സൂര്യകുമാറിന്റെ ടെസ്റ്റ് ടീം പ്രവേശനം; ആദ്യമായി പ്രതികരിച്ച് ടീമില്‍ നിന്ന് തഴയപ്പെട്ട സര്‍ഫറാസ് ഖാന്‍

By Web TeamFirst Published Jan 23, 2023, 5:12 PM IST
Highlights

മൂന്ന് സീസണുകളിലായി മികച്ച പ്രകടനം നടത്തുന്ന താരമാണ് സര്‍ഫറാസ്. ഈ സീസണില്‍ ഇതുവരെ 89 ശരാശരിയില്‍ 801 റണ്‍സാണ് സര്‍ഫറാസ് നേടിയത്. 2019-20 സീസണില്‍ 154.66 ശരാശരിയില്‍ 928 റണ്‍സാണ് സര്‍ഫറാസ് നേടിയത്.

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സര്‍ഫറാസ് ഖാന്റെ അഭാവം വലിയ ചര്‍ച്ചയായിരുന്നു. സൂര്യകുമാര്‍ യാദവ് ടീമില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന സര്‍ഫറാസിനെ ടീമില്‍ ഉള്‍പ്പെടുത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. ടി20 ഫോര്‍മാറ്റില്‍ മാത്രം മികച്ച പ്രകടനം പുറത്തെടുക്കുന്ന സൂര്യകുമാറിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത് വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. മൂന്ന് സീസണുകളിലായി മികച്ച പ്രകടനം നടത്തുന്ന താരമാണ് സര്‍ഫറാസ്. ഈ സീസണില്‍ ഇതുവരെ 89 ശരാശരിയില്‍ 801 റണ്‍സാണ് സര്‍ഫറാസ് നേടിയത്. 2019-20 സീസണില്‍ 154.66 ശരാശരിയില്‍ 928 റണ്‍സാണ് സര്‍ഫറാസ് നേടിയത്. കഴിഞ്ഞ സീസണില്‍ 982 റണ്‍സും നേടി. ശരാശരി 122.75. സൂര്യയാവട്ടെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഡിസംബറിലാണ് അവസാന രഞ്ജി മത്സരം കളിച്ചത്. 90 റണ്‍സും സൂര്യ നേടിയിരുന്നു.

തന്നെ തഴഞ്ഞ് സൂര്യകുമാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് സര്‍ഫറാസ് തന്നെ ഇപ്പോള്‍ സംസാരിക്കുകയാണ്. 25കാരന്റെ വാക്കുകള്‍... ''സൂര്യകുമാര്‍ എന്റെ അടുത്ത സുഹൃത്താണ്. ടീമിലുണ്ടാകുമ്പോഴൊക്കെ ഒരുപാട് സമയം ഞങ്ങള്‍ ചെലവഴിക്കാറുണ്ട്. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിച്ചു. ഇന്ത്യന്‍ ടീമിലെത്താന്‍ ഒരുപാട് കാലം അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ സൂര്യ കളിക്കുന്ന ശൈലി അവിശ്വസനീയമാണ്. സൂര്യ അനുഭവസമ്പത്ത് മുഴുവന്‍ പുറത്തുകാണിച്ചതാണ് കാര്യങ്ങള്‍ അനായാസമാക്കിയത്.'' സര്‍ഫറാസ് വ്യക്തമാക്കി.

202122 രഞ്ജി ഫൈനലിനിടെ ബിസിസിഐ ചീഫ് സെലക്റ്റര്‍ ചേതന്‍ ശര്‍മയുമായി സംസാരിച്ചതിനെ കുറിച്ച് സര്‍ഫറാസ് അടുത്തിടെ സംസാരിച്ചിരുന്നു. അതിങ്ങനെയായിരുന്നു... ''ബംഗളൂരുവില്‍ നടന്ന ഫൈനലില്‍ ഞാന്‍ സെഞ്ചുറി നേടിയിരുന്നു. മത്സരത്തിനിടെ ചേതന്‍ ശര്‍മ എന്നോട് സംസാരിച്ചിരുന്നു. ബംഗ്ലാദേശ് പര്യടനത്തില്‍ അവസരം ലഭിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. തയ്യാറായിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ അതുണ്ടായില്ല. പിന്നീടൊരിക്കല്‍ മുംബൈയില്‍ വച്ചും ഞാന്‍ അദ്ദേഹത്തെ കണ്ടു. നിരാശപ്പെടരുതെന്നും നിന്റെ സമയം വരുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു.'' സര്‍ഫറാസ് വ്യക്തമാക്കി. 

ഓസ്ട്രേിലയക്കെതിരെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിലെങ്കിലും സര്‍ഫറാസ് ഉള്‍പ്പെടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഫെബ്രുവരി ഒമ്പതിന് നാഗ്പൂരിലാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് 17ന് ഡല്‍ഹിയില്‍ തുടങ്ങും. മാര്‍ച്ച് ഒന്നിന് മൂന്നാം ടെസ്റ്റിന് ധര്‍മശാല വേദിയാകും. നാലിന് അഹമ്മദാബാദില്‍ അവസാന ടെസ്റ്റും നടക്കും. ശേഷം മൂന്ന് ഏകദിനങ്ങളിലും ഇരു ടീമുകളും കളിക്കുന്നുണ്ട്.

ബിഗ് ബാഷില്‍ വെടിക്കെട്ട് തുടര്‍ന്ന് സ്റ്റീവ് സ്മിത്ത്, ഇത്തവണ 33 പന്തില്‍ 66

click me!