
അഹമ്മദാബാദ്: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറിൽ സെഞ്ചുറിയുമായി രാജസ്ഥാൻ റോയൽസിനെ തകർത്തുവിട്ട് ഗുജറാത്ത് ടൈറ്റൻസിനെ ഫൈനലിലെത്തിച്ച ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പ്രശംസകൊണ്ട് മൂടി മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു. ഐപിഎല്ലിലെ ഈ തകർപ്പൻ പ്രകടനത്തോടെ ഗിൽ ഇന്ത്യൻ ടി20 ടീമിലേക്ക് വെറുമൊരു കളിക്കാരനായിട്ടല്ല, മറിച്ച് നായകനായിട്ടായിരിക്കും തിരിച്ചെത്തുകയെന്ന് റായുഡു പറഞ്ഞു.
വെള്ളിയാഴ്ച നടന്ന മത്സരത്തിൽ രാജസ്ഥാൻ ബൗളർമാരെ നിലംപരിശാക്കിയ ഗിൽ, 53 പന്തിൽ നിന്ന് 15 ഫോറുകളും 3 സിക്സറുകളുമടക്കം 104 റൺസാണ് അടിച്ചുകൂട്ടിയത്. 196.23 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു ഗില്ലിന്‍റെ ഈ മാസ്മരിക ഇന്നിങ്സ്. ഈ സീസണിൽ 15 ഇന്നിങ്സുകളിൽ നിന്നായി 722 റൺസ് നേടിയ ഗിൽ, നിലവിൽ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ്. മത്സരശേഷം യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് റായുഡു ഗില്ലിനെ വാനോളം പുകഴ്ത്തിയത്.
"ഗില്‍ കളിച്ചത് ഒരു ക്ലാസിക് ഇന്നിങ്സ് ആയിരുന്നു. പിച്ചിന്‍റെ വേഗതയും ബൗൺസും ഗില്ലിന്‍റെ ബാറ്റിങ് ശൈലിക്ക് ഏറ്റവും അനുയോജ്യമായ ഒന്നായിരുന്നു. ലോകോത്തര ബൗളറായ ജോഫ്ര ആർച്ചറെ അദ്ദേഹം പുൾ ഷോട്ടുകളിലൂടെ നേരിട്ട രീതി തന്നെ അതിന് തെളിവാണ്. വിക്കറ്റ് നഷ്ടപ്പെടുത്താനുള്ള സാധ്യതകൾ കുറച്ച്, മനോഹരമായ ക്രിക്കറ്റിങ് ഷോട്ടുകളിലൂടെയാണ് ഗില്‍ റൺസ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഒരു ബാറ്റർ എന്ന നിലയിലും നായകൻ എന്ന നിലയിലും ഗിൽ ഒരുപാട് മെച്ചപ്പെട്ടു. ഗില്‍ ഇപ്പോൾ ഒരു കംപ്ലീറ്റ് ക്രിക്കറ്ററായി മാറിയിരിക്കുന്നുവെന്നും റായുഡു പറഞ്ഞു.
ഏത് കഠിനമായ സാഹചര്യത്തിലും റൺസ് കണ്ടെത്താൻ ഗില്ലിന് കഴിയുമെന്നും ടി20 ക്രിക്കറ്റിൽ വലിയ ഭാവിയുണ്ടെന്നും റായുഡു കൂട്ടിച്ചേർത്തു. ഗില്‍ അധികകാലം ഇന്ത്യൻ ടി20 ടീമിന് പുറത്തിരിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഒരു ലീഡർ എന്ന നിലയിലും അദ്ദേഹം മികവ് തെളിയിച്ചുകഴിഞ്ഞു. ടീമിലേക്ക് തിരിച്ചെത്തുമ്പോൾ അദ്ദേഹം ഇന്ത്യൻ ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുത്താലും അത്ഭുതപ്പെടാനില്ലെന്നും റായുഡു വ്യക്തമാക്കി. പ്ലേഓഫ് മത്സരങ്ങളിൽ തുടർച്ചയായി രണ്ട് തവണ 'ഹിറ്റ്-വിക്കറ്റ്' ആയി പുറത്തായ ഗുജറാത്ത് ഓപ്പണർ സായ് സുദർശനും റായുഡു പൂർണ്ണ പിന്തുണ നൽകി. രാജസ്ഥാനെതിരായ മത്സരത്തിൽ 32 പന്തിൽ 58 റൺസ് നേടിയ സുദർശൻ, ഗില്ലിനൊപ്പം ഒന്നാം വിക്കറ്റിൽ 167 റൺസിന്‍റെ റെക്കോർഡ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഈ സീസണിൽ താരം 700 റൺസും പിന്നിട്ടു.
സുദര്‍ശന്‍റെ പുറത്താകല്‍ വിചിത്രമായിരുന്നു. കൃത്യമായി എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ പ്രയാസമാണ്. ചിലപ്പോൾ ഷോട്ട് പൂർത്തിയാക്കുന്ന അവസാന നിമിഷത്തിൽ ബാറ്റിന്‍റെ ഗ്രിപ്പ് നഷ്ടപ്പെടുന്നത് കൊണ്ടാകാം ഇത് സംഭവിക്കുന്നത്. നെറ്റ്സിൽ കുറച്ചുകൂടി ശ്രദ്ധിച്ചാൽ പരിഹരിക്കാവുന്ന ഒരു ചെറിയ പ്രശ്നം മാത്രമാണിത്. ബൗളർമാർക്ക് അദ്ദേഹത്തെ ഔട്ടാക്കാൻ സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ശുഭ്മൻ ഗില്ലിനെപ്പോലെ തന്നെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ മികച്ച ബൗളർമാർക്കെതിരെ തിളങ്ങാൻ കെൽപ്പുള്ള കളിക്കാരനായി സുദർശനും വളർന്നുവരികയാണ്. രണ്ടാം ക്വാളിഫയറിലെ ഈ തകർപ്പൻ ജയത്തോടെ ഐപിഎൽ 2026 കലാശപ്പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടാൻ ഒരുങ്ങുകയാണ് ഗുജറാത്ത് ടൈറ്റൻസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!