ഷാഹിദ് അഫ്രീദിയെ നീക്കി! പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് പുതിയ ചീഫ് സെലക്റ്റര്‍

By Web TeamFirst Published Jan 23, 2023, 7:39 PM IST
Highlights

മുമ്പും ചീഫ് സെലക്റ്ററായിട്ടുണ്ട് 69കാരനായ ഹാറൂണ്‍. 2015, 2016 വര്‍ഷങ്ങളിലായിരുന്നു ഇത്. മാത്രമല്ല, പാക് ടീമിന്റെ മാനേജറായിട്ടും ഡയറക്റ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്റ്ററായി മുന്‍ താരം ഹാറൂണ്‍ റഷീദിനെ നിയമിച്ചു. ഇടക്കാല ചെയര്‍മാനായിരുന്ന ഷാഹിദ് അഫ്രീദിക്ക് പകരമായിട്ടാണ് ഹാറൂണിനെ ദൗത്യമേല്‍പ്പിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായത്. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ്- ഏകദിന പരമ്പരയ്ക്ക് മാത്രമാണ് അഫ്രീദിയെ നിയമിച്ചിരുന്നത്. ടെസ്റ്റ് പരമ്പര സമനിലയില്‍ ്അവസാനിച്ചപ്പോള്‍, ഏകദിന പരമ്പരയില്‍ പാകിസ്ഥാന്‍ 2-1ന് പരാജയപ്പെട്ടിരുന്നു.

മുമ്പും ചീഫ് സെലക്റ്ററായിട്ടുണ്ട് 69കാരനായ ഹാറൂണ്‍. 2015, 2016 വര്‍ഷങ്ങളിലായിരുന്നു ഇത്. മാത്രമല്ല, പാക് ടീമിന്റെ മാനേജറായിട്ടും ഡയറക്റ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1977 മുതല്‍ 1983 വരെ പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ഹാറൂണ്‍. 22 ടെസ്റ്റുകളും 12 ഏകദിനങ്ങളും അദ്ദേഹം പാക് ജേഴ്‌സിയില്‍ കളിച്ചു. ടെസ്റ്റില്‍ മൂന്ന് സെഞ്ചുറികള്‍ ഉള്‍പ്പെടെ 1000ത്തിലധികം റണ്‍സും ഹാറൂണ്‍ നേടി. ഹാറൂണിന്റെ പരിചയസമ്പത്തും അറിവും പാക് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്ന് പിസിബി ചെയര്‍മാന്‍ നജാം സേഥി വ്യക്തമാക്കി. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നതില്‍ സന്തോഷമുണ്ടെന്ന് ഹാറൂണും വ്യക്തമാക്കി.

ഏപ്രില്‍- മെയ് മാസങ്ങളില്‍ നടക്കുന്ന ന്യൂസിലന്‍ഡ് പര്യടനമാണ് ഇനി പാകിസ്ഥാന് മുന്നിലുള്ളത്. അഞ്ച് വീതം ടി20, ഏകദിന മത്സരങ്ങളാണ് പാകിസ്ഥാന്‍, ന്യൂസിലന്‍ഡില്‍ കളിക്കുക. അതുവരെ പാകിസ്ഥാന് മത്സരങ്ങളൊന്നുമില്ല. എന്നാല്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ ഫെബ്രുവരിയില്‍ ആരംഭിക്കുന്നുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ മുന്‍ ക്രിക്കറ്റ് താരം റമീസ് രാജയെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ നജം സേഥിയുടെ നേതൃത്വത്തിലുള്ള 14 അംഗ കമ്മിറ്റിയേയും സര്‍ക്കാര്‍ നിയോഗിക്കുകയുണ്ടായി. റമീസ് രാജയെ പുറത്താക്കിയുള്ള വിജ്ഞാപനം പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് പുറപ്പെടുവച്ചിരുന്നത്. 2021 സെപ്റ്റംബറിലാണ് റമീസ് സ്ഥാനമേറ്റെടുത്തിരുന്നത്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ - ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറില്‍; ജോക്കോവിച്ചിനും മുന്നേറ്റം

click me!