
ദില്ലി: ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് ശൈലിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. അഭിഷേക് ശർമ്മയുടെ അഭാവത്തിൽ ടീമിലെത്തിയ സഞ്ജുവിന് സ്വയം തെളിയിക്കാൻ ലഭിച്ച വലിയൊരു അവസരമായിരുന്നു ഇതെന്നും എന്നാൽ അത് അദ്ദേഹം പാഴാക്കിയെന്നും ശ്രീകാന്ത് പറഞ്ഞു.
മത്സരത്തിൽ 7 പന്തിൽ 22 റൺസെടുത്ത് നിൽക്കെയാണ് സഞ്ജു പുറത്തായത്. രണ്ട് ഉജ്ജ്വലമായ സിക്സറുകൾ അടിച്ചതിന് പിന്നാലെ വീണ്ടും വലിയ ഷോട്ടിന് ശ്രമിച്ചതാണ് സഞ്ജുവിന് വിനയായത്. സഞ്ജുവിന്‍റെ പ്രശ്നം അദ്ദേഹം അമിത ആവേശം കാണിക്കുന്നു എന്നതാണ്. രണ്ട് സിക്സറുകൾ അടിച്ച ശേഷം ഒരു സിംഗിൾ എടുത്ത് സ്ട്രൈക്ക് കൈമാറുകയായിരുന്നു സഞ്ജു ചെയ്യേണ്ടിയിരുന്നത്. അവിടെയാണ് അദ്ദേഹം തന്‍റെ ബുദ്ധി ഉപയോഗിക്കാത്തത്. ടീമിൽ സ്ഥാനം ഉറപ്പിക്കാൻ പറ്റിയ മത്സരമായിരുന്നു ഇത്. എത്ര അവസരം കൊടുത്താലും സഞ്ജു വലിയ സ്കോർ നേടുന്നില്ല എന്ന് ഇനി എല്ലാവരും പറയുംമെന്നും ശ്രീകാന്ത് പറഞ്ഞു.
സഞ്ജുവിന്‍റെ കഴിഞ്ഞ കുറച്ചു കാലത്തെ ടി20 ഫോം മോശമാണെന്നും ഈ വർഷത്തെ ബാറ്റിംഗ് ശരാശരി 10 ൽ താഴെ മാത്രമാണെന്നും ശ്രീകാന്ത് ഓർമ്മിപ്പിച്ചു. അതേസമയം, ഓപ്പണർ ഇഷാൻ കിഷന്‍റെ പ്രകടനത്തെ ശ്രീകാന്ത് പുകഴ്ത്തി. 24 പന്തിൽ 61 റൺസെടുത്ത ഇഷാന്റെ സിക്സറുകൾ ഇന്ത്യ ഗേറ്റിലേക്കും രാഷ്ട്രപതി ഭവനിലേക്കുമാണ് പറന്നതെന്ന് അദ്ദേഹം തമാശയായി പറഞ്ഞു. പന്ത് നേരെ അടിക്കാനുള്ള ഇഷാന്‍റെ കഴിവിനെ അദ്ദേഹം പ്രശംസിച്ചു.
28 പന്തിൽ 52 റൺസെടുത്ത ഹാർദിക് പാണ്ഡ്യയുടെ പ്രകടനവും ഇന്ത്യയെ മികച്ച സ്കോറിലെത്തിക്കാൻ സഹായിച്ചുവെന്ന് ശ്രീകാന്ത് കൂട്ടിചേർത്തു. തുടക്കത്തിൽ പന്തുകൾ നേരിട്ട് ക്രീസിൽ ഉറച്ച ശേഷമാണ് ഇരുവരും തകർത്തടിച്ചതെന്നും സഞ്ജു ഇത് കണ്ടു പഠിക്കണമെന്നും ശ്രീകാന്ത് പറഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 209 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ നമീബിയ 116 റൺസിന് പുറത്തായി. 93 റൺസിന്റെ ഈ കൂറ്റൻ വിജയത്തോടെ ഇന്ത്യ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!