ് ടീമുകള്‍ മാത്രമല്ല ആരാധകരും അമ്പരന്നു. വിവാഹിതാനാവാന്‍ പോവുന്നതിനാല്‍ ലേലത്തിന് മുമ്പെ അടുത്ത ഐപിഎല്ലില്‍ നാലു മത്സരങ്ങളില്‍ മാത്രമെ താന്‍ കളിക്കൂവെന്ന് ഇംഗ്ലിസ് വ്യക്തമാക്കിയിരുന്നു. എന്നിട്ടും ലക്നൗ 8.6 കോടി മുടക്കി ഇംഗ്ലിസിനെ ടീമിലെത്തിച്ചതായിരുന്നു ആരാധകരെ ഞെട്ടിച്ചത്. വിക്കറ്റ് കീപ്പര്‍മാരായി ക്യാപ്റ്റൻ റിഷഭ് പന്തും നിക്കോളാസ് പുരാനും ടീമിലുള്ളപ്പോഴായിരുന്നു ലക്നൗവിന്‍റെ സാഹസം. സണ്‍റൈസേഴ്സ് ഹൈദരാബാദായിരുന്നു ലക്നൗവിനൊപ്പം ഇംഗ്ലിസിനായി ശക്തമായി രംഗത്തെത്തിയത്. ഒടുവില്‍ ഓസീസ് താരത്തെ 8.6 കോടിക്ക് ലക്നൗ ടീമിലെത്തിച്ചു.

ഐപിഎല്‍ താരലേലത്തില്‍ വന്‍ തുകയ്ക്ക് ലക്നൗ ടീമിലെത്തിയതോടെ ഏപ്രില്‍ 18ന് വിവാഹിതനാവുന്ന ഇംഗ്ലിസ് തന്‍റെ ഹണിമൂണ്‍ തല്‍ക്കാലം നീട്ടിവെക്കാന്‍ തീരുമാനിച്ചുവെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്സ് താരമായിരുന്ന ഇംഗ്ലിസ്. വരുന്ന സീസണില്‍ നാലു മത്സരങ്ങളിലെ കളിക്കൂവെന്ന് ഇംഗ്ലിസ് വ്യക്തമാക്കിയതോടെയാണ് പഞ്ചാബ് പരിശീലകന്‍ കൂടിയായ റിക്കി പോണ്ടിംഗ് ഓസീസ് താരത്തെ കൈവിടാന്‍ താരുമാനിച്ചത്. എന്നാല്‍ ലേലത്തില്‍ വന്‍തുക ലഭിച്ചാല്‍ ഇംഗ്ലിസ് മനസുമാറ്റിയേക്കുമെന്ന് നേരത്തെ തിരിച്ചറിഞ്ഞ ലക്നൗ പരിശീലകന്‍ ജസ്റ്റിൻ ലാംഗറും ഹൈദരാബാദ് ക്യാപ്റ്റനായ പാറ്റ് കമിന്‍സും ലേലത്തില്‍ ഇംഗ്ലിസിനായി വന്‍തുക മുടക്കാന്‍ തയാറാകുകയായിരുന്നു എന്നാണ് സൂചനകള്‍. പക്ഷെ ഇക്കാര്യം പോണ്ടിംഗിന് അറിയില്ലായിരുന്നു.

ഏപ്രില്‍ 18ന് നടക്കുന്ന വിവാഹശേഷം ഹണിമൂണിന് പോകുന്നതിനാലാണ് ഇംഗ്ലിസ് ഐപിഎല്ലില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ ലേലത്തില്‍ ലക്നൗ വന്‍തുക മുടക്കിയ സാഹചര്യത്തില്‍ ഇംഗ്ലിസ് ഹണിമൂൺ നീട്ടിവെക്കുമെന്നാണ് കരുതുന്നത്. നേരത്തെ ലേലത്തിനുശേഷം പഞ്ചാബ് ടീം സഹ ഉടമയായ നെസ് വാഡിയ ഇംഗ്ലിസിനെതിരെ രംഗത്തുവന്നിരുന്നു. അടുത്ത സീസണില്‍ നാലു മത്സരങ്ങളില്‍ മാത്രമെ കളിക്കൂവെന്ന കാര്യം ഇംഗ്ലിസ് ടീമിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും അവസാന നിമിഷം മാത്രമാണ് ഇക്കാര്യം അറിയിച്ചതെന്നും നെസ് വാഡിയ ആരോപിച്ചിരുന്നു. ഒരു പ്രഫഷണല്‍ താരത്തിന് യോജിച്ച രീതിയല്ല ഇതെന്നും നെസ് വാഡിയ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക